ആമില്‍ വിസ നിര്‍ത്തലാക്കുമോ ? നിലപാട് വ്യക്തമാക്കി സഊദി തൊഴില്‍ മന്ത്രാലയം
റിയാദ്: രാജ്യത്ത് വ്യാപകമായി പ്രചാരത്തിലുള്ള ആമില്‍ (ലേബര്‍) തസ്തിക ഒഴിവാക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം. ഇത്തരം വിസകള്‍ തീര്‍ത്തും ഒഴിവാക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും തൊഴില്‍ മന്ത്രാലയമോ മന്ത്രാലയ ഉദ്യോഗസ്ഥരോ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി.
ആമില്‍ വിസ പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നുവെന്നും പരീക്ഷകള്‍ നടത്തി വിവിധ പ്രൊഫഷനുകളിലേക്ക് വിദേശികള്‍ക്ക് പ്രൊഫഷന്‍ മാറ്റം അനുവദിക്കുമെന്നുമായിരുന്നു രണ്ടു ദിവസം മുമ്പ് പുറത്ത് വന്ന വാര്‍ത്തകള്‍.
തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിലെ പ്രൊഫഷനല്‍ എക്‌സാമിനേഷന്‍ പ്രോഗ്രാം ഡയറക്ടര്‍ നായിഫ് അല്‍ഉമൈറിനെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക പത്രങ്ങളാണ് തൊഴില്‍ വിസ നിര്‍ത്തലാക്കുമെന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ലക്ഷകണക്കിന് വിദേശികള്‍ ആശങ്കയിലായിരുന്നു. എന്നാല്‍, വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് തൊഴില്‍ മന്ത്രായലയം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ സമീപിക്കണമെന്ന് മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.
അതേസമയം, പ്രൊഫഷനല്‍ പരീക്ഷാ പദ്ധതിയെ കുറിച്ച് മന്ത്രാലയം നിഷേധക്കുറിപ്പ് ഇറക്കിയിട്ടില്ല. ഈ തീരുമാനവുമായി മുന്നോട്ടുപോകുമെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. അടുത്ത മാസം മുതല്‍ പരീക്ഷകള്‍ ആരംഭിക്കുമെന്നും ഇന്ത്യക്കാര്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഉള്‍പ്പെടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."