രാഷ്ട്രീയ വിവാദങ്ങളിലേക്ക് സ്പീക്കറെ വലിച്ചിഴക്കുന്നു: പി. ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരം: അനാവശ്യ രാഷ്ട്രീയ വിവാദങ്ങളിലേക്ക് സ്പീക്കറെയും നിയമസഭാ സെക്രട്ടറിയെയും കെ.എം ഷാജി എം.എല്‍.എ വലിച്ചിഴക്കുകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.
കെ.എം ഷാജിയുടെ നിയമസഭാ അംഗത്വം ഹൈക്കോടതി റദ്ദാക്കിയ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കുമുന്നില്‍ അദ്ദേഹം നടത്തുന്ന അടിസ്ഥാനരഹിത ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.
നിയമപരമായ ബാധ്യത നിര്‍വഹിക്കുകയാണ് നിയമസഭാ സെക്രട്ടറിയും സെക്രട്ടേറിയറ്റും ചെയ്തത്. കീഴ്‌വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമസഭാ ബുള്ളറ്റിന്‍ ഇറക്കാന്‍ നിര്‍ബന്ധിതരായത്.
നിയമസഭാ സെക്രട്ടേറിയറ്റ് അനാവശ്യ ധൃതികാണിച്ച് തന്നെ അയോഗ്യനാക്കാന്‍ ബുള്ളറ്റിന്‍ ഇറക്കിയതായും നിയമസഭയുടെ നടപടി ശരിയായില്ലെന്നുമാണ് കെ.എം ഷാജി ആരോപിച്ചത്.
എന്നാല്‍, ഇതുവരെ ഷാജി ഉന്നയിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് ഒരു പ്രതികരണവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാകാം അദ്ദേഹം മാധ്യമങ്ങളോട് ഇത്തരമൊരു കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
ബുള്ളറ്റിന്‍ ഇറക്കുന്നത് ആദ്യ സംഭവമല്ലെന്നും രേഖകളെ ഉദ്ധരിച്ച് സ്പീക്കര്‍ വ്യക്തമാക്കി. 10-ാം കേരള നിയമസഭയുടെ കാലയളവില്‍ തമ്പാനൂര്‍ രവിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കിയിരുന്നു. അന്നും സമാനമായ ബുള്ളറ്റിന്‍ ഇറങ്ങിയിട്ടുണ്ട്. അന്ന് ആരും രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞിട്ടില്ലെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."