മാണിയുടെ പടിയിറക്കം നിലനില്‍പ്പിന്റെ പ്രായോഗികരാഷ്ട്രീയത്തിലേക്ക്
ആലപ്പുഴ: മൂന്നു പതിറ്റാണ്ടുനീണ്ട മുന്നണിബന്ധം വിച്ഛേദിച്ച് കെ.എം മാണി പടിയിറങ്ങുന്നത് നിലനില്‍പ്പിന്റെ പ്രായോഗിക രാഷ്ട്രീയം പയറ്റാന്‍. അനുരഞ്ജനത്തിന് ഇടനല്‍കാതെ 35 വര്‍ഷത്തെ മുന്നണിബന്ധം അവസാനിപ്പിച്ച് യു.ഡി.എഫില്‍ നിന്നു പടിയിറങ്ങുമ്പോള്‍ കെ.എം മാണിക്ക് മുന്നില്‍ ലക്ഷ്യങ്ങള്‍ നിരവധിയാണ്. സ്വതന്ത്രനിലപാടിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം പരമാവധി നേടുക.
ലോക്‌സഭാതെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിച്ച് ജനകീയപിന്തുണ തിരിച്ചുപിടിക്കുക. ബാര്‍കോഴ കേസില്‍ ക്ലീന്‍ചിറ്റ് നേടി പുറത്തുവരിക. നിയമസഭയിലും പാര്‍ലമെന്റിലും സ്വതന്ത്രനിലപാട് സ്വീകരിക്കുന്നതിലൂടെ ഇവിടെ എല്‍.ഡി.എഫിന്റെയും ഡല്‍ഹിയില്‍ ബി.ജെ.പിയുടെ സഹായവും മാണി പ്രതീക്ഷിക്കുന്നുണ്ട്. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആകുന്നതിലൂടെ ഭരണപക്ഷ അനുകൂല നിലപാട് സ്വീകരിക്കുക തന്നെയാണു ലക്ഷ്യം. ഇതിലൂടെ ബാര്‍കോഴ കേസില്‍ നിന്ന് ഊരിപ്പോരുക തന്നെ പ്രഥമ ലക്ഷ്യം.
ഏറ്റവും കൂടുതല്‍ കാലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള കെ.എം.മാണി ബാര്‍കോഴ കേസ് മുന്‍നിര്‍ത്തി മാത്രമല്ല മുന്നണി വിടുന്നത്. മുഖ്യമന്ത്രിപദമെന്ന മോഹം തട്ടിത്തെറിപ്പിച്ചതും ജോസ് കെ. മാണിക്ക് അവസാനനിമിഷം വരെ യു.പി.എ മന്ത്രിസഭയില്‍ പ്രാതിനിധ്യം വാഗ്ദാനം ചെയ്തു പറ്റിച്ചതും മാണിയുടെ കോണ്‍ഗ്രസിനോടുള്ള ശത്രുതയുടെ പ്രധാന കാരണമാണ്.
1970കളുടെ അവസാനം വരെ പ്രായോഗികരാഷ്ട്രീയത്തിന്റെ വക്താവായിരുന്നു കെ.എം മാണി. 1981ല്‍ യു.ഡി.എഫിലേക്ക് വഴിതിരിഞ്ഞു. ഇതിനിടെ ആര്‍.ബാലകൃഷ്ണപിള്ളയും പി.ജെ ജോസഫും വിട്ടുപോയെങ്കിലും മാണി യു.ഡി.എഫില്‍ ഉറച്ചുനിന്നു. സീറ്റുകളുടെയും സ്ഥാനമാനങ്ങളുടെയും പേരില്‍ ഇടയ്ക്കിടെ കലഹിച്ചെങ്കിലും മുന്നണി വിടുമെന്ന ഭീഷണി ഒരിക്കലും മാണി ഉയര്‍ത്തിയില്ല.
2009ല്‍ പി.സി ജോര്‍ജിനെയും 2010ല്‍ പി.ജെ ജോസഫിനെയും കൂടെയെത്തിച്ച് യു.ഡി.എഫിന്റെ ശക്തി കൂട്ടാനും മാണി തയാറായി. എന്നാല്‍, ബാര്‍കോഴ വിവാദം ഉയര്‍ന്നതോടെ 50 വര്‍ഷം നീണ്ട രാഷ്ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കരിവാരിത്തേച്ചുവെന്ന ഉറച്ച വിശ്വാസത്തോടെയാണ് കെ.എം.മാണിയുടെ പടിയിറക്കം. ഇതിനുപുറമേ രമേശ് ചെന്നിത്തലയെ യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവായി വാഴിച്ചതും പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഉപനേതാവ് സ്ഥാനം നല്‍കിയതും മാണിയുടെ പ്രകോപനത്തിന് ആക്കം കൂട്ടി.
പി.ടി ചാക്കോയെ അപമാനിച്ചവര്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നും മാണി ഒരുഘട്ടത്തില്‍ തുറന്നടിച്ചു. തല്‍ക്കാലം കോണ്‍ഗ്രസിനൊപ്പം തുടരുന്നത് ആത്മഹത്യാപരവും പാര്‍ട്ടിയുടെ നാശത്തിനും കാരണമാകുമെന്ന നിലപാടിലേക്ക് മാണി എത്തി. പിളര്‍പ്പുകളുടെ ചരിത്രം പേറുന്ന പാര്‍ട്ടിയില്‍ പി.ജെ ജോസഫിനെ ഒപ്പം നിര്‍ത്തി മുന്നണിബന്ധം വിച്ഛേദിക്കാന്‍ തീരുമാനമെടുത്തത് മാണിക്ക് ആദ്യഘട്ടത്തില്‍ വിജയമായി.
എന്നും പാര്‍ട്ടിയുടെ ശക്തിയും മാര്‍ഗദര്‍ശികളുമായ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ പിന്തുണയും തല്‍ക്കാലം അനുകൂലമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2019 ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് കേരളാ കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെടുമെന്ന പ്രതീക്ഷയില്‍ തന്നെയാണു മാണി. അതിനു മുന്‍പ് രാഷ്ട്രീയ അടിത്തറയും വിലപേശല്‍ ശക്തിയും കൂട്ടണം.
മധ്യതിരുവിതാകൂറില്‍ ക്രൈസ്തവസഭകളില്‍ ശക്തമായ സ്വാധീനമുള്ള കേരളാ കോണ്‍ഗ്രസ് (എം) ന്റെയും കെ.എം മാണിയുടെയും ബന്ധങ്ങള്‍ അത്രവേഗം തള്ളിക്കളയാന്‍ മുന്നണി രാഷ്ട്രീയത്തിന് കഴിയില്ല. അതു തന്നെയാണ് നിലനില്‍പ്പുകളുടെ പ്രായോഗിക രാഷ്ട്രീയത്തിലേക്ക് മടങ്ങി വന്ന കെ.എം മാണിയുടെയും പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."