മൂന്ന് കിലോ കഞ്ചാവുമായി മൊത്തവിതരണക്കാര്‍ പിടിയില്‍
വളാഞ്ചേരി: കാറില്‍ കടത്തുകയായിരുന്ന മൂന്ന് കിലോ കഞ്ചാവുമായി രണ്ടു പേരെ കുറ്റിപ്പുറം എക്‌സൈസ് സംഘം പിടികൂടി. സൗത്ത് പാങ്ങ് പാലേരി വീട്ടില്‍ വിനോദ് (29), കക്കാറള്‍ വീട്ടില്‍ അബ്ദുല്ല( 43) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ പഴനി-തേനി ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനകണ്ണികളാണ് പ്രതികള്‍.
മുന്‍പ് കുഴല്‍പ്പണം തട്ടിയ കേസില്‍ ഇവര്‍ പൊലിസിന്റെ പിടിയിലായിരുന്നു. തുച്ഛമായ വിലക്ക് തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നും പാര്‍സലുകളായി ലഭിക്കുന്ന കഞ്ചാവ് കേരളത്തിലെ ചില്ലറ വ്യാപാരികള്‍ക്ക് മറിച്ചു വില്‍ക്കുന്നതിലൂടെ ലക്ഷകണക്കിന് രൂപ ആദായം ലഭിക്കുമെന്ന് പ്രതികള്‍ എക്‌സൈസിനോട് പറഞ്ഞു. വളാഞ്ചേരി-പുത്തനത്താണി ഭാഗങ്ങളിലെ ചില്ലറ കഞ്ചാവ് വില്‍പ്പനക്കാര്‍ക്കുവേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. പ്രതികള്‍ കാറില്‍ നിരവധി തവണ കഞ്ചാവ് കടത്തിയിട്ടുള്ളവരാണ്.
വാഹന പരിശോധനക്കിടെ പിടികൂടാന്‍ കഴിയാത്തവിധം രഹസ്യ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്ന് വളാഞ്ചേരിയില്‍ നിന്നും കാറിനെ പിന്‍തുടര്‍ന്ന് വന്ന എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച ഇവരെ കുറ്റിപ്പുറം കിന്‍ഫ്ര പാര്‍ക്കിന്റെ ഗേറ്റിനു മുന്‍വശം വച്ച് പിടികൂടുകയായിരുന്നു. ബസ് മാര്‍ഗവും ട്രെയിന്‍ മാര്‍ഗവും കഞ്ചാവ് കടത്തുന്ന സംഘങ്ങളെകുറിച്ചും ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്നും കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍ പറഞ്ഞു. പ്രിവന്റീവ് ഓഫിസര്‍മാരായ എ.കെ രവീന്ദ്രനാഥ്, എ.കെ രാജേഷ്, വി.ആര്‍ രാജേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിബു ശങ്കര്‍, ലതീഷ്, ഹംസ, ഷിഹാബുദ്ദീന്‍, രാജീവ് കുമാര്‍, ഗിരീഷ്, ഗണേഷന്‍, ഷീജ എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വടകര എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."