സ്വാഗതഗാനമായി മുഴങ്ങുക കുട്ടമത്തിന്റെ ചെറുമകന്റെ വരികള്‍
സ്വന്തം ലേഖകന്‍
കാഞ്ഞങ്ങാട്: സപ്തഭാഷാ സംഗമഭൂമിയില്‍ വിരുന്നെത്തിയ കലോത്സവത്തിനെ വരവേല്‍ക്കുക മഹാകവി കുട്ടമത്തിന്റെ ചെറുമകന്റെ തൂലികയില്‍ വിരിഞ്ഞ സ്വാഗതഗാനം.
മഹാകവി കുട്ടമത്തിന്റെ ചെറുമകനും ചരിത്രകാരനുമായ കുട്ടമത്ത് എ. ശ്രീധരന്റെ മകന്‍ കെ.വി മണികണ്ഠദാസിന്റ വരികളാണ് അറുപതാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനമായി മുഴങ്ങുക.
തെയ്യങ്ങളുടെയും പൂരക്കളിയുടെയും ഈറ്റില്ലമായ കാസര്‍കോടിനെ കേരളത്തിന്റെ സാഹിത്യഭൂപടത്തില്‍ അടയാളപ്പെടുത്തിയ പ്രതിഭയാണ് മഹാകവി കുട്ടമത്ത്. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകനാണ് മണികണ്ഠദാസ്. കലോത്സവത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച 83 രചനകളില്‍ നിന്നാണ് മണികണ്ഠ ദാസിന്റെ രചന കലോത്സവ ഗാനമായി തിരഞ്ഞെടുത്തത്.
സാഹിത്യകാരന്‍മാരായ ഇ.പി രാജഗോപാലന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് സ്വാഗതഗാനം തെരഞ്ഞെടുത്തത്.
സപ്തഭാഷാഭൂമിയെ പ്രകീര്‍ത്തിച്ചും പ്രാചീന നാട്ടുചരിത്രത്തെ സ്മരിച്ചും കാസര്‍കോടന്‍ മണ്ണില്‍ പിറന്ന സാംസ്‌കാരിക പ്രതിഭകളെ അടയാളപ്പെടുത്തിയുമാണ് സ്വാഗതഗാനം അതിഥികളെ വരവേല്‍ക്കുക.
15 മിനുട്ട് ദൈര്‍ഘ്യമുള്ള സ്വാഗതഗാനത്തിന് സംഗീതം നല്‍കിയത് കാഞ്ഞങ്ങാട് രാമചന്ദ്രനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."