അപകടത്തില്‍ രണ്ടു പേര്‍ മരിച്ച കേസില്‍ മലയാളിക്ക് ഒന്നര ലക്ഷം റിയാല്‍ പിഴ, വിനയായത് ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചത്
റിയാദ്: വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ച കേസില്‍ മലയാളിക്ക് കോടതി ഒന്നര ലക്ഷം റിയാല്‍ പിഴ വിധിച്ചു. രണ്ടു സഊദി പൗരന്മാര്‍ മരിച്ച കേസില്‍ ശരീഅത് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസിലാക്കപ്പെട്ടു രണ്ടു വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം പോത്തന്‍കോട് അരിയോട്ടുകോണം സ്വദേശി വിപിനെതിരെയാണ് കോടതി വിധി.
കോടതി വിധിച്ച തുക മരിച്ച സഊദി പൗരന്മാരുടെ അന്തരാവകാശികള്‍ക്ക് നല്‍കിയാലേ ഇനി ജയില്‍ മോചനം സാധ്യമാകൂ. ഇന്‍ഷുറന്‍സ് പോളിസിയില്ലാത്ത വാഹനം ഓടിച്ചതാണ് ഇദ്ദേഹത്തിന് വിനയായത്.
രണ്ടു വര്‍ഷം മുന്‍പാണ് കേസിനാസപദമായ സംഭവം നടന്നത്. റിയാദില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ ദവാദ്മി പട്ടണത്തില്‍ വെച്ച് ഇദ്ദേഹത്തിന്റെ വെള്ള ടാങ്കറിന് പിറകില്‍ മറ്റു രണ്ടു വാഹനങ്ങള്‍ വന്നിടിച്ചുണ്ടായ അപകടത്തിലാണ് രണ്ടു സഊദി പൗരന്മാര്‍ മരണപ്പെട്ടത്. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ഡ്രൈവറായിരുന്നു വിപിന്‍. റോഡിലെ യു ടേണ്‍ തിരിയുന്നതിനു വേണ്ടി കാത്തിരുന്നപ്പോള്‍ ടാങ്കറിന് പിറകില്‍ സ്വദേശിയുടെ പിക്കപ്പ് വാഹനം വന്നിടിക്കുകയായിരുന്നു.
തൊട്ടു പിറകെ അതിവേഗതയിലെത്തിയ മറ്റൊരു പിക്കപ്പും വന്നിടിച്ചു. ഇതിന്റെ ആഘാതത്തില്‍ മൂന്നാമത്തെ പിക്കപ്പിനും ടാങ്കറിനും ഇടയില്‍ പെട്ട പിക്കപ്പ് പൂര്‍ണ്ണമായും തകരുകയും ഈ വാഹനത്തിലെ ഡ്രൈവറും സഹയാത്രികനും തല്‍ക്ഷണം മരണപ്പെടുകയുമായിരുന്നു. ആദ്യ ഇടി നടന്നതറിഞ്ഞ വിപിന്‍ ടാങ്കറില്‍ നിന്നിറങ്ങിയപ്പോഴേക്കും രണ്ടാമത്തെ ഇടിയും നടന്നു കഴിഞ്ഞിരുന്നു.
സഊദി ട്രാഫിക് നിയമ പ്രകാരം ഏറ്റവും പിന്നിലിടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കാണ് അപകട ഉത്തരവാദിത്വം വരേണ്ടിയിരുന്നതെങ്കിലും വിപിന്‍ ഓടിച്ചിരുന്ന ടാങ്കറിന് ഇന്‍ഷുറന്‍സ് ഇല്ലാത്തത് വിനയാകുകയായിരുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചയാളെന്ന നിലയിലാണ് വിപിന്‍ കേസിലുള്‍പ്പെട്ടത്. പോളിസി എടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
അപകടം നടന്നത് മുതല്‍ ജയിലില്‍ കഴിയുകയായിരുന്ന വിപിന്‍ കോടതി വിധി വരുന്നതുമായി ബന്ധപ്പെട്ടു നാല് മാസം മുന്‍പ് ട്രാഫിക് പോലീസ് ലോക്കപ്പിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ മോചനത്തിനായി സാമൂഹ്യ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ആറു വര്‍ഷമായി സഊദിയിലുള്ള വിപിന്‍ നാല് വര്‍ഷം മുന്‍പ് നാട്ടില്‍ പോയി പുതിയ വിസയില്‍ തിരിച്ചു വന്നതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."