കേന്ദ്രസര്‍ക്കാര്‍ തന്ന അരിക്കും രക്ഷാപ്രവര്‍ത്തനത്തിനയച്ച വിമാനത്തിനും പണം നല്‍കേണ്ട സ്ഥിതി; ദുരിതാശ്വാസ നിധി മതിയാകാതെ വരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതാശ്വാസ നിധിയിലെത്തിയ തുക മതിയാകാതെ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കൂടാതെ കേന്ദ്രത്തിനും പണം നല്‍കേണ്ട സ്ഥിതിയാണ്.
കേന്ദ്ര സര്‍ക്കാരിന് തന്നെ റേഷന്‍ ഇനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ ഉപയോഗിച്ചതിനുമായി 290.74 കോടി രൂപ നല്‍കേണ്ടതുണ്ട്. ഈ തുകയും സംസ്ഥാനം കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചട്ടം 300 അനുസരിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്.
സാലറി ചലഞ്ച് മുഖേന സമാഹരിച്ചതടക്കം നവംബര്‍ 27 വരെ 2683.18 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലെത്തിയിട്ടുള്ളത്. ഇതുവരെ 688.48 കോടി രൂപ ചിലവായി. ഇതിനുപുറമെ വീടുകളുടെ നാശനഷ്ടത്തിന് സി.എം.ഡി.ആര്‍.എഫില്‍ നിന്നു 1357.78 കോടി രൂപയും ചിലവ് പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ വീടുകളുടെ നാശനഷ്ടത്തിന് സി.എം.ഡി.ആര്‍.എഫില്‍ നിന്നു 1357.78 കോടി രൂപയും ചിലവ് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ 31,000 കോടി രൂപ മുതല്‍മുടക്കേണ്ടതുണ്ട്.
ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 586.04 കോടി രൂപ നാളിതുവരെ ചിലവായിട്ടുണ്ട്. നിലവില്‍ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാനാവുകയുള്ളൂ എസ്ഡിആര്‍എഫിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുനര്‍നിര്‍മ്മാണം എങ്ങനെ എന്നത് സംബന്ധിച്ചും സര്‍ക്കാരിന് വ്യക്തമായ കാഴ്ചപാടുണ്ട്. പുനര്‍നിര്‍മ്മാണം എന്നത് കാലവര്‍ഷക്കെടുതിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥ പുനസ്ഥാപിക്കുകയല്ല. പാരിസ്ഥിതികമായ സവിശേഷതകളും ജനങ്ങളുടെ ജീവനോപാധികളും നമ്മുടെ കാര്‍ഷിക സംസ്‌കൃതി സംരക്ഷിച്ചും കൊണ്ടുള്ള ഒരു കാഴ്ചപ്പാട് വികസിച്ചുവരേണ്ടതുണ്ട്.
അതിനായി ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാനുള്ള ഇടപെടലാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇങ്ങനെ അറിവുകള്‍ സ്വീകരിക്കുമ്പോള്‍ അത് നമ്മുടെ നാടിന്റെ സവിശേഷതകള്‍ക്കൊപ്പിച്ച് രൂപപ്പെടുത്തുക എന്ന ശ്രമകരമായ ഉത്തരവാദിത്തവും ഏറ്റെടുക്കും. കേരള പുനര്‍നിര്‍മ്മാണ പദ്ധതി (Rebuild Kerala Initiative) എന്ന പേരിലാണ് അത് അറിയപ്പെടുക. ആസൂത്രണത്തിലും നിര്‍മ്മാണത്തിലും വേഗതയും കാര്യക്ഷമതയും ഉള്‍ക്കൊണ്ടുള്ളതാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."