ആറു തവണ രക്ഷപ്പെട്ടു; ഒടുവില്‍ സൈന്യം കൊന്നു
ശ്രീനഗര്‍: 'റൈസിങ് കശ്മിര്' പത്രത്തിന്റെ എഡിറ്റര്‍ ഷുജാദ് ബുഖാരിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പാക് വംശജനായ നവീദ് ജട്ടിനെ സുരക്ഷാ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളിയായിരുന്ന അജ്മല്‍ കസബിനൊപ്പം ലഷ്കര്‍ ക്യാംപില്‍നിന്നു പരിശീലനം ലഭിച്ചിരുന്ന നവീദ്, 2012ലാണ് ഇന്ത്യയിലേക്കു കടന്നത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ പൊലിസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടിരുന്ന 20കാരനായ നവീദ്, കഴിഞ്ഞ ജൂണിലാണ് ഷുജാദ് ബുഖാരിയെ കൊലപ്പെടുത്തിയത്. ചികിത്സയ്ക്കായി ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു രണ്ടു പൊലിസുകാരെ കൊലപ്പെടുത്തി ഇയാള്‍ രക്ഷപ്പെട്ടത്. അഞ്ചടി മാത്രം ഉയരമുള്ള ഇയാളുടെ രക്ഷപ്പെടല്‍ സുരക്ഷാ സേനയെ ഞെട്ടിച്ചിരുന്നു. ഇയാള്‍ രക്ഷപ്പെടുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ ബുദ്ഗാം ഗ്രാമത്തില്‍ നവീദും മറ്റൊരു ഭീകരനും ഒളിച്ചുകഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തിയത്. തുടര്‍ന്നു ഭീകരര്‍ ആക്രമിച്ചതോടെ പ്രതിരോധിക്കുന്നതിനിടയിലാണ് നവീദ് കൊല്ലപ്പെട്ടത്. പൊലിസ് പിടിയില്‍നിന്ന് ആറു തവണയാണ് ഇയാള്‍ രക്ഷപ്പെട്ടിരുന്നത്. ഇയാളെ വധിക്കാനായതു സുരക്ഷാ സൈന്യത്തിന്റെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."