സി.പി.എമ്മിന്റെ 'മുസ്‌ലിം തീവ്രവാദത്തിന് ' പിന്നിലെന്ത്?
പാര്‍ട്ടിയെയോ ഭരണത്തെയോ ബാധിക്കുന്ന എന്ത് സംഭവം നടന്നാലും അതിലേക്ക് ഒരു മുസ്‌ലിം വിരോധം കടത്തിവിട്ട് വിഷയം വഴി തിരിച്ചു വിടുകയെന്ന സി.പി.എമ്മിന്റെ പതിവ് തന്ത്രം തന്നെയാണ് മാവോയിസ്റ്റ് വിഷയത്തിലെ പി. മോഹനന്‍ മാസ്റ്ററുടെ പ്രസ്താവനയിലും കാണുന്നത്. ടി.പി വധക്കേസിലെ 'മാഷാ അല്ലാഹ്' സ്റ്റിക്കറാവട്ടെ, ഗെയ്ല്‍ വിരുദ്ധ സമരക്കാരെക്കുറിച്ചുള്ള തീവ്രവാദ ആരോപണമാവട്ടെ ഓരോ നീക്കത്തിലും കൃത്യമായ ലക്ഷ്യത്തോടെ മുസ്‌ലിം വിരോധം ഫലപ്രദമായി പ്രചരിപ്പിക്കാന്‍ സി.പി.എമ്മിന് അസാമാന്യ മെയ്‌വഴക്കമാണ്. ഇതൊന്നും അബദ്ധങ്ങളല്ല, സാക്ഷാല്‍ എ. വിജയരാഘവനെ തന്റെ കുപ്രസിദ്ധമായ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളുടെ പേരില്‍ തെല്ലും ശാസിക്കാതെ ഇടത് മുന്നണിയുടെ കണ്‍വീനറാക്കി താലോലിച്ച് പോരുന്നതും അതിന്റെ ഭാഗമാണ്.
സത്യത്തില്‍ മാവോയിസ്റ്റ് സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)യും തമ്മില്‍ പേര് കൊണ്ടുള്ള ഏക വ്യത്യാസം ബ്രായ്ക്കറ്റിലുള്ള 'മാവോയിസ്റ്റ്' എന്നൊരു വാക്കില്‍ മാത്രമാണ്. എന്നിട്ടും മാവേയിസ്റ്റുകളുടെ ഭീഷണികളുടെയും അക്രമങ്ങളുടെയും പേരില്‍ സി.പി.എമ്മിനെ അതിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ ആരും മുതിരാറില്ല. മാവോയിസ്റ്റാവുന്ന എല്ലാവരും ഒരു കാലത്ത് സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുകയോ ഏറ്റവും ചുരുങ്ങിയത് കമ്മ്യൂണിസ്റ്റ് കുടുംബങ്ങളില്‍ നിന്നുള്ളവരോ ആണെന്നിരിക്കെ തന്നെ രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി എല്ലാവര്‍ക്കുമുണ്ട്.
എന്നാല്‍ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട ഏതൊരു വിഷയത്തിലും സമുദായത്തെ വര്‍ഗീയ വാദികളെന്നും തീവ്രവാദികളെന്നും മുദ്ര കുത്താന്‍ സി.പി.എമ്മിലെ ചില നേതാക്കന്മാര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. സംഘ് പരിവാറിനെയും മുസ്‌ലിം സമുദായത്തെയും ഒരുമിച്ച് പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം സംഘ് പരിവാറിനെ മൃദുവായി അവരുടെ പേര് കൊണ്ടും മുസ്‌ലിം സമുദായത്തെ തീവ്ര വാദ മുദ്ര കൊണ്ടും ഒരേ വാചകത്തിനകത്ത് തന്നെ പറഞ്ഞുപോകുന്ന രീതിയും നേതാക്കളില്‍ കാണുന്നു. നാടൊട്ടുക്ക് തെരുവില്‍ കലാപക്കൊടി ഉയര്‍ത്തുകയും തിരൂരിലെ യാസിര്‍, കൊടിഞ്ഞിയില്‍ ഫൈസല്‍ തുടങ്ങിയവരെ മതം മാറിയതിന്റെ പേരില്‍ വെട്ടി നുറുക്കുകയും പള്ളിയില്‍ ഉറങ്ങിക്കിടന്ന റിയാസ് മൗലവിയെ പള്ളിക്കകത്ത് കേറി വക വരുത്തുകയും ചെയ്തവരാണ് കേരളത്തിലെ സംഘ്പരിവാര്‍. രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ സി.പി.എമ്മാണോ സംഘ് പരിവാറാണോ മുന്നിലെന്ന തര്‍ക്കത്തിനു മാത്രമേ പ്രസക്തിയുള്ളൂ. ഇവിടെയെവിടെയും സി.പി.എം നേതാക്കന്മാര്‍ നിരന്തരം ആവര്‍ത്തിക്കുന്ന 'തീവ്രവാദികളുടെ സമുദായം' ചിത്രത്തില്‍ എങ്ങുമില്ല. പലപ്പോഴും എടുത്ത് പറയാറുള്ള നിഷ്ഠൂരമായ കൈ വെട്ട് കേസ് സ്വന്തമായി ലെറ്റര്‍ പാഡും സീലുമുള്ള എല്ലാ മുസ്‌ലിം സംഘടനകളും തള്ളിക്കളയുകയും അപലപിക്കുകയും ചെയ്തതാണ്. പ്രതികളെ കോടതി ശിക്ഷിക്കുകയും അവര്‍ അര്‍ഹിക്കുന്ന ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു.
എന്നാല്‍ സി.പി.എമ്മും സംഘ്പരിവാറും നടത്തുന്ന നിഷ്ഠൂരമായ കൊലകളില്‍ പ്രതികള്‍ക്ക് നിര്‍ലോഭം രാഷ്ട്രീയ സഹായങ്ങള്‍ ലഭിക്കുകയും ശിക്ഷ ലഭിക്കാതെ പോവുകയും ചെയ്യുന്നുണ്ട്. അഥവാ ശിക്ഷിക്കപ്പെട്ടാല്‍ തന്നെ നിര്‍ലോഭം പരോള്‍ അനുവദിച്ചും ജയിലിനകത്ത് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും പ്രതികളുടെ കുടുംബത്തെ ഏറ്റെടുത്തും വിവാഹം നടത്തിക്കൊടുത്തും പ്രതികളെ ദത്തു പുത്രന്മാരെ പോലെ സംരക്ഷിച്ചു പോരുന്നു. അപ്പോള്‍ ഒരു വശത്ത് അക്രമത്തെ തള്ളിപ്പറയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന മുസ്‌ലിം സമുദായവും മറുവശത്ത് അക്രമികളെ ഏറ്റെടുത്ത് ആഘോഷിക്കുന്ന പാര്‍ട്ടികളുമാണുള്ളത്. എന്നിട്ടും ആവശ്യത്തിനും അനാവശ്യത്തിനും മുസ്‌ലിം സമുദായത്തെ തീവ്രവാദത്തോട് തന്നെ ചേര്‍ത്ത് പറയണമെന്ന ആ നിര്‍ബന്ധ ബുദ്ധിയുണ്ടല്ലോ, അത് തിരിച്ചറിയാന്‍ പ്രയാസമില്ല.
ഇതര സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാകും വിധം കേരള മുസ്‌ലിംകള്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും കൈവരിച്ച ഒരു പുരോഗതിയുണ്ട്. അവരുടെ സാമൂഹികമായ പിന്നാക്കാവസ്ഥയെ മറികടക്കാനും മുഖ്യധാരയിലേക്ക് പ്രവേശിക്കാനുമുള്ള പതിറ്റാണ്ടുകളായുള്ള നിരന്തര ശ്രമങ്ങളുടെ ഫലമായാണ് ഈ അഭിമാനകരമായ നേട്ടങ്ങളൊക്കെയും കൈവരിക്കാനായത്. എന്നിട്ടും ഈ വിദ്യാഭ്യാസ നേട്ടങ്ങള്‍ കോപ്പിയടിച്ചു നേടിയതാണെന്നുള്ള കൊഞ്ഞനം മുസ്‌ലിംകള്‍ കേട്ടത് ഏതെങ്കിലും സംഘ്പരിവാര്‍ നേതാവില്‍ നിന്നല്ല, സാക്ഷാല്‍ വി.എസില്‍ നിന്നാണ്. 20 വര്‍ഷത്തിനുളളില്‍ കേരളം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രസ്താവന വന്നത് കുമ്മനം രാജ ശേഖരനില്‍ നിന്നല്ല, മുഖ്യ മന്ത്രിയായിരിക്കേ ഇതേ വി.എസില്‍ നിന്നാണ്.
ജനാധിപത്യപരമായി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനുള്ള അവകാശത്തെ പോലും മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് പരിഹസിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. ഇടതു മുന്നണി കണ്‍വീനറായ എ. വിജയ രാഘവന്‍ ഇടയ്ക്കും തലയ്ക്കും പൊട്ടിക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കു മുന്‍പില്‍ സംഘ്പരിവാര്‍ നേതാക്കള്‍ പോലും കൈ കൂപ്പി വണങ്ങിപ്പോകും. ഇത്രമേല്‍ ഒരു സമുദായത്തെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള നീക്കം കേരളത്തിലെ ഒരു മുഖ്യധാരാ പാര്‍ട്ടിയില്‍ നിന്ന് നിരന്തരം ഉണ്ടാവുന്നത് കാണാതെ പോവാന്‍ കഴിയില്ല. നിങ്ങള്‍ക്ക് പരിചയമില്ലാത്ത അന്യഗ്രഹ ജീവികളെ കുറിച്ചില്ലല്ലോ ഈ വാക്കുകള്‍ തൊടുത്തു വിടുന്നത്. മാപ്പിളമാരും മലബാറും നിങ്ങളുടെ പരിസരത്ത് തന്നെയാണുള്ളത്. അവരെ അടുത്തറിയാന്‍ ഇത്രമേല്‍ പ്രയാസം നേരിടുന്ന സ്ഥിതി വിശേഷം കേരളത്തിലാകെ വേരു പടര്‍ത്തിക്കഴിഞ്ഞ ഒരു പാര്‍ട്ടിക്കെങ്ങനെയുണ്ടായി? അതോ, താത്ക്കാലികമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി, ചാഞ്ഞു കിടയ്ക്കുന്ന മരമാണെന്ന് ധരിച്ച് പാഞ്ഞു കയറുകയാണോ സി.പി.എം? ഇത്രയധികം മുന്‍വിധികളും തെറ്റിദ്ധാരണകളും തങ്ങളെക്കുറിച്ച് വച്ച് പുലര്‍ത്തുന്ന ഒരു പാര്‍ട്ടിയെ മുസ്‌ലിം സമുദായം വിശ്വാസത്തിലെടുക്കാത്തതിന്റെ കാരണം തേടി ഇനിയും പാര്‍ട്ടീ പ്ലീനങ്ങള്‍ നടത്തി സമയം കളയേണ്ടതില്ല.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കലാപ ഭൂമികളെ പിറകോട്ടു തള്ളും വിധം കോഴിക്കോട് ജില്ലയിലെ നാദാപുരം മേഖലയിലെ സി.പി.എമ്മിന്റെ സ്ഥിരം നരനായാട്ടിന് പിറകിലെ പ്രചോദനവും പി. മോഹനന്‍ മാസ്റ്ററെ പോലുള്ള ജില്ലാ നേതൃത്വത്തിന്റെ കാഴ്ച്ചപ്പാടുകളാണെന്ന് പുറമേ നിന്ന് നോക്കിക്കാണുന്നവര്‍ക്ക് മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല. സംഘ്പരിവാറിന്റെ കൈകളാല്‍ കൊല്ലപ്പെട്ട ഒട്ടനവധി പ്രവര്‍ത്തകരുണ്ടെങ്കിലും അവരുടെയൊന്നും സ്മാരക ശിലകള്‍ക്ക് മുന്‍പില്‍ കാണാത്ത വിധം 'മുസ്‌ലിം തീവ്രവാദികളാല്‍ കൊല്ലപ്പെട്ട സഖാവ്' എന്ന വിശേഷണം നാദാപുരത്തെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ പ്രതിമയ്ക്കു കീഴില്‍ എഴുതിവയ്ക്കാന്‍ കാരണം തീവ്രവാദ ആരോപണം മുസ്‌ലിം സമുദായത്തിനു മാത്രം ചേരുന്നതാണെന്ന് കരുതിയത് കൊണ്ടല്ലേ? അല്ലെങ്കില്‍ പിന്നെയെന്ത് കൊണ്ടാണ് ആര്‍.എസ്.എസ് തീവ്രവാദികള്‍ എന്ന് വാക് പിഴവായി പോലും വിശേഷിപ്പിക്കാന്‍ മടിക്കുന്നത്? കാരണം വളരെ വ്യക്തമാണ്. എവിടെയും ഭൂരിപക്ഷ വര്‍ഗീയതയും ഭീകരതയും ദേശ സ്‌നേഹമായി നിര്‍വചിക്കപ്പെടുന്നത് പോലെ സി.പി.എമ്മും നിര്‍വചിക്കാന്‍ ശീലിച്ചിരിക്കുന്നു. അത് കൊണ്ടാണ് ബി.ജെ.പിയോട് സഹകരിക്കുന്നവരെ പാര്‍ട്ടിയുമായി സഹകരിപ്പിക്കാന്‍ വലിയ പ്രയാസം തോന്നാത്തത്. പേരില്‍ പോലും വെട്ടിത്തിരുത്തല്‍ നടത്തിയിട്ടും കാല്‍ നൂറ്റാണ്ട് കാലം ഐ.എന്‍.എല്ലിന് മുന്നണി പ്രവേശനത്തിന് അയിത്തം ആചരിക്കേണ്ടി വന്നത്. മോഹനന്‍ മാസ്റ്ററുടെ പ്രസ്താവനയിലെ പരാമര്‍ശം പ്രശ്‌നവത്ക്കരിക്കുന്നത് വെറുതെയല്ല. അടിസ്ഥാനപരമായി സി.പി.എമ്മിന്റെ നിലപാടില്‍ വൈകല്യമുള്ളത് കൊണ്ട് തന്നെയാണ്.
യു.എ.പി.എക്കെതിരേ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സി.പി.എം. കോഴിക്കോട് രണ്ട് ചെറുപ്പക്കാര്‍ക്ക് ഈ കരിനിയമം ചുമത്തിയതിനെതിരേ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തോടൊപ്പമാണ് സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം പോലും. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയാവട്ടെ, രൂക്ഷമായ ഭാഷയിലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളില്‍ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ ചില മുസ്‌ലിം സംഘടനകള്‍ സ്വീകരിച്ച നിലപാടുകളാവട്ടെ, സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനേക്കാള്‍ തെല്ല് പോലും കടുത്തതല്ല. ആ നിലപാടുകള്‍ പോലും മാവോയിസത്തെ തെല്ലും പിന്തുണച്ചു കൊണ്ടല്ല, മറിച്ച് യു.എ.പി.എക്കെതിരെയാണ്.
വിചാരണയില്ലാതെ കുറ്റാരോപിതനെ അനന്ത കാലം തടവറയിലേക്ക് തള്ളുന്ന കരിനിയമം, നമ്മുടെ ഭരണം ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിലേക്കുള്ള കടന്നു കയറ്റമാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ നിലപാട് ആവര്‍ത്തിക്കുകയല്ലാതെ പ്രഖ്യാപിത മുസ്‌ലിം സംഘടനകള്‍ ഇപ്പോള്‍ സംഭവിച്ച സംഭവങ്ങളില്‍ ചെയ്തതെന്താണ്? മാവോയിസ്റ്റുകളുടെ സായുധ വിപ്ലവ ലക്ഷ്യങ്ങളോട് ഒരു കമ്യൂണിസ്റ്റുകാരന് യോജിക്കാന്‍ കഴിയുന്ന അത്ര പോലും യോജിക്കാന്‍ മുസ്‌ലിം സംഘടനകള്‍ക്ക് കഴിയില്ലെന്നിരിക്കെ ഇത്തരം പ്രസ്താവനകള്‍ വഴി മലര്‍ന്നുകിടന്ന് തുപ്പുകയാണ് പാര്‍ട്ടി ഇപ്പോള്‍ ചെയ്യുന്നത്.
എന്തായാലും സംഘ്പരിവാര്‍ ജിഹ്വകളുടെ പ്രശംസകളും കുമ്മനമുള്‍പ്പെടെയുള്ള നേതാക്കളുടെ പിന്തുണയും നേടിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. ഭാവിയില്‍ ഇടതുപക്ഷത്തിന്റെ ദേശക്കൂറ് ആരെങ്കിലും ചോദ്യം ചെയ്താല്‍ കുമ്മനത്തിന്റെ പ്രസ്താവന ഉയര്‍ത്തിക്കാണിച്ചാല്‍ മതിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."