കാക്കത്തുരുത്തിന്റെ കരുമാടിക്കുട്ടന്മാര് ഇത്തവണ നെഹ്റു ട്രോഫിക്ക് തുഴയെറിയും
അരൂര്‍: ഏഴുവര്‍ഷത്തിന് ശേഷം കാക്കത്തുരുത്തിന്റെ ചുണക്കുട്ടന്മാര് നെഹ്റു ട്രോഫിക്ക് തുഴയെറിയും. എരമല്ലൂര്‍ കാക്കത്തുരുത്ത് ദ്വീപില്‍ നടന്ന ചടങ്ങില്‍ എ.എം ആരിഫ്.എം.എല്‍.എ ഒന്നാം തുഴ സജീഷിന് കൈമാറി പരിശീലനത്തിന് തുടക്കം കുറിച്ചു.
കാക്കത്തുരുത്തിലെ യുവജനവേദി ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 32 തുഴക്കാരും ക്യാപ്റ്റനും ചേര്‍ന്നാണ് വള്ളം നീറ്റിലിറക്കുന്നത്.
മേളയില്‍ ചുരുളന്‍ വിഭാഗത്തില്‍ വേലങ്ങാടന്‍ എന്ന പേരിലുള്ള വള്ളമാണ് ഇത്തവണ മത്സരിക്കുന്നത്. യുവജനവേദി ബോട്ട് ക്ലബ്ബിനു വേണ്ടി വര്‍ഗ്ഗീസ് വേലങ്ങാടനാണ് വള്ളം സ്പോണ്സര് ചെയ്യുന്നത്. നെഹ്റു ട്രോഫിയില്‍ അഞ്ച് തവണ ഇവര്‍ പങ്കെടുത്തിട്ടുണ്ട്.
മൂന്നു തവണ ഒന്നാം സമ്മാനവും ഒരിക്കല്‍ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. പത്തു വര്‍ഷമായി പല വിഭാഗങ്ങളിലായി കാക്കത്തുരുത്തില്‍ നിന്ന് നെഹ്റു ട്രോഫിക്ക് പങ്കെടുക്കാറുണ്ട്. ഏഴുവര്‍ഷത്തിന് ശേഷം ആദ്യമായാണ് യുവജനവേദിയുടെ ബാനറില്‍ നെഹ്റു ട്രോഫിക്ക് പങ്കെടുക്കുന്നത്.
കാക്കത്തുരുത്ത് ദ്വീപിനും തോട്ടപ്പള്ളി ഫെറിക്കും ഇടയിലുള്ള കൈതപ്പുഴ കായലിന്റെ ഓളപ്പരപ്പില്‍ പരിശീലനം നടത്തും.
ചിട്ടയോടെയുള്ള പരിശീലനം നല്കിയാല് വിജയം വരിക്കാന്‍ കഴിയുമെന്ന ഉറച്ചവിശ്വസത്തിലാണ് അംഗങ്ങള്‍. ഒന്നാം തുഴ സജീഷിനും രണ്ടാം തുഴ നിഷാദിനും എം.എല്‍.എ കൈമാറി.
മൂന്നാം തുഴ വള്ളം സ്പോണ്സര് ചെയ്ത വര്‍ഗ്ഗീസ് വേലങ്ങാടന്‍ നിധിന് കൈമാറി. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് എസ്.ടി ശ്യാമളകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ അശോകന്, എഴുപുന്ന പഞ്ചായത്ത് അംഗം എ.പി ബിനുമോള്‍, യുവജനവേദി ബോട്ട് ക്ലബ്ബ് പ്രസിഡന്റ് പി.വി രാജേഷ്, ചെയര്മാന് എന്‍.പി ഷിബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."