സാഹിത്യത്തിന്റെ പടിയിറക്കം സിനിമയില്‍ കുറ്റവാളികളെ വര്‍ധിപ്പിച്ചു: എം. മുകുന്ദന്‍
കോഴിക്കോട്: സാഹിത്യം പടിയിറങ്ങിയതോടെ സിനിമയില്‍ കുറ്റവാളികളുടെ സാന്നിധ്യം വര്‍ധിച്ചെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. പണ്ട് വലിയ നോവലുകള്‍ ഏറെയും സിനിമയാക്കുന്ന പ്രവണതയുണ്ടായിരുന്നു. നോവലുകള്‍ സിനിമയായിരുന്ന കാലത്ത് ഇന്നത്തെ പോലുള്ള അനിഷ്ട സംഭവങ്ങള്‍ നടന്നിരുന്നില്ല. ഇന്ന് നോവലുകള്‍ സിനിമയാക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. സിനിമയില്‍ നിന്ന് സാഹിത്യം പടിയിറങ്ങിയതോടെയാണ് പല തിന്മകളും മേഖലയില്‍ അരങ്ങേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 27ാമത് ഭീമാ ബാലസാഹിത്യ അവാര്‍ഡ് ദാനവും ഭീമ ഭട്ടര്‍ അനുസ്മരണവും കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ പുസ്തകം കണ്ടു വളരണം. അതിന് അച്ഛനും അമ്മയും വായിക്കുന്നത് അവര്‍ കാണണം. ഇന്ന് കുട്ടികള്‍ അത്തരം കാഴ്ച്ചകള്‍ കാണുന്നത് കുറവാണ്. അമ്മയെ ടിവിയുടെ മുന്നിലിരിക്കുന്നതും അച്ഛന്‍ മദ്യപിച്ചെത്തുന്നതുമാണ് കുട്ടികള്‍ കാണുന്നതെന്നും മുകുന്ദന്‍ പറഞ്ഞു. ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. ജയകുമാര്‍ അവാര്‍ഡ് വിതരണം ചെയ്തു. ബി. ഗിരിരാജന്‍ അധ്യക്ഷനായി. കെ. രാജേന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 18 വയസിന് താഴെയുള്ള കുട്ടികളുടെ കൃതിക്ക് ഏര്‍പ്പെടുത്തിയ സ്വാതികിരണ്‍ സ്മാരക പുരസ്‌കാരം മാസ്റ്റര്‍ എം.എം കാളിദാസന് വേണ്ടി അച്ഛന്‍ മോഹനന്‍ ഏറ്റുവാങ്ങി. സാഹിത്യകാരി കെ.പി. സുധീര, രവി പാലത്തുങ്കല്‍, എന്‍. രാധാകൃഷ്ണന്‍, കെ. രാജേന്ദ്രന്‍, കമാല്‍ വരദൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."