HOME
DETAILS
MAL
പ്രത്യുഷയുടെ വിവാഹം കേമമാക്കാന്‍ നബിദിനാഘോഷം മാറ്റിവച്ച് മഹല്ല് കമ്മിറ്റി
backup
November 12 2019 | 17:11 PM
കോഴിക്കോട്: പാലേരി ഇടിവെട്ടി മഹല്ല് നിവാസികള്‍ നബിദിനത്തിന് ഒത്തുചേര്‍ന്നത് പള്ളിക്കു സമീപത്തെ വിവാഹവീട്ടില്‍. ഇടിവെട്ടി ജുമാമസ്ജിദില്‍നിന്ന് കുറഞ്ഞ അകലം മാത്രമുള്ള പാലേരി ചെമ്മംകുഴി പരേതനായ നാരായണന് നമ്പ്യാരുടെയും ഇന്ദിരയുടെയും മകള്‍ പ്രത്യുഷയുടെ വിവാഹം കേമമാക്കാനാണു നബിദിന പരിപാടികള്‍ മാറ്റിവച്ച് മഹല്ല് നിവാസികള്‍ ഒത്തുചേര്‍ന്നത്.
നബിദിനമായ ഞായറാഴ്ചയാണ് പ്രത്യുഷയും കുട്ടികുന്നുമ്മല്‍ പ്രഭാകരന് നമ്പ്യാര്‍-മിനി ദമ്പതികളുടെ മകന് വിനുപ്രസാദും തമ്മില്‍ വിവാഹം നിശ്ചയിച്ചത്.
സാധാരണ നബിദിനത്തില്‍ തന്നെ മൗലിദ് പാരായണവും ഭക്ഷണവിതരണവും മദ്റസാ വിദ്യാര്‍ഥികളുടെ കലാവിരുന്നും റാലിയും നടത്താറാണു പതിവ്. എന്നാല്‍ മസ്ജിദിനു സമീപത്തെ വീട്ടില്‍ നടക്കുന്ന വിവാഹത്തിന് ഇതു തടസമാകരുതെന്ന് കരുതി മഹല്ല് കമ്മിറ്റി നബിദിനാഘോഷം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്മഹല്ല് പ്രസിഡന്റ് ഇ.വി മൊയ്തു ഹാജി, സെക്രട്ടറി എന്‍.സി അബ്ദുറഹിമാന്, വൈസ് പ്രസിഡന്റ് നടുവിലക്കണ്ടി സൂപ്പി, ജോയിന്റ് സെക്രട്ടറി പി.കെ ഗഫൂര്‍, അംഗങ്ങളായ ഒ.ടി ബഷീര്‍, തറമ്മല്‍ സൂപ്പി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണു 17ന് നബിദിനാഘോഷ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചത്. വിവാഹത്തിന്റെ തലേദിവസം വീട്ടില്‍ നടന്ന സല്‍ക്കാരത്തിലും ഞായറാഴ്ച രാവിലെ നടന്ന താലികെട്ടിലും മഹല്ല് നിവാസികളും ഭാരവാഹികളും പങ്കെടുത്തു.
സ്വന്തം വീട്ടില്‍നിന്ന് ഭര്‍തൃവീട്ടിലേക്കു പോകുംമുന്‍പ് അമ്മയോടും ബന്ധുക്കളോടും യാത്രപറഞ്ഞ ശേഷം ഭര്‍ത്താവിന്റെ കൈപിടിച്ച് പ്രത്യുഷ നേരെ പോയത് ളുഹര്‍ നിസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങിയ മഹല്ല് ഭാരവാഹികളോട് യാത്ര പറയാനും നന്ദി അറിയിക്കാനുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."