ശബരിമല പ്രതിഷേധം രണ്ടാം നാളും; സഭ കൂടിയത് 21 മിനുട്ട് മാത്രം
തിരുവനന്തപുരം: മലയിറങ്ങി സഭയിലെത്തിയ പ്രതിപക്ഷ പ്രതിഷേധം രണ്ടാം നാളും തുടര്‍ന്നതോടെ സഭാ നടപടികള്‍ 21 മിനുട്ടിനുള്ളില്‍ പൂര്‍ത്തിയാക്കി ഇന്നലെ സഭ പിരിഞ്ഞു.
രാവിലെ സഭ തുടങ്ങിയപ്പോള്‍ ശബരിമലയിലെ അടിസ്ഥാന സൗകര്യത്തില്‍ അപാകത ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയം ചോദ്യോത്തര വേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയില്‍ സര്‍ക്കാര്‍ ഒരു സൗകര്യവും ഭക്തര്‍ക്കായി ഒരുക്കിയിട്ടില്ലെന്നും അതുകൊണ്ടാണു പ്രധാന വിഷയമായതിനാല്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്നു പ്രതിപക്ഷ നേതാവ് സ്പീക്കറോടു പറഞ്ഞു. എന്നാല്‍ അതിനു കഴിയില്ലെന്നും കഴിഞ്ഞ ദിവസം വിഷയം പ്രതിപക്ഷ നേതാവു തന്നെ ഒരു മണിക്കൂറിലധികം സമയമെടുത്തു ചര്‍ച്ച ചെയ്തതാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ടു പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങള്‍ക്കും ഇന്നലെ വിശദമായി മറുപടി പറഞ്ഞതാണെന്നും അതുകൊണ്ടു പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഇതേത്തുടര്‍ന്ന് അനുവദിക്കാന്‍ കഴിയില്ലെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ബാനറും പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളിയുമായി സ്പീക്കറുടെ ഡയസിനടുത്തു വന്നു ബഹളം തുടങ്ങി.
ബഹളത്തിനിടയില്‍ ശബരിമല വിഷയത്തില്‍ ഭരണകക്ഷി അംഗങ്ങളുടെ ചോദ്യത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെ സ്പീക്കര്‍ ക്ഷണിച്ചു. ഇതോടെ ബഹളം ശക്തമായി.
സ്പീക്കര്‍ക്കെതിരേ മുദ്രാവാക്യം വിളിയുമായി സ്പീക്കറുടെ ഡയസില്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. പ്രതിപക്ഷം തുടര്‍ച്ചയായി സഭ തടസപ്പെടുത്തിയാല്‍ മറ്റു നടപടികളിലേയ്ക്കു കടക്കേണ്ടിവരുമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ യുവതീ പ്രശ്‌നമാണ്. എല്ലാ ദിവസവും ചോദ്യോത്തര വേള തടസപ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇപ്പോള്‍ കാണിക്കുന്ന ഈ പ്രതിഷേധം ലോകം മുഴുവന്‍ കാണുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതിപക്ഷാംഗങ്ങളാരും ചോദ്യം ചോദിക്കാനും തയാറാകാതിരുന്നതോടെ മന്ത്രിമാര്‍ ഉത്തരം മേശപ്പുറത്തുവച്ചു. പതിനഞ്ച് മിനിട്ടിനുള്ളില്‍ ചോദ്യോത്തര വേള അവസാനിപ്പിച്ചു. തുടര്‍ന്ന് ബഹളത്തിനിടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനുള്ള മറുപടിയും, ചട്ടം 300 പ്രകാരം മുഖ്യമന്ത്രിയുടെ പ്രസ്താവനയും മേശപ്പുറത്ത് വയ്ക്കുകയും രണ്ടു ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയ്ക്ക് വിട്ടും സഭാ നടപടികള്‍ പെട്ടെന്നു പൂര്‍ത്തിയാക്കി സ്പീക്കര്‍ സഭ പിരിയുന്നതായി അറിയിച്ചു.
അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ കഴിയാത്തതിന്റെ രോഷവുമായി പ്രതിപക്ഷം ബാനര്‍ പിടിച്ച് സഭയില്‍ നിന്നു പുറത്തേയ്ക്ക് പോയി. ഇന്നും കൂടി ശബരിമല വിഷയത്തില്‍ സഭ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഇന്ന് കെ. മുരളിധരനായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുക. തിങ്കളാഴ്ച മുതല്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടും സഭയില്‍ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."