ഗള്‍ഫ് രാഷ്ടങ്ങളില്‍ അത്യുഷ്ണം; ആശങ്കയോടെ തൊഴിലാളികള്‍
മനാമ: ഒമാനൊഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ചൂട് ശക്തമായി. വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നിട്ടുണ്ട്. കുവൈത്തില്‍ കഴിഞ്ഞ ദിവസം 54 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഇതോടെ പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. കഠിനമായ ചൂടില്‍ ഏറെ നേരം നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കുവൈത്തിനു പുറമെ ബഹ്‌റൈനിലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.
ഇതിനിടെ നിരവധി പേര്‍ക്ക് സൂര്യാഘാതവും ഏറ്റിട്ടുണ്ട്. ചൂട് ഈ രീതിയില്‍ തന്നെ തുടര്‍ന്നാല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയുള്‍പ്പെടെയുള്ള പുറം ജോലികള്‍ അസാധ്യമാവുമെന്നാണ് കരുതുന്നത്.
ചൂട് കൂടിയ സാഹചര്യത്തില്‍ വിവിധ രാഷ്ട്രങ്ങള്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും രാത്രിയും ശക്തമായ ഹുമിഡിറ്റിയാണ് നിലനില്‍ക്കുന്നത്.
ബഹ്‌റൈനില്‍ തൊഴിലാളികളല്ലാത്തവര്‍ക്കും സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുണ്ട്. അത്യുഷണത്തെ തുടര്‍ന്ന് ചികിത്സതേടിയവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ വന്‍ വര്‍ധനയാണുണ്ടായതെന്നും ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് ഇക്കഴിഞ്ഞ മാസം 41 പേര്‍ സൂര്യാഘാതമേറ്റ് സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ചികിത്സതേടിയെത്തിയതായി അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
മാത്രവുമല്ല, അത്യുഷ്ണത്തെത്തുടര്‍ന്നു നിരവധിപേര്‍ക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മെയിലും ജൂണിലുമായി അഞ്ചു മുതല്‍ പത്തു കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അത്യുഷ്ണത്തെതുടര്‍ന്നു ദേഹാസ്വാസ്ഥ്യം, സ്‌ട്രെസ്, സൂര്യഘാതം, വിവിധ ത്വക്ക് രോഗങ്ങള്‍, കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയാണ് മിക്കവരെയും അലട്ടിയതെന്നും അധികൃതര്‍ സുപ്രഭാതത്തോട് വിശദീകരിച്ചു.
അതിനിടെ മുന്‍ വര്‍ഷത്തേക്കാള്‍ റെക്കോര്‍ഡ് ചൂടുള്ള കുവൈത്തില്‍ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് പൊള്ളലേല്‍ക്കുന്ന സംഭവങ്ങളുമുണ്ടായി. കുവൈത്തിലെ സബാഹിയയില്‍ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ ഒരു സിറിയന്‍ സ്ത്രീ മരിച്ചിരുന്നു.
ഖൈത്താനില്‍ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തം അണക്കുന്നതിനിടെ ആറു അഗ്‌നിശമന സേനാംഗങ്ങള്‍ക്കും പൊള്ളലേറ്റിരുന്നു. സാല്‍മിയ, ഫര്‍വാനിയ, ഫഹാഹീല്‍ എന്നിവിടങ്ങളിലും കഴിഞ്ഞ രണ്ടുദിവസത്തിനിടെ കെട്ടിടത്തില്‍ തീപിടിച്ച് അപകടമുണ്ടായി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരം പത്തോളം അപകടങ്ങളാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആളപായമോ വലിയ നഷ്ടങ്ങളോ ഇല്ലാത്ത ചെറിയ തീപിടിത്തം കുവൈത്തില്‍ പതിവായിരിക്കുകയാണ്.
കൊടും ചൂടില്‍ തീപിടിത്ത സാധ്യത കൂടുതലായതിനാല്‍ പെട്ടെന്ന് തീ പിടിക്കുന്നതും പടരുന്നതും തടയുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് അഗ്‌നിശമന സേനയുടെ മുന്നറിയിപ്പുണ്ട്. എളുപ്പത്തില്‍ തീപിടിക്കാന്‍ ഇടയുള്ള വസ്തുക്കള്‍ സുരക്ഷാ സംവിധാനങ്ങളോടുകൂടിയാണോ സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്.
ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവിനൊപ്പം ചൂടുള്ള കാറ്റും ആഞ്ഞുവീശുന്നതുമൂലം ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കുക പ്രയാസകരമാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.
ബഹ്‌റൈനില്‍ ചൂടു കൂടുന്നതിനാല്‍ ഭക്ഷ്യ വിഷബാധ ഏല്‍ക്കാനുള്ള സാഹചര്യവും കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നേരിട്ട് സൂര്യഘാതം ഏല്‍ക്കാതെയും സൂര്യാഘാതമേറ്റാല്‍ ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വൈദ്യ സഹായം തേടണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കുട്ടികള്‍, വിവിധ രോഗത്തിന് അടിമപ്പെട്ടവര്‍, വൃദ്ധര്‍ എന്നിവര്‍ക്കാണു വേനല്‍ക്കാലത്ത് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ വേഗത്തില്‍ ബാധിക്കുകയെന്നു വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.
ചൂടിനു പുറമെ പൊടിക്കാറ്റു കൂടി അടിച്ചു വീശുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്കു പുറമെ പൊതു ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിനൊപ്പം ട്രാഫിക് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."