റെയില്‍വേ ട്രാക്കുകള്‍ അടിയന്തരമായി ബലപ്പെടുത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് പതിവായ പാളത്തിലെ വിള്ളല്‍ യാത്രക്കാര്‍ക്കു ഭീഷണിയായതോടെ അടിയന്തരമായി ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ശാര്‍ക്കരയിലെ പാളത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം വൈകിയിരുന്നു.
550 ദശലക്ഷം ടണ്‍ ഭാരമാണ് ഒരു പാളത്തിനു താങ്ങാവുന്ന ശേഷി. ഇത് 880 ദശലക്ഷം ടണ്ണാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു മീറ്റര്‍ പാളത്തിന്റെ ഭാരം 52 കിലോയില്‍നിന്ന് 60 ആക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ഇതിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ടി.ആര്‍.ടി എന്ന ആധുനിക സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു ദിവസം കൊണ്ട് ഒരു കിലോമീറ്റര്‍ പാളം മാറ്റാനാകും.
സംസ്ഥാനത്തെ ട്രാക്കുകളില്‍ ഏറിയ പങ്കും 15 വര്‍ഷം പഴക്കമുള്ളവയാണ്. നിലവില്‍ 12-13 വര്‍ഷം കഴിയുമ്പോള്‍ത്തന്നെ ട്രാക്കുകളില്‍ പൊട്ടലുണ്ടാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമാണു പാളങ്ങള്‍ക്കു ഭീഷണിയാകുന്നതെന്നാണ് റെയില്‍വേ നടത്തിയ പഠനം പറയുന്നത്. പകല്‍നേരങ്ങളിലെ കൊടുംചൂട് പാളത്തില്‍ വിള്ളലിനും പൊട്ടലിനും കാരണമാകുന്നു. പകല്‍ ഉരുകിത്തിളയ്ക്കുന്ന പാളങ്ങളില്‍ രാത്രി ചാറ്റല്‍ മഴ പെയ്താലും പൊട്ടാന്‍ സാധ്യതയേറെയാണ്. പൊട്ടുന്നതു പലപ്പോഴും പുലര്‍ച്ചെയാണ്. വെല്‍ഡ് ചെയ്ത പഴകിയ ട്രാക്കുകളാണ് അതിവേഗം പൊട്ടുന്നത്. ഓരോ 13 മീറ്ററിലും ബോള്‍ട്ടിട്ടു മുറുക്കിയാണു മുന്‍പ് പാളങ്ങള്‍ യോജിപ്പിച്ചിരുന്നത്. ട്രെയിനിലെ കുലുക്കം ഒഴിവാക്കാന്‍ പിന്നീട് പാളങ്ങള്‍ വെല്‍ഡ് ചെയ്തു ബന്ധിപ്പിച്ചു തുടങ്ങി.
കാലവര്‍ഷത്തില്‍ മഴവെള്ളവുമായുള്ള അമിതമായ സമ്പര്‍ക്കം കാരണവും ട്രാക്കുകളില്‍ തുരുമ്പുപിടിക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ടോയ്‌ലെറ്റ് മാലിന്യമാണ് തുരുമ്പുകൂട്ടുന്ന മറ്റൊരു കാരണം. 550 ദശലക്ഷം ടണ്‍ ഓടിക്കഴിഞ്ഞാല്‍ ട്രാക്ക് മാറ്റണമെന്നാണു കേന്ദ്ര റെയില്‍വേ നിയമം.
സംസ്ഥാനത്തെ ട്രാക്കിന്റെ ഉപഭോഗം 160 ശതമാനമാണെങ്കിലും ട്രെയിനുകളില്‍ അധികവും യാത്രാവണ്ടികളായതിനാല്‍ കൂടുതല്‍ കാലം ഉപയോഗിക്കാനാകും. ചരക്കുവണ്ടികള്‍ ഓരോ ബോഗിയിലും 60-70 ടണ്‍ ഭാരവുമായി ഓടുമ്പോള്‍ യാത്രക്കാരുടെ കംപാര്‍ട്ട്‌മെന്റുകളില്‍ ശരാശരി ആറ് ടണ്‍ ഭാരമാണുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."