തൊടുപുഴ ജയ്‌റാണി സ്‌കൂളില്‍ അടല്‍ ടിങ്കറിങ് ലാബ്
തൊടുപുഴ: ശാസ്ത്രസാങ്കേതികരംഗത്ത് ലോകോത്തര പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന്റെ നീതി ആയോഗ് തൊടുപുഴ ജയ്‌റാണി പബ്ലിക് സ്‌കൂളില്‍ അനുവദിച്ച അടല്‍ ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തൊടുപുഴ നഗരത്തില്‍ വിദ്യാര്‍ഥിറാലി സംഘടിപ്പിച്ചു.
സ്‌കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന റാലി സ്‌കൂളിന് മുന്നില്‍ തൊടുപുഴ ഡിവൈഎസ്പി എന്‍. എന്‍. പ്രസാദ് ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി മുനിസിപ്പല്‍ മൈതാനത്ത് സമാപിച്ചതിനെ തുടര്‍ന്ന് ചേര്‍ന്ന യോഗം പി .ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അടല്‍ ടിങ്കറിങ് ലാബിനായി 20 ലക്ഷം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സ്‌കൂളിന് അനുവദിച്ചത്. വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച പ്രൊജക്ടുകളുടെ അടിസ്ഥാനത്തില്‍ വിവിധഘട്ടങ്ങളിലായി നടന്ന പരിശോധനയിലൂടെ ജില്ലയില്‍ മൂന്നു സ്‌കൂളുകളെയാണ് പദ്ധതിക്ക് തെരഞ്ഞെടുത്തത്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പത്തു ലക്ഷം രൂപയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു വര്‍ഷത്തേക്ക് പത്തു ലക്ഷം രൂപയുമാണ് വിനിയോഗിക്കേണ്ടത്. 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുറിയിലാണ് ലാബ് സജ്ജീകരിക്കുന്നത്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് പൊതുജനങ്ങളെ രക്ഷിക്കാന്‍ ഉതകുന്ന ഇലക്‌ട്രോണിക് സംവിധാനത്തിന്റെയും സ്‌കൂള്‍ ബസുകളില്‍ അമിതമായി കുട്ടികളെ കയറ്റിയാല്‍ അധികാരികളെ ഉടനെ വിവരം അറിയിക്കുന്ന അലര്‍ട്ടിങ് സംവിധാനത്തിന്റെയും പ്രവര്‍ത്തനമാണ് ജയ്‌റാണി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പ്രൊജക്ടായി സമര്‍പ്പിച്ചത്. ഇതിന് വിലയിരുത്തിയാണ് സ്‌കൂളിനെ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."