യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ആറുപേര്‍ അറസ്റ്റില്‍
മംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ രണ്ടുപേര്‍ 18 വയസ് പൂര്ത്തിയാകാത്തവരാണെന്ന് പൊലിസ് പറഞ്ഞു. ഈ മാസം 18ന് പണമ്പൂര്‍ ബീച്ചിലെ തോറ്റ ബങ്കരയിലായിരുന്നു സംഭവം. മംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ യുവതിയും യുവാവും സംഭവ ദിവസം വൈകിട്ട് ബീച്ചിലെത്തിയിരുന്നു. കമിതാക്കളായ ഇവരെ ഒരു സംഘം ആളുകള്‍ ചോദ്യം ചെയ്യുകയും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ആളൊഴിഞ്ഞ പ്രദേശത്ത് കെട്ടിയിടുകയും തുടര്‍ന്ന് യുവതിയെ ആറുപേരും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇവരെ അക്രമി സംഘം വിട്ടയച്ചെങ്കിലും മാനഹാനി ഭയന്ന് കമിതാക്കള്‍ പരാതിപ്പെടാതെ തിരികെ പോയി. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളില്‍ ചിലര്‍ പൊലിസില്‍ വിവരം കൈമാറിയതോടെ കമിതാക്കളെ കണ്ടെത്തുകയും അന്വേഷണം നടത്തുകയുമായിരുന്നു. യുവതി തന്നെ പീഡിപ്പിച്ചതായി മൊഴി നല്‍കിയതോടെയാണ് പ്രതികളെ പൊലിസ് പിടികൂടിയത്. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുന്നതിനാല്‍ ഇവരുടെ ചിത്രം പൊലിസ് പുറത്തുവിട്ടിട്ടില്ല. പ്രജ്വല്‍ (23), അരുണ്‍ എന്ന അരുണ്‍ അമീന് (26), ആദിത്യ സാലിയാന്‍ എന്ന ആദി (25), പിട്ട റിയാസ് (35) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയുമാണ് മംഗളൂരു ട്രാഫിക് സബ്ഡിവിഷന് അസി. കമ്മിഷണര്‍ കെ.എം റഫീഖ്, വനിതാ ഇന്‍സ്പെക്ടര്‍ കലാവതി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."