മെഡിക്കല്‍ കോളജ് ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് കവര്‍ച്ച; ഖൊ ഖൊ പരിശീലകന്‍ പിടിയില്‍
വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ക്യാംപസില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ ആക്രമിച്ച് ഒന്നര പവന്‍ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഖൊ ഖൊ പരിശീലകനായ യുവാവ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ് സ്വദേശി വെള്ളാം കുന്നില്‍ വീട്ടില്‍ മണികണ്ഠന്‍ (28) നെയാണ് പേരാമംഗലം സി.ഐ. ബി. സന്തോഷിന്റേയും മെഡിക്കല്‍ കോളജ് എസ്.ഐ. പി.യു. സേതുമാധവന്റേയും നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് നാലിന് മെഡിക്കല്‍ കോളജ് ക്യാംപസിലെ ഹോസ്റ്റലില്‍ നിന്ന് ആശുപത്രിയിലേക്ക് ജോലിയ്ക്കായി പോകുന്നതിനിടെ എറണാകുളം മലയാറ്റൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് ആക്രമണത്തിന് ഇരയായത്. ബൈക്കിലെത്തിയ മണികണ്ഠന്‍ മാല പൊട്ടിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ വിദ്യാര്‍ഥി എതിര്‍ത്തു. ശ്രമം പരാജയപ്പെട്ടതോടെ പെണ്‍കുട്ടിയെ ആക്രമിയ്ക്കുകയും താഴേയ്ക്ക് തള്ളിയിടുകയും ചെയ്തു. ഉറക്കെ കരയാന്‍ ശ്രമിച്ചപ്പോള്‍ വായ പൊത്തിപിടിച്ച് ഒന്നരപവന്‍ തൂക്കം വരുന്ന മാലയും സ്വര്‍ണഏലസും ഊരിയെടുക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിദ്യാര്‍ഥിനി പിന്തുടര്‍ന്നു. ശേഷം വിദ്യാര്‍ഥിനി പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരെ വിവരമറിയിക്കുകയായിരുന്നു. ഖോ ഖോ യില്‍ മികവ് പുലര്‍ത്തുന്ന യുവാവ് നിരവധി സ്‌കൂളുകളില്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന വ്യക്തിയാണ്. അപഹരിച്ച മാല വടക്കാഞ്ചേരി ഓട്ടുപാറയിലെ ഒരു സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തു. ഇവിടെ 15,000 രൂപയ്ക്ക് പണയം വച്ചിരിയ്ക്കുകയായിരുന്നു. ഷാഡോ പൊലിസ് അംഗങ്ങളും എസ്.ഐമാരുമായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍, എ.എസ്.ഐമാരായ പി.എം. റാഫി, എന്‍.ജി. സുവ്രത കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ കെ. ഗോപാലകൃഷ്ണന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ടി.വി ജീവന്‍, പി.കെ പഴനിസ്വാമി, എം.എസ്. ലിഗേഷ്, കെ.ബി വിപിന്‍ദാസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."