തൊഴിലാളിസമരം ഒത്തുതീര്‍പ്പായി
പാലക്കാട്: ജില്ലാ സഹകരണ ആശുപത്രി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ഭാരതീയ മസ്ദൂര്‍ സംഘം യൂനിയന്‍ അംഗങ്ങളായ തൊഴിലാളികള്‍ നടത്തി വന്ന പണിമുടക്ക് ഒത്തുതീര്‍പ്പായി. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രശ്നം പരിഹരിച്ചത്.
മാനേജ്മെന്റ്, തൊഴിലാളികള്‍, യൂനിയന്‍ ഭാരവാഹികള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷം ജില്ലാകലക്ടര്‍ നിര്‍ദേശിച്ച പ്രകാരം തൊഴിലാളികള്‍ക്ക് 1500 രൂപ ഇടക്കാലാശ്വാസമായി ശമ്പളത്തില്‍ വര്‍ധനവ് നല്കാന് മാനെജ്മെന്റ് സമ്മതിച്ചു.
തുടര്‍ന്ന് യൂനിയന്‍ ഭാരവാഹികളും തൊഴിലാളികളും നിര്‍ദേശം അംഗീകരിച്ചു.
സ്ഥാപനത്തിലെ ഒരു വിഭാഗം തൊഴിലാളികള്‍ക്ക് മാനേജ്മെന്റ് 2017 ജനുവരി മുതല്‍ നല്കിയ ഇടക്കാല ശമ്പളവര്‍ധനവ് തുകയായ 500 രൂപക്ക് പുറമെ ഓഗസ്റ്റ് 2017 മുതല്‍ 1000 രൂപ വര്‍ധനവ് നല്‍കും.
2017 ജനുവരി മുതല്‍ 500 രൂപ ശമ്പളവര്‍ധനവ് കൈപ്പറ്റിയിട്ടില്ലാത്ത തൊഴിലാളികള്‍ക്ക് 2017 ജനുവരി മുതല്‍ 2017 ജൂലൈ വരെയുള്ള 500 രൂപ വര്‍ധനവിന്റെ കുടിശ്ശിക നല്‍കാമെന്നും തുടര്‍ന്ന് ഓഗസ്റ്റ് 2017 മുതല്‍ 1500 രൂപ വര്‍ധനവ് നല്‍കാമെന്നും മാനെജ്മെന്റ് സമ്മതിച്ചു.
ഇതേ തുടര്‍ന്നാണ് ഭാരതീയ മസ്ദൂര്‍ സംഘം തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിക്കാന്‍ യൂനിയന്‍ ഭാരവാഹികള്‍ സമ്മതിച്ചത്.
സഹകരണ ആശുപത്രി മനേജിങ് ഡയറക്ടര്‍ മണികണ്ഠന്, വൈസ് പ്രസിഡന്റ് മുഹമ്മദ് അഷ്റഫ്, ജില്ലാ ലേബര്‍ ഓഫിസര്‍ (ജനറല്‍) സി.എം. സക്കീന, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.കെ. ബാബു, ഭാരതീയ മസ്ദൂര്‍ സംഘം ജില്ലാ സെക്രട്ടറി ബാലചന്ദ്രന്, യൂനിയന്‍ ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."