പുനലൂരില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നു
പുനലൂര്‍: ശബരിമല ദര്‍ശനത്തിനായി പുനലൂരില്‍ എത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്ക് പ്രാധമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും കുളിക്കുന്നതിനും വിരിവച്ചു വിശ്രമിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ നാളെ മുതല്‍ പൂര്‍ണമായി ഒരുക്കിക്കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മണ്ഡല ഉത്സവം തുടങ്ങി ദിവസങ്ങളായിട്ടും തീര്‍ഥാടകര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സുപ്രഭാതം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വര്‍ഷങ്ങളായി ഇവിടെ എത്തിച്ചേരുന്നവര്‍ക്ക് കല്ലടയാറിന്റെ തീരത്ത് ഡി.ടി.പി.സി നിര്‍മിച്ച സ്‌നാന ഘട്ടത്തിലും അനുബന്ധിച്ചുള്ള കെട്ടിട സമുച്ചയത്തിലുമാണ് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. കഴിഞ്ഞവര്‍ഷം ഡി.ടി.പി.സി സ്വകാര്യ വ്യക്തിക്ക് ലേലത്തില്‍ നല്‍കിയിരുന്നെങ്കിലും കരാറുകാരന്‍ സ്‌നാന ഘട്ടവും അനുബന്ധ കെട്ടിടങ്ങളും തുറന്നുപ്രവര്‍ത്തിപ്പിച്ചില്ല. അതിനെ തുടര്‍ന്ന് ഇവിടം സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി. അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ പ്രദേശം കാടുമൂടിക്കഴിഞ്ഞു. കാലാവധി കഴിഞ്ഞിട്ടും കരാറുകാരന്‍ ഒഴിഞ്ഞുപോകാന്‍ തയാറാകാത്തതാണ് ഇത്തവണ സ്‌നാന ഘട്ടം തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയാതിരുന്നത്.
വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന് ഡി.ടി.പി.സി, കെട്ടിടങ്ങളുടെ മേല്‍നോട്ടം ഏറ്റെടുത്തിരുന്നു. സുരക്ഷയ്ക്ക് ഉള്‍പ്പെടെ മൂന്നു ജീവനക്കാരെ നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് നഗരസഭാ ജീവനക്കാരും ഡി.ടി.പി.സി നിയോഗിച്ച ജോലിക്കാരും ചേര്‍ന്നു പരിസരങ്ങള്‍ വൃത്തിയാക്കി. വാട്ടര്‍ അതോറിറ്റി വെള്ളം നല്‍കുന്നതിനുള്ള നടപടിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ സ്‌നാനഘട്ടം ഭക്തര്‍ക്ക് തുറന്നുകൊടുക്കുമെന്നു ഡി.ടി.പി.സി സെക്രട്ടറി സന്തോഷ് കുമാര്‍ പറഞ്ഞു.
ഇതിനിടെ, സ്‌നാനഘട്ടം നവീകരിക്കുന്നതിനു 77 ലക്ഷം അനുവദിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണ പ്ലാന്റ്, സ്‌നാന ഘട്ടത്തിന് ചുറ്റുവേലി, കൈവരി, സുരക്ഷാ ജീവക്കാര്‍ക്കുള്ള കൗണ്ടര്‍, കക്കൂസ് സമുച്ചയത്തിലെ അറ്റകുറ്റപ്പണികള്‍, ലോക്കര്‍ സൗകര്യങ്ങള്‍, ആറ്റുതീരത്ത് ഇരിക്കുന്നതിനുള്ള ബഞ്ച് തുടങ്ങിയവയും ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."