കാലാവധി ഒരുവര്‍ഷം; സ്റ്റൈപ്പന്റ് 10000 രൂപ
തിരുവനന്തപുരം: നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ നല്‍കുന്ന ഇന്റേണ്‍ഷിപ്പിന് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ഇന്റേണ്‍ഷിപ്പ് കാലയളവ് ഒരുവര്‍ഷത്തില്‍ അധികമാകരുതെന്നും ജി.എന്‍.എം നഴ്‌സിന് 9000 രൂപയും ബി.എസ് സി നഴ്‌സിന് 10000 രൂപയും പ്രതിമാസ സ്റ്റൈപ്പന്റ് നല്‍കണമെന്നതുമാണ് പ്രധാന നിര്‍ദേശം.
ഇന്റേണ്‍ഷിപ്പിന് അവസരം ഒരുക്കുന്ന സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ്, അവരുടെ കര്‍ത്തവ്യം, ഷെഡ്യൂള്‍ എന്നിവ പ്രസിദ്ധീകരിക്കണം. പരിശീലനത്തിനായി ഒരു ട്രെയിനിങ് കോ ഓര്‍ഡിനേറ്ററെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്.
കാലയളവ് പൂര്‍ത്തിയാക്കുമ്പോള്‍ അതത് സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വേണം. സ്ഥാപനത്തിലെ ആകെ നഴ്‌സുമാരുടെ എണ്ണത്തിന്റെ 25 ശതമാനത്തില്‍ താഴെമാത്രമേ ഇന്റേണ്‍ഷിപ്പിനായി നിയമിക്കാവൂ. ഒരു പ്രാവശ്യം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയയാളെ വീണ്ടും പരിശീലനത്തിനായി നിയമിക്കരുതെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വകാര്യ നഴ്‌സുമാരുടെ വേതനപരിഷ്‌കരണ ചര്‍ച്ചയില്‍ ഇന്റേണ്‍ഷിപ്പ് സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊഴില്‍ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വ്യവസായ ബന്ധ സമിതിയുടെ ഭേദഗതി നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാണ് മാര്‍ഗരേഖ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."