മിസോറാം ലോട്ടറി വില്‍പന നിയമവിരുദ്ധം: മന്ത്രി ഐസക്
തിരുവനന്തപുരം: മിസോറാം ലോട്ടറിയുടെ കേരളത്തിലെ വില്‍പന നിയമവിരുദ്ധമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ചട്ടങ്ങള്‍ പാലിക്കാതെയും സര്‍ക്കാരിന്റെ അനുമതി തേടാതെയുമാണ് വില്‍പനയെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓഗസ്റ്റ് ഏഴിന് മിസോറാം ലോട്ടറിയുടെ ആദ്യ വില്‍പന പ്രഖ്യാപിച്ചുകൊണ്ട് വെള്ളിയാഴ്ച ചില പത്രങ്ങളില്‍ പരസ്യം വന്നിട്ടുണ്ട്. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ലോട്ടറി നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഇതനുസരിച്ച് ലോട്ടറി നടത്തുന്ന സംസ്ഥാനങ്ങള്‍ വിപണനത്തിനായി ഒരുക്കിയ സംവിധാനങ്ങള്‍ വില്‍പന നടത്തുന്ന സംസ്ഥാനത്തെ അറിയിക്കേണ്ടതുണ്ട്. വില്‍ക്കുന്ന സ്ഥാപനം, നടത്തിപ്പുകാരന്റെ പേര്, ടിക്കറ്റ് അച്ചടിച്ച പ്രസ് തുടങ്ങിയ വിവരങ്ങളെല്ലാം നല്‍കണം. നിശ്ചിത മാസങ്ങളുടെ ഇടവേളകളില്‍ ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തേണ്ടതുമുണ്ട്. അതൊന്നും ചെയ്യാതെ പത്രപ്പരസ്യം നല്‍കിയത് നിയമവിരുദ്ധമാണ്.
ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ നേരത്തെ സിക്കിം ലോട്ടറി സംസ്ഥാനത്തു നിരോധിച്ചിരുന്നു. അവര്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് മിസോറാം സര്‍ക്കാരും ചെയ്യുന്നത്. നിയമാനുസൃതം വില്‍പന നടത്തുകയാണെങ്കില്‍ ഇവിടെ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. മിസോറാം ലോട്ടറി തട്ടിപ്പു കൂടിയാണ്. അവര്‍ പ്രഖ്യാപിച്ച സമ്മാനങ്ങളും അച്ചടിച്ചെലവും കമ്മിഷനും പരസ്യച്ചെലവും നികുതിയുമൊക്കെ കൂട്ടിനോക്കുമ്പോള്‍ വിറ്റുവരവിന്റെ 102 ശതമാനം വരുന്നുണ്ട്. ഇങ്ങനെ ലോട്ടറി നടത്താനാവില്ല. ഒന്നുകില്‍ നികുതി വെട്ടിക്കുകയോ അല്ലെങ്കില്‍ സമ്മാനം നല്‍കാതെ ജനങ്ങളെ കബളിപ്പിക്കുകയോ ചെയ്യേണ്ടി വരും.
നിയമം ലംഘിച്ച് ഈ ലോട്ടറി ആരാണ് സംസ്ഥാനത്തു വില്‍ക്കുന്നതെന്നു പരിശോധിക്കാന്‍ പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ ലോട്ടറി വില്‍ക്കുന്ന സംസ്ഥാന ലോട്ടറി വിതരണക്കാരുടെ ലൈസന്‍സ് റദ്ദാക്കും. ചിലര്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വിളിച്ച യോഗത്തിനു പോയിട്ടുണ്ട്. അതാരെന്നു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."