വലയ സൂര്യഗ്രഹണം ഇന്ത്യയിലാദ്യം ദൃശ്യമാവുക ചെറുവത്തൂരില്‍
സ്വന്തം ലേഖകന്‍
കാസര്‍കോട്: വലയ സൂര്യഗ്രഹണമെന്ന ആകാശവിസ്മയം ഇന്ത്യയിലാദ്യം ദൃശ്യമാവുക ചെറുവത്തൂരില്‍. ഡിസംബര്‍ 26ന് സംഭവിക്കുന്ന ഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ സാധിക്കുന്ന ലോകത്തിലെ മൂന്ന് സ്ഥലങ്ങളിലൊന്നാണ് ചെറുവത്തൂര്‍. രാവിലെ 8.04ന് ആരംഭിക്കുന്ന ഭാഗിക ഗ്രഹണം 9.25ന് പൂര്‍ണതയിലെത്തും.
മൂന്ന് മിനുട്ട് 12 സെക്കന്‍ഡ് വരെ തുടരുന്ന പൂര്‍ണ വലയ സൂര്യഗ്രഹണം 11.04ന് അവസാനിക്കും. മംഗളൂരു മുതല്‍ ബേപ്പൂര്‍ വരെയുള്ള മേഖലകളില്‍ ഭാഗികമായി ഗ്രഹണം ദൃശ്യമാകും. ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലൂടെ ആരംഭിക്കുന്ന ഗ്രഹണം ഇന്ത്യയില്‍ ആദ്യം ദൃശ്യമാവുക ചെറുവത്തൂരിലായിരിക്കുമെന്നും പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളാല്‍ വളരെ വ്യക്തമായി ഗ്രഹണം ഇവിടെനിന്ന് കാണാന്‍ സാധിക്കുമെന്നും വലയ ഗ്രഹണ നിരീക്ഷണത്തിന് സാങ്കേതിക സൗകര്യമൊരുക്കുന്ന സ്‌പേസ് ഇന്ത്യ സി.എം.ഡി സച്ചിന്‍ ബാംബ പറഞ്ഞു.
ജ്യോതിശാസ്ത്ര മേഖലയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണയില്‍ ബോധവല്‍ക്കരണം നടത്തുകയും ആസ്‌ട്രോ ടൂറിസത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിക്കുകയുമാണ് സച്ചിന്‍ ബാംബ. കണ്ണൂര്‍, വയനാട് ജില്ലകളിലെ മാതമംഗലം, പന്നിയൂര്‍, പേരാവൂര്‍, മീനങ്ങാടി, ചുള്ളിയോട് എന്നിവിടങ്ങളിലും ദൃശ്യമാകുന്ന ഗ്രഹണം തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലും ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ദൃശ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."