വാര്‍ഡ് മെംബര്‍ക്കെതിരേ പ്രതിഷേധം
എരുമപ്പെട്ടി: കടങ്ങോട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെംബര്‍ ദീപാ രാമചന്ദ്രനെതിരെ വാര്‍ഡ് നിവാസികളുടെ പ്രതിഷേധം. വ്യക്തി താല്‍പര്യം മുന്‍നിര്‍ത്തിയാണ് മെംബര്‍ വാര്‍ഡിലെ റോഡുകളുടെ നിര്‍മാണം നടത്തുന്നതെന്നാരോപിച്ച് ഗുണഭോക്തക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.
വെള്ളറക്കാട് ചിങ്ങ്യം കാവ് സീനിയര്‍ ഗ്രൗണ്ട് റോഡിനേയും മണ്ണാന്‍ക്കുന്ന് കാഞ്ഞങ്ങാട്ട് റോഡിനേയും വാര്‍ഡ് മെംബര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചത്. തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ട് കിടക്കുന്ന ഈ രണ്ട് റോഡുകളും മഴക്കാലമായതോടെ ചെളിനിറഞ്ഞ് കാല്‍നട യാത്രയ്ക്ക് പോലും കഴിയാത്ത സാഹചര്യത്തിലായിരിക്കുകയാണ്. റോഡുകളുടെ ശോചനീയാവസ്ഥ മനസിലാക്കിയ പഞ്ചായത്ത് ഭരണസമിതി ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ഥന പരിഗണിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് റോഡുകളുടെ പട്ടികയില്‍ ഈ രണ്ട് റോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി മെംബര്‍ തടഞ്ഞിരിക്കുകയാണ്. പക്ഷപാതപരമായി പെരുമാറുന്ന മെംബര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് നിവാസികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."