ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍: നിയമസഭാ സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിലും നിലയ്ക്കലും സന്നിധാനത്തുമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ സംയുക്ത നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് ചോദ്യോത്തരവേള ഒഴിവാക്കി ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ നിരസിച്ചതിനെ തുടര്‍ന്ന് സഭ സ്തംഭിപ്പിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
ശബരിമലയിലെ നേര്‍ചിത്രം പുറത്തുകൊണ്ടുവരാനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ചാണ് കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിന് ശ്രമിച്ചത്.
അടിയന്തരപ്രമേയമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യമാണ് സ്പീക്കര്‍ നിരസിച്ചത്. എല്ലാ കാര്യങ്ങളും ഇന്നലെ വിശദീകരിച്ചതാണെന്നും അടിയന്തര പ്രമേയം അനുവദിക്കില്ലെന്നും ഇതിനു മുന്നോടിയായി സംസാരിച്ച മുഖ്യമന്ത്രിയുടെ വാക്കുകളില്‍ സ്പഷ്ടമായിരുന്നു. സ്പീക്കറുടെ അധികാരം മുഖ്യമന്ത്രി കൈയിലെടുക്കുന്ന അസാധാരണ സംഭവമാണ് ഇന്നലെ നടന്നത്. ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്യുക എന്നു മാത്രമല്ല അടിയന്തര പ്രമേയംപോലും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശബരിമല വിഷയം ചര്‍ച്ച ചെയ്യുന്നതിനെ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നതെന്നും സംഘ്പരിവാറിനെ വളര്‍ത്താനും ബി.ജെ.പി നടത്തിയ കാര്യങ്ങള്‍ പാളിപ്പോയതിനാലുമാണ് കൂടുതല്‍ ചര്‍ച്ച അനുവദിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഒരു വിഷയം ഒന്നില്‍ക്കൂടുതല്‍ തവണ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ വിവാദം പത്തു തവണയും ബാര്‍ കോഴക്കേസ് എട്ട് തവണയും ചര്‍ച്ച ചെയ്തതായി പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ബി.ജെ.പിയുടെ അനാവശ്യ സമരവും സര്‍ക്കാരിന്റെ അനാവശ്യ നിയന്ത്രണവും ഒഴിവാക്കിയാല്‍ ഭക്തര്‍ ശബരിമലയില്‍ എത്തും. ശബരിമലയില്‍ ആര്‍.എസ്.എസും ബി.ജെ.പിയും കണ്ട സുവര്‍ണാവസരം കേരളത്തിലെ മതേതര ജനത തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.എം മാണി, കെ.സി ജോസഫ്, എം.കെ മുനീര്‍, അനൂപ് ജേക്കബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."