പിന്നോക്കക്കാരന്റെ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ പ്രസക്തിയേറുന്നു: സമദാനി
കൊച്ചി: രാജ്യത്ത് പിന്നോക്ക ദലിത് വിഭാഗങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് പ്രസക്തിയേറുന്ന സാഹചര്യമാണ് നിലവിലുളളതെന്ന് മുസ്‌ലിംലീഗ് ദേശിയ സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ എം.പി.അബ്ദുസ്സമദ് സമദാനി.
മണ്ഡല്‍കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് വരേണ്യവര്‍ഗത്തിന്റെ സങ്കുചിത മനോഭാവങ്ങള്‍ പലപ്പോഴും തടസമായിട്ടുണ്ട്. സംവരണം പിന്നോക്കാദി വിഭാഗങ്ങളുടെ അവകാശമാണ്. മറിച്ച് സവര്‍ണന്റെ ഔദാര്യമല്ല. ജനാധികാരത്തിന്റെ കുത്തൊഴുക്കാണ് ജനാധിപത്യം. അത് അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉന്നമനത്തിലൂടെ മാത്രമെ പൂര്‍ണമാകുകയുളളൂ.
അധികാരം പിന്നോക്കക്കാരന് നിഷേധിക്കാന്‍ ഉദ്യോഗസ്ഥപ്രഭുത്വവും കൂട്ടുനിന്നിരുന്നു. 'മണ്ഡല്‍കമ്മിഷന്‍ റിപ്പോര്‍ട്ട് സാമൂഹ്യവിപ്ലവത്തിന്റെ 25 സംവത്സരങ്ങള്‍' എന്ന പേരില്‍ യുവജനതാദള്‍(യു) സംസ്ഥാന കമ്മിറ്റി കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുപാട് ആശയങ്ങളുടെ പ്രതീകമായ മണ്ഡല്‍കമ്മിഷന്‍ റിപ്പോര്‍ട്ട് വിസ്മരിക്കപ്പെടേണ്ട ഒന്നല്ല. സംവരണം പോലുള്ള ഭരണഘടനാദത്തമായ അവകാശത്തെ ഗൗരവത്തോടെ കാണേണ്ട സാമൂഹ്യപ്രസ്ഥാനങ്ങള്‍ ഇക്കാര്യം പലപ്പോഴും വിസ്മരിക്കുന്നു. ഇന്ത്യന്‍ സ്ഥിതിഗതികളെ സാമൂഹികമായി വിശകലനം ചെയ്താലേ അതിന്റെ മര്‍മം മനസിലാവുകയുള്ളൂ.
രാജ്യത്തെ ദലിതരും പിന്നോക്കക്കാരനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത് സമ്പത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരിലല്ല. മറിച്ച് അവരുടെ ജന്മ പശ്ചാത്തലമാണ്. ഇതു തിരുത്താനാണ് ഭരണഘടനയില്‍ സംവരണം ഏര്‍പ്പെടുത്തിയത്. സംവരണം ഭരണഘടനയുടെ ആത്മാവാണെന്നും അത് ആര്‍ഭാടമല്ല അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംവരണം ഒരിക്കലും ജാതി അധിഷ്ഠിതമാകരുത്. ജാതിവിരുദ്ധതയില്‍നിന്നുളള സംവരണമായിരിക്കും കൂടുതല്‍ സമ്പൂര്‍ണത കൈവരിക്കുന്നത്.
ജനങ്ങളെ അധികാരികള്‍ ഒരേ കണ്ണിലൂടെ നോക്കിക്കാണണം. ഭരണഘടനയിലെ ഈ കാഴ്ചപ്പാടിന്റെ നിര്‍വഹണത്തിനാണു സംവരണം ഏര്‍പ്പെടുത്തിയത്. ജനാധിപത്യത്തിന്റെ മര്‍മം കണ്ടെത്താനുള്ള വഴി കൂടിയാണിത്. എന്നാല്‍ രാജ്യത്ത് ദലിതരുടെ ഉപജീവനത്തിന്റെ തൊഴില്‍ പോലും അംഗീകരിച്ച് കൊടുക്കാന്‍ വരേണ്യവര്‍ഗം തയാറാകുന്നില്ലെന്നുളളതാണു ഖേദകരം.
ചടങ്ങില്‍ യുവജനതാദള്‍(യു) സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍ അധ്യക്ഷത വഹിച്ചു. ജനതാദള്‍ (യു) സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, തോമസ് മാത്യു, അഗസ്റ്റിന്‍ കോലഞ്ചേരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."