നീതിക്കുവേണ്ടി നിലനില്‍ക്കാന്‍ വനിതാകമ്മിഷനും മഹിളാ സംഘടനകളും മുന്നോട്ടുവരണം: സാറാ ജോസഫ്
കൊച്ചി: രാഷ്ട്രീയപാര്‍ട്ടിയിലെ പുരുഷന്മാര്‍ ചെയ്യുന്ന തെറ്റുകള്‍ തത്ത പറയുന്നതുപോലെ ഏറ്റുപറയാതെ നീതിക്കുവേണ്ടി നിലകൊള്ളാനും പോരാടാനും വനിതാകമ്മിഷനും മഹിളാസംഘടനകളും മുന്നോട്ടുവരണമെന്ന് സാഹിത്യകാരി സാറാ ജോസഫ്. പീഡനക്കേസുകളിലും മറ്റ് അക്രമകേസുകളിലും പ്രതികളായിട്ടുള്ളവരെ സംരക്ഷിക്കാനുള്ള അടവുകളാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പയറ്റുന്നത്.
കുറ്റവാളിക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാതെ മാറ്റിനിര്‍ത്തുമ്പോഴുണ്ടാകുന്ന നേട്ടത്തേക്കാള്‍ എത്രവലിയ കോട്ടമാണ് വരുത്തിവയ്ക്കുന്നതെന്ന് അവര്‍ അറിയുന്നില്ല. ഇടതുപക്ഷപാര്‍ട്ടി സ്ത്രീകള്‍ക്കുവേണ്ടിയും സ്ത്രീപുരുഷ സമത്വത്തിനുവേണ്ടിയും നിലനില്‍ക്കുമായിരിക്കും എന്നതും അവര്‍ നീതി ലഭ്യമാക്കുമായിരിക്കും എന്നുള്ളതും മൂഢവിശ്വാസം മാത്രമാണ്.
വാളയാര്‍ കേസില്‍ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ.എന്‍. രാജേഷിനെ സംബന്ധിച്ച ഒരു രേഖ ചോദിച്ചതിനു മൂന്നാം ദിവസം ജലജ മാധവനെ മാറ്റുകയും പകരം ലത ജയരാജ് എന്ന സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തത് പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ്.
വാളയാര്‍ വിഷയം സമൂഹത്തിന് ഏറ്റെടുക്കാന്‍ വലിയ ബാധ്യതയുണ്ട്. മൂത്ത പെണ്‍കുട്ടി മരിച്ച് 52ാംദിവസം അതേ കഴുക്കോലില്‍ പ്രതിയുടെ മുണ്ടില്‍ തൂങ്ങി ഇളയപെണ്‍കുട്ടി മരിച്ചതായാണ് കാണപ്പെട്ടത്. എന്തിനാണ് പൊലിസുകാര്‍ അന്വേഷണത്തില്‍ ഈ വിവരം ഒഴിവാക്കിയതെന്ന് അറിയില്ല.
പെണ്‍കുട്ടികളുടെ നീതിക്കായി ഒരു രാഷ്ട്രീയപാര്‍ട്ടിയും മുന്നോട്ടുവരില്ലെന്നും നീതിക്കുവേണ്ടി പൊതുജനങ്ങള്‍ മുന്നോട്ട് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രാപ്പകല്‍ സമരത്തിന് പിന്തുണപ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."