പശ്ചിമബംഗാളില്‍ നാശംവിതച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ്; ഏഴ് മരണം
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍, ബംഗ്ലാദേശ് തീരങ്ങളില്‍ തൊട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങള്‍. കൊല്‍ക്കത്തയിലും തീരദേശ ജില്ലകളിലും ആളുകളുടെ ജീവിതത്തെ ബാധിച്ചു. വിവിധ സ്ഥലങ്ങളിലായി ഏഴു പേര്‍ ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്.
12 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖേപുപാരക്കും ഇടയിലാണ് ചുഴലിക്കാറ്റ് വീശിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ കനത്ത മഴയുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. അതിനിടെ, പശ്ചിമബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മമതാ ബാനര്‍ജിയുമായി സംസാരിച്ചു. സംസ്ഥാനത്തിന് ആവശ്യമായ കേന്ദ്രസഹായം നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
Odisha: Villagers at a temporary shelter home set up in Balasore district after their huts were damaged. #CycloneBulbul pic.twitter.com/c8MbjV4fUj
— ANI (@ANI) November 10, 2019
150 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നായിരുന്നു മുന്നറിയിപ്പ്. മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണമായി വിഛേദിക്കപ്പെട്ടതായും നിരവധി വീടുകള്‍ തകര്‍ന്നു വീണതായും ഇന്ത്യന്‍ എക്‌സ്പ്രസ് രാവിലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊല്‍ക്കത്തയില്‍ മരിച്ചവരില്‍ 28കാരനും ഉള്‍പ്പെടുന്നു. മരം കടപുഴകി വീണാണ് 28കാരന്‍ മരിച്ചത്.
കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയിലും സൗത്ത് 24 പര്‍ഗാനകളിലുമാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ഹൗറ, ഹൂഗ്ലി, മുഷിദാബാജി ജില്ലകളില്‍ കനത്തമഴ തുടരും. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡ്, റെയില്‍, ബോട്ട്, വ്യോമ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബംഗ്ലാദേശിലേക്ക് കാറ്റ് നീങ്ങുംതോറും ശക്തി കുറഞ്ഞു വരുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും കണ്‍ട്രോള്‍ റൂമില്‍ തുടരുകയാണ്.
കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് 1.58 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. പശ്ചിമബംഗാളില്‍ ഇത് വരെ 318 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."