അതിവര്‍ഷത്തില്‍ തളര്‍ന്ന് തേന്‍ വിപണി
കല്‍പ്പറ്റ: അതിവര്‍ഷത്തെ തുടര്‍ന്ന് ഉല്‍പാദനം കുറഞ്ഞതോടെ ഇത്തവണ തേനിനും പൊള്ളുംവില.
പ്രളയത്തിന് മുമ്പ് വരെ കിലോക്ക് 2000 രൂപക്ക് താഴെ വിലയുണ്ടായിരുന്ന ചെറുതേനിന് ഇപ്പോള്‍ 2500 രൂപയായി. വന്‍തേനിനും പുറ്റ് തേനിനും വില വര്‍ധിച്ചു. വന്‍തേന്‍ കിലോക്ക് 400 രൂപക്കും പുറ്റ് തേന്‍ കിലോക്ക് 450 രൂപക്കുമാണ് ഇപ്പോള്‍ വില്‍ക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അമ്പത് ശതമാനത്തിന്റെ കുറവാണ് ഈ സീസണിലെ ഉല്‍പാദനത്തില്‍ ഉണ്ടായത്. തേന്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന ആദിവാസി വിഭാഗമായ തേന്‍കുറുമരുടെ ഉപജീവനവും പ്രതിസന്ധിയിലായിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ തേന്‍ ലഭിക്കുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് തേന്‍ ശേഖരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. വനത്തിനുള്ളിലെ തേന്‍കൂടുകള്‍ അതിമഴയില്‍ നശിച്ചതോടെ ജില്ലയിലെ ഒരു ഡസനിലധികം വരുന്ന പട്ടികവര്‍ഗ വനവിഭവ സംഭരണ സൊസൈറ്റികളിലേക്കുള്ള തേന്‍വരവും നിലച്ച മട്ടാണ്. കഴിഞ്ഞ സീസണില്‍ ശേഖരിച്ചതിന്റെ പാതിമാത്രമാണ് ഇത്തവണ സംഭരണ സൊസൈറ്റികളെത്തിയത്. കഴിഞ്ഞ സീസണില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ തേന്‍ ശേഖരിക്കുന്ന കല്ലൂര്‍ പട്ടികവര്‍ഗ വനവിഭവ സംഭരണ സൊസൈറ്റിയില്‍ 22,000 കിലോ തേനാണ് ശേഖരിച്ചത്. ഇത്തവണ ഇത് 12,000 കിലോയായി കുറഞ്ഞു.
അതേ സമയം ഒറിജിനലിന് ക്ഷാമം നേരിട്ടതോടെ വ്യാജന്മാര്‍ വിപണിയില്‍ യഥേഷ്ടമെത്തുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമായ കെമിക്കലുകളും ശര്‍ക്കരയും മറ്റും ചേര്‍ത്ത് വിപണിയിലിറക്കുന്ന തേനുകളും വിപണിയില്‍ സുലഭമായിരിക്കുകയാണ്. ഇതിനെതിരേ ശക്തമായ നടപടി വേണമെന്ന മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
നിലവില്‍ നേരത്തെ സംഭരിച്ച തേന്‍ സ്റ്റോക്കുള്ളതിനാല്‍ സംഭരണ കേന്ദ്രങ്ങളില്‍ കാര്യമായ പ്രതിസന്ധി ഉടലെടുത്തിട്ടില്ല.
സ്റ്റോക്ക് തീരുന്നതോടെ വില വീണ്ടും വര്‍ധിക്കാന്‍ ഇടയാകുമെന്നും ഇവര്‍ പറയുന്നു. കൃഷിയോ മറ്റ് തൊഴിലോ പരിചയമില്ലാത്ത തേന്‍കുറുമര്‍ക്കാണ് തേന്‍വിപണിയിലെ പ്രതിസന്ധി കനത്ത തിരിച്ചടിയാകുന്നത്. ഇവരുടെ സംരക്ഷണത്തിന് നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."