ഫാത്തിമയുടെ മരണം: 25 ഓളം പേരെ ചോദ്യം ചെയ്തു, ആരും അധ്യാപകര്‍ക്കെതിരേ മൊഴി നല്‍കിയില്ല, പൊലിസും കോളേജ് അധികൃതരും ഒത്തുകളിക്കുകയാണെന്ന് പിതാവ്
ചെന്നൈ: ഐ.ഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ പൊലിസും കോളേജ് അധികൃതരും ഒത്തുകളിക്കുകയാണെന്ന് പിതാവ് ലത്തീഫ്.
രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടാകുമ്പോഴും, ആഭ്യന്തര അന്വേഷണം വേണ്ടെന്ന തീരുമാനത്തിലാണ് മദ്രാസ് ഐ.ഐ.ടി. ഇത് സൂചിപ്പിക്കുന്നത് മറ്റൊന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
ജാതി വിവേചനം നേരിട്ടെന്ന ആരോപണം ഐ.ഐ.ടി.യെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമെന്നാണ് കോളേജ് അധികൃതര്‍ വിശദീകരിക്കുന്നതും.
ഫാത്തിമയുടേത് ആത്മഹത്യയല്ലെന്നും വിഷയം തമിഴ്‌നാട് നിയമസഭയില്‍ ഉന്നയിക്കുമെന്നും എം.കെ സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ക്രൈംബ്രാഞ്ച് ഇന്ന് മദ്രാസ് ഐ.ഐ.ടി ഡയറക്ടറെ ചോദ്യം ചെയ്യുമെന്നറിയുന്നു. ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരേ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘവും വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ഗവര്‍ണര്‍ക്കും മദ്രാസ് ഐ.ഐ.ടി അധികൃതര്‍ക്കും ഫാത്തിമയുടെ കുടുംബം ഇന്ന് പരാതി നല്‍കും.
ഇനി ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കുടുംബത്തിന് പ്രതീക്ഷയുള്ളൂ. അധ്യാപകരുടെ വംശീയവും മതപരവുമായ അവഹേളനത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. എന്റെ പേരുതന്നെ ഒരു പ്രശ്നമാണ് വാപ്പിച്ചാ എന്ന് ഫാത്തിമ പറഞ്ഞിരുന്നതായി പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് ചില അധ്യാപകര്‍ക്ക് പ്രശ്നമായിരുന്നു. തന്റെ മകളുടെ മരണത്തില്‍ അജ്ഞാതമായ എന്തോ കാരണമുണ്ട്. ഹ്യൂമാനിറ്റിസ് അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ വിദ്യാര്‍ഥികളെ കരയിപ്പിക്കുന്നതായി മകള്‍ പറഞ്ഞിരുന്നു.
തന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ഫാത്തിമയുടെ ഫോണില്‍ കുറിപ്പുണ്ട്. എന്നാല്‍ ഇദ്ദേഹത്തെ പൊലിസ് അറസ്റ്റ് ചെയ്തിട്ടില്ല. മകളുടെ മരണത്തിന് പിന്നില്‍ ഫാത്തിമയെന്ന പേരാണെന്നും മതപരമായ വിവേചനം നേരിട്ടതായും മാതാവ് സജിതയും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ഭയമായതിനാല്‍ മകള്‍ കോളജില്‍ ശിരോവസ്ത്രം ധരിക്കില്ലായിരുന്നു. മതപരമായ വേര്‍തിരിവ് കാരണമാണ് വസ്ത്രധാരണത്തില്‍പ്പോലും മാറ്റം വരുത്തിയത്. മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. അവളെ ബനാറസ് സര്‍വകലാശാലയില്‍ അയക്കാതിരുന്നതും ഭയം മൂലമാണ്. പക്ഷേ, തമിഴ്നാട്ടില്‍ ഇത് കരുതിയില്ലായെന്നും സജിത പറഞ്ഞു.
സുദര്‍ശന്‍ പത്മനാഭനില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് ഫാത്തിമയ്ക്ക് നേരിടേണ്ടി വന്നിരുന്നത്. മകളുടെ പേരുപോലും അധ്യാപകന്‍ പറയില്ലായിരുന്നു. ഇന്റേണല്‍ മാര്‍ക്ക് കുറച്ചതില്‍ പരാതിപ്പെട്ടതിനു പിന്നാലെ കടുത്ത അവഗണനയാണ് ഫാത്തിമക്ക് നേരിടേണ്ടി വന്നത്. തമിഴ്നാട് പൊലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പ്രതീക്ഷയുണ്ടെന്നും സജിത പറഞ്ഞു. മകളെ ഇല്ലാതാക്കിയവര്‍ക്കെതിരേ നിയമ പോരാട്ടം നടത്തുമെന്നാണ് കുടുംബത്തിന്റെ നിലപാട്.
ശനിയാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുമ്പുള്ള ദിവസങ്ങളില്‍ മൊബൈല്‍ ഫോണില്‍ ഫാത്തിമ എഴുതിയ കുറിപ്പുകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. 25 ഓളം പേരെ ചോദ്യം ചെയ്‌തെങ്കിലും ആരും അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."