മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അനുഗ്രഹമാവുന്നു:കൊയിലാണ്ടി ദേശീയപാതക്ക് ശാപമോക്ഷം
കൊയിലാണ്ടി: മാസങ്ങളായി കൊയിലാണ്ടി ദേശീയപാതയില്‍ കുണ്ടും കുഴിയും കാരണം ജനങ്ങള്‍ക്ക് യാത്രാദുരിതമായിരുന്നു. ചെങ്ങോട്ട്കാവ് റെയില്‍വേ മേല്‍പ്പാലം മുതല്‍ പാലക്കുളം വരെയുള്ള ഭാഗങ്ങള്‍ മീറ്ററുകളോളം വലുപ്പത്തില്‍ തകര്‍ന്ന് വലിയ കുഴികളായതിനാല്‍ യാത്രക്കാര്‍ ഗുരുതരമായ യാത്രാക്ലേശമാണ് അനുഭവിച്ചിരുന്നത്.
റോഡ് നന്നാക്കണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നെങ്കിലും യാത്രക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല.
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ യാത്ര നടത്തിയവര്‍ക്ക് നിരന്തരം അപകടങ്ങള്‍ പിണഞ്ഞിട്ടും തിരിഞ്ഞ് നോക്കാതിരുന്ന എന്‍.എച്ച് അധികൃതര്‍ മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച് റോഡിലെ കുണ്ടും, കുഴിയും അടക്കാന്‍ റോഡ് റോളറിന്റെ അകമ്പടിയോടെ മെറ്റലും, ടാറുമായി രംഗത്ത് വന്നതാണ് ജനത്തിന് ഇപ്പോള്‍ ആശ്വാസമായത്. സാധാരണക്കാരായ ജനത്തിന്റെ ജീവന് വില കല്പിക്കാത്ത അധികാരികള്‍ മന്ത്രിമാരുടെ യാത്ര സുരക്ഷിതമാക്കാന്‍ പെടാപാട് കാണിക്കുന്നത് ജനത്തിനിടയില്‍ സംസാര വിഷയമാകുന്നു.
മുഖ്യമന്ത്രി നെസ്റ്റ് പാലിയേറ്റീവ് സെന്റര്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിടുന്നതിനാണ് ഇന്ന് കൊയിലാണ്ടിയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."