കൗമാര കലോത്സവത്തിന് ഇന്ന് നെയ്യാറ്റിന്‍കരയില്‍ തിരി തെളിയും
ബിനുമാധവന്‍
നെയ്യാറ്റിന്‍കര: കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലയുടെ മാമാങ്കത്തിന് ഇന്ന് നെയ്യാറ്റിന്‍കരയുടെ മണ്ണില്‍ തിരി തെളിയും.
പ്രളയം വരുത്തി വച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ച പ്രകാരം ആര്‍ഭാടങ്ങളും ആഘോഷങ്ങളും മാറ്റിവച്ചുള്ള റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവമാണ് ഇന്നും നാളെയുമായി നെയ്യാറ്റിന്‍കരയിലെ വിവിധ വേദികളിലായി സജ്ജീകരിച്ചിട്ടുള്ള 16 വേദികളിലായി നടക്കുക. മേളയില്‍ നാലായിരത്തോളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. കലോത്സവത്തിന് പൊലിമ നല്‍കുന്ന വിളംബര ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും കാണുകയില്ല. മുന്‍ നിശ്ചയിച്ച പ്രകാരമാണിത്. മത്സര ഇനങ്ങളുടെ എണ്ണത്തിലും മുന്‍ വര്‍ഷങ്ങിലെതു പോലെ തന്നെയാണ്.
പ്രധാന വേദിയായ നെയ്യാറ്റിന്‍കര ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെ 9.30 ന് മത്സരങ്ങള്‍ ആരംഭിക്കും. ഹൈസ്‌കൂള്‍ , ഹയര്‍ സെക്കന്‍ഡറി വിഭാഗം തിരുവാതിര , നാടോടി നൃത്തം എന്നീ ഇനങ്ങളാണ് ഇവിടെ നടക്കുക. നെയ്യാറ്റിന്‍കര ജെ.ബി.എസില്‍ രാവിലെ 9.30 ന് കുച്ചുപ്പുടി , സംഘനൃത്തം എന്നിവയും 3-ാം വേദിയായ നെയ്യാറ്റിന്‍കര ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 ന് വട്ടപ്പാട്ട് , ഒപ്പന എന്നീ മത്സരങ്ങളും അരങ്ങേറും.
നാലാം വേദിയായ നെയ്യാറ്റിന്‍കര ടൗണ്‍ ഹാളില്‍ നാടക മത്സരങ്ങളും മുകാഭിനയവും നടക്കും. അഞ്ചാം വേദിയായി ചിട്ടപ്പെടുത്തിയിരിക്കുന്ന നെയ്യാറ്റിന്‍കര ജി.എച്ച്.എസ്.എസില്‍ മിമിക്രിയും മോണോ ആക്ടും അരങ്ങേറും. പ്രസംഗ മത്സരവും അക്ഷരശ്ലോക മത്സരവും അരങ്ങേറുന്നത് കോണ്‍ വെന്റ് റോഡിലുള്ള ടീച്ചേഴ്‌സ് ഓഡിറ്റോറിയത്തിലാണ്.
ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത് നെയ്യാറ്റിന്‍കര ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. ആകെ മത്സര ഇനങ്ങള്‍ 189. ആകെ വേദികള്‍ 16. നെയ്യാറ്റിന്‍കര ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (പ്രധാന വേദി) ഇന്ന് പ്രധാനമായും മത്സരങ്ങള്‍ അരങ്ങേറുന്നത്. കലോത്സവത്തിനായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."