എയ്യാല്‍ ഗ്രാമത്തിന്റെ നന്‍മ, സുഭാഷിണിക്കും മകള്‍ക്കും ഇനി സ്വന്തം വീട്ടില്‍ താമസിക്കാം
എരുമപ്പെട്ടി: എയ്യാല്‍ ഗ്രാമത്തിന്റെ നന്‍മ, സുഭാഷിണിക്കും മകള്‍ക്കും ഇനി സ്വന്തം വീട്ടില്‍ താമസിക്കാം. ജപ്തി ഭീഷണി നിലനില്‍ക്കുന്ന ഈ നിര്‍ധന കുടുംബത്തെ കുറിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
ജപ്തി നടപടിയെ തുടര്‍ന്ന് സ്വന്തം വീടിന്റെ പടിയിറങ്ങാന്‍ ദിനങ്ങളെണ്ണി കാത്തിരുന്ന വിധവയായ സുഭാഷിണിയ്ക്കും മനോവൈകല്യമുള്ള മകള്‍ക്കും എയ്യാല്‍ ഗ്രാമനിവാസികളുടെ കരുതല്‍.
മനസില്‍ കാര്യണ്യത്തിന്റെ ഉറവ വറ്റാത്ത ഉദാരമതികള്‍ കൈകോര്‍ത്തപ്പോള്‍ ഈ നിരാലംബരായ അമ്മയ്ക്കും മകള്‍ക്കും ലഭിച്ചത് സംരക്ഷണവും ജീവിതവുമാണ്. ഹൃദയ രക്തധമനികള്‍ക്ക് അസുഖം ബാധിച്ച് മരിച്ച സുഭാഷിണിയുടെ ഭര്‍ത്താവ് എയ്യാല്‍ രാമാട്ട് ഉണ്ണികൃഷ്ണന്റെ ചികിത്സയ്ക്കായി വീടിന്റെ ആധാരം പണയപ്പെടുത്തി കേച്ചേരി സഹകരണ ബാങ്കില്‍ നിന്നും എടുത്ത വായ്പയാണ് തിരിച്ചടവ് വീഴ്ചയായതിനെ തുടര്‍ന്ന് ജപ്തി നടപടികള്‍ക്ക് ഇടയാക്കിയത്. മുതലും പലിശയുമടക്കം നാലര ലക്ഷം രൂപയാണ് ബാങ്കിന് അടയ്ക്കുവാനുണ്ടായിരുന്നത്. മനോവൈകല്യത്തോടൊപ്പം എല്ല് പൊടിയുന്ന അപൂര്‍വ്വ രോഗമുള്ള മകള്‍ക്കും ഹൃദയ സംബന്ധമായ അസുഖമുള്ള സുഭാഷിണിക്ക് മരുന്നിനും ഉപജീവനത്തിനുമായി നെട്ടോട്ടമോടുന്നതിനിടയില്‍ ഭീമമായ തുകയെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. ഈ സാഹചര്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന എയ്യാല്‍ ഇസ്‌ലാമിക് ദഅവ ചാരിറ്റി ഈ കുടുംബത്തിനെ കടക്കെണിയില്‍ നിന്നും കരകയറ്റാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
ജനപ്രതിനിധികള്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും ക്ലബ്ബുകളേയും ഉള്‍പ്പെടുത്തി കുടുംബ സഹായ സമിതി രൂപീകരിച്ചു. ഭാരവാഹികള്‍ ബാങ്ക് അധികൃതരെ സമീപിച്ച് ഇവരുടെ അവസ്ഥ ബോധ്യപ്പെടുത്തി. അദാലത്ത് വഴി തിരിച്ചടവുള്ള നാലര ലക്ഷം രൂപ 80,000 മായി കുറവ് വരുത്തുകയും ചെയ്തു.തുടര്‍ന്ന് വ്യക്തികളില്‍ നിന്നും ക്ലബ്ബുകളില്‍, സംഘടനകളില്‍ നിന്നും ആവശ്യമായ തുക സ്വരൂപിച്ച് ബാങ്കിലടച്ച് ഇവരുടെ പണയപ്പെടുത്തിയ ആധാരം തിരിച്ചെടുത്ത് നല്‍കുകയായിരുന്നു. ആധാര കൈമാറ്റ ചടങ്ങില്‍ സമിതി പ്രസിഡന്റ് ഒ.എം.കാസിം, സെക്രട്ടറി അനീഷ് എയ്യാല്‍, ട്രഷറര്‍ പി.കെ.രാമകൃഷ്ണന്‍, രക്ഷാധികാരികളും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമായ കെ.ആര്‍ സിമി, പി.സി.ഗോപാലകൃഷ്ണന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ രാജന്‍ എലവത്തൂര്‍, ദഅവാ ഭാരവാഹി കെ.സി.ഷെബീര്‍ എന്നിവര്‍ പങ്കെടുത്തു. അധികമായി ലഭിച്ച 30,000 രൂപയും ചടങ്ങില്‍ സുഭാഷിണിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."