അഫ്ഗാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് യു.എസ് സൈനികര്‍ മരിച്ചു വെടിവച്ചു വീഴ്ത്തിയതെന്ന് താലിബാന്
കാബൂള്‍: താലിബാനുമായി സംഘര്‍ഷം തുടരുന്ന അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് യു.എസ് സൈനികര്‍ മരിച്ചു. ലോഗാര്‍ പ്രവിശ്യയില്‍ ഒരു ഹെലികോപ്റ്റര്‍ വെടിവച്ചു വീഴ്ത്തിയതായി താലിബാന് അവകാശപ്പെട്ടിട്ടുണ്ട്. അധിനിവേശക്കാരായ യു.എസിന്റെയും സഖ്യത്തിന്റെയും ഒരു ഹെലികോപ്റ്റര്‍ തങ്ങളുടെ സൈനിക പോസ്റ്റുകള്‍ ആക്രമിക്കുന്നതിനിടെ വീഴ്ത്തിയതായി താലിബാന് വക്താവ് സബിയുല്ല മുജാഹിദ് പറഞ്ഞു.
അതേസമയം ശത്രുക്കള്‍ക്ക് വെടിവച്ചുവീഴ്ത്താന്‍ പാകത്തില്‍ താഴ്ന്നു പറക്കുകയായിരുന്നില്ല കോപ്റ്ററെന്ന് അഫ്ഗാനിലെ യു.എസ് സേന അറിയിച്ചു. എന്നാല്‍ എവിടെയാണ് കോപ്റ്റര്‍ തകര്‍ന്നുവീണതെന്നോ ഏതുതരം കോപ്റ്ററാണ് തകര്‍ന്നതെന്നോ സൈന്യം വ്യക്തമാക്കിയിട്ടില്ല. അപകടസമയത്ത് അതിനകത്ത് എത്ര പേരുണ്ടായിരുന്നെന്നും വ്യക്തമല്ല. കൊല്ലപ്പെട്ടവരുടെ പേരുവിവരവും വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞവര്‍ഷവും ഒരു യു.എസ് കോപ്റ്റര്‍ താലിബാന് വെടിവച്ചു വീഴ്ത്തിയിരുന്നു. എന്നാല്‍ അത് തകര്ന്നുവീണതാണെന്നായിരുന്നു യു.എസ് വിശദീകരണം.
ഈ വര്‍ഷം സൈനിക നടപടിക്കിടെ 16 യു.എസ് സൈനികര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിലവില്‍ 14,000 യു.എസ് സൈനികര്‍ അഫ്ഗാനിലുണ്ട്.
2001 മുതല്‍ യു.എസിന്റെ നേതൃത്വത്തില്‍ അഫ്ഗാനില്‍ നടന്ന യുദ്ധത്തില്‍ 2,400 യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ അഞ്ചിന് കാബൂളില്‍ താലിബാന് നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ ഒരു യു.എസ് സൈനികനടക്കം 11 പേര് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."