മത്സ്യം ഇനി ശുദ്ധിയോടും ശുചിത്വത്തോടും; പച്ച മത്സ്യവുമായി 'അന്തിപ്പച്ച' ഇരമ്പിയെത്തും
കൊല്ലം: കൊല്ലത്തിന്റെ മത്സ്യ രുചിക്ക് മിഴിവേകാന്‍ ശുചിത്വത്തോടും ശുദ്ധിയോടുമുള്ള പച്ച മത്സ്യവുമായി ഫിഷറീസ് വകുപ്പിന്റെ 'അന്തിപ്പച്ച'മൊബൈല്‍ ഫിഷ്മാര്‍ട്ട് ഡിസംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശുദ്ധമായ മത്സ്യം എത്തിക്കുന്നതിനുള്ള ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അന്തിപ്പച്ച മൊബൈല്‍ മാര്‍ട്ടിന് രൂപം നല്‍കിയിട്ടുള്ളതെന്ന് ഫിഷറീസ്-ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ വ്യക്തമാക്കി.
ക്രിസ്തുമസ്-നവവത്സര സമ്മാനമായാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. തദ്ദേശിയരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നാണ് അന്തിപ്പച്ചയ്ക്കുള്ള മത്സ്യം സംഭരിക്കുന്നത്. അതത് ദിവസമുള്ള മത്സ്യം സംഭരിച്ച് വില്‍പന നടത്തുന്നതിനാണ് തീരുമാനം. മത്സ്യം കേടാകാതിരിക്കാനുള്ള കൃത്യമായ ഫ്രീസിങ് സംവിധാനം വാഹനത്തിലുണ്ടാകും. രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കാത്ത മത്സ്യം വിതരണം ചെയ്യുന്നതിന് ഇത് സഹായകമാകും.
മത്സ്യം നേരിട്ട് വാങ്ങുമ്പോഴും വില്‍പന നടത്തുമ്പോഴും രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കാതെ തന്നെ മത്സ്യം പൊതുജനത്തിന് ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മുഴുവനായ മത്സ്യം, ക്ലീന്‍ ചെയ്ത് പാചകത്തിന് തയാറാക്കിയ റെഡി ടു കുക്ക് മത്സ്യം, റെഡി ടു ഈറ്റ് മത്സ്യങ്ങള്‍, മറ്റ് മത്സ്യം ഉല്‍പന്നങ്ങള്‍ എന്നിവ ന്യായമായ വിലയില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകും.കുണ്ടറ ഹോസ്പിറ്റല്‍ ജങ്ഷന്‍, ഇളമ്പള്ളൂര്‍, കരിക്കോട്, കലക്ടറേറ്റ്, ലിങ്ക് റോഡ്, കൊല്ലം ബീച്ച് എന്നിവിടങ്ങളില്‍ വാഹനമെത്തുന്ന രീതിയിലാണ് ഇപ്പോള്‍ പദ്ധതി തയാറാക്കിയിട്ടുള്ളത്. ആരോഗ്യത്തിന് ഹാനികരമാകുന്ന അമോണിയ, ഫോര്‍മാലിന്‍, മറ്റു രാസവസ്തുക്കള്‍ ചേര്‍ക്കാത്ത ഗുണനിലവാരമുള്ള പച്ചമത്സ്യങ്ങളും ഉണക്കമത്സ്യങ്ങളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും മൊബൈല്‍ മാര്‍ട്ടില്‍ നിന്ന് ലഭിക്കും.
കാഞ്ഞിരോട് കായലിലെ രുചിയേറിയ കരിമീന്‍ പ്രത്യേകം ബ്രാന്റ് ചെയ്ത് ലഭ്യമാക്കും. ചാള, അയല, നെത്തോലി, നെയ്യ്മീന്‍, ചൂര, വാള, ആവോലി, ഞണ്ട്, കക്ക, ചെമ്മീന്‍ എന്നിവ അതത് ദിവസത്തെ ലഭ്യതക്കനുസൃതമായി അന്തിപ്പച്ചയില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."