മുന്‍ സഹ. ഉദ്യോഗസ്ഥന്റെ ദുരൂഹമരണം; സ്വത്ത് തട്ടിയെടുക്കാന്‍ കൊല നടത്തിയെന്ന് ആരോപണം
കണ്ണൂര്‍: തളിപ്പറമ്പിലെ ഓണററി ക്യാപ്റ്റന്‍ ഡോ. പി. കുഞ്ഞമ്പു നായരുടെ മകന്‍ തിരുവനന്തപുരം പേട്ടയിലെ പി. ബാലകൃഷ്ണന്റെ ദുരൂഹമരണത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആക്ഷന്‍കമ്മിറ്റി. സംഭവത്തില്‍ ആക്ഷന്‍കമ്മിറ്റി നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ കോടതിയുടെ നിര്‍ദേശപ്രകാരം പത്തുദിവസം മുമ്പ് പൊലിസ് കേസെടുത്തിരുന്നു. കോടിക്കണക്കിനു രൂപയുടെ സ്വത്തിന് ഉടമയായ തിരുവനന്തപുരത്ത് സഹകരണവകുപ്പ് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ കൂടിയായിരുന്ന പി. ബാലകൃഷ്ണന്‍(80) 2011ല്‍ തിരുനന്തപുരത്ത് വന്നു കോഴിക്കോട് വരുന്നതിനിടെ കൊടുങ്ങല്ലൂരില്‍ വച്ചാണു മരിച്ചത്. തിരുവനന്തപുരത്തെയോ ചെന്നൈയിലുള്ള സഹോദരിമാരെയോ അറിയിക്കാതെ മൃതദേഹം ഭാരതപ്പുഴയോരത്തെ ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ മണിക്കൂറുകള്‍ക്കു മുമ്പ് മരിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടുതരില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നു നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണമാണെന്നു വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ തുടരന്വേഷണം ഉണ്ടായില്ല.
പിതാവിന്റെ പേരിലുള്ള സ്വത്ത് ഭാഗംവയ്ക്കാന്‍ തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസില്‍ കുഞ്ഞമ്പു നായരുടെ പെണ്‍മക്കള്‍ അനുകൂല വിധി സമ്പാദിച്ചിരുന്നു. വിധിക്കെതിരേ മറ്റൊരു മകന്‍ രമേശന്‍ പയ്യന്നൂരിലെ അഭിഭാഷകരെ സമീപിച്ചിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച രേഖകള്‍ ഉപയോഗിച്ച് സ്വത്ത് തട്ടിയെടുക്കുന്നതിനു ബാലകൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആക്ഷന്‍കമ്മിറ്റി ആരോപിച്ചു. തളിപ്പറമ്പിലെ ഡോക്ടറായിരിക്കെ 1992ല്‍ മരിച്ച കുഞ്ഞമ്പു നായര്‍ക്കു തളിപ്പറമ്പ്, പയ്യന്നൂര്‍ മേഖലകളിലായി 400 കോടിയോളം രൂപയുടെ സ്വത്തുണ്ടെന്നും ഇതു ഭാഗംവയ്ക്കാനാണു അഭിഭാഷകരെ സമീപിച്ചിരുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. മകന്‍ രമേശന്‍ ഹാജരാക്കിയതും പകര്‍ത്തിയെടുത്തതുമായ രേഖകള്‍ ഉപയോഗിച്ച് സ്വത്ത് കൈക്കലാക്കുകയും ചെയ്തു. അഭിഭാഷകര്‍ എന്ന സ്വാധീനം ഉപയോഗിച്ച് പയ്യന്നൂരിലെ ക്ഷേത്രത്തില്‍ നിന്നു കൃത്രിമമായി ഉണ്ടാക്കിയ വിവാഹ സര്‍ട്ടിഫിക്കറ്റും തെറ്റായ വിവരങ്ങള്‍ നല്‍കി സമ്പാദിച്ച പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ചാണു സ്വത്ത് കൈക്കലാക്കിയത്.
കോറോം വില്ലേജിലെ താമസക്കാരിക്കു പയ്യന്നൂര്‍ സ്വദേശി എന്ന രീതിയില്‍ വില്ലേജ് ഓഫിസര്‍ പിന്തുടര്‍ച്ചാവകാശി എന്നു ശുപാര്‍ശ ചെയ്താണു സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചത്. ഇവര്‍ക്കു പയ്യന്നൂരില്‍ റെസിഡന്‍ഷല്‍ സര്‍ട്ടിഫിക്കറ്റും നഗരസഭ അനുവദിച്ചു. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ബാലകൃഷ്ണന്റെ ബാങ്ക് നിക്ഷേപവും പിന്‍വലിച്ചു. പരിയാരം അമ്മനപ്പാറയിലെ 12 ഏക്കര്‍ ഭൂമിയിലെ ആറേക്കര്‍ ഭാര്യ എന്ന നിലയില്‍ ആധാരം ചെയ്യിച്ച് തട്ടിയെടുത്തു. തിരുവനന്തപുരം പേട്ടയിലെ വീട് ഉള്‍പ്പെടുന്ന ഭൂമിയും വില്‍പന നടത്തി. ബാലകൃഷ്ണന്റെ സര്‍വിസ് പെന്‍ഷന്‍ അനര്‍ഹയായ സ്ത്രീയാണു കൈപ്പറ്റുന്നത്. ഇവരുടെ സഹോദരീ ഭര്‍ത്താവിനു കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായും ആക്ഷന്‍കമ്മിറ്റി ചൂണ്ടിക്കാട്ടി.
രക്തബന്ധുക്കള്‍ തളിപ്പറമ്പില്‍ ഇല്ലാത്തതിനാല്‍ പിതാവിന്റെ പേരില്‍ തളിപ്പറമ്പിലുള്ള കോടിക്കണക്കിനു രൂപയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ബാലകൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ആക്ഷന്‍കമ്മിറ്റി ഭാരവാഹികളായ പദ്മന്‍ കോഴൂര്‍, എ. കൃഷ്ണന്‍, വിശ്വനാഥന്‍ പുതുക്കുളങ്ങര, കെ. ഹരിദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."