ഹരിത ട്രൈബ്യൂണല്‍ വിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് കൗണ്‍സില്‍ പാസാക്കി
കൊച്ചി: പ്രതിപക്ഷ എതിര്‍പ്പുകളെ മറികടന്ന് ഹൈക്കോടതി ഉത്തരവിന് അംഗീകരം ആവശ്യപ്പെട്ടു അവതരിപ്പിച്ച അജണ്ട കൊച്ചി നഗരസഭ കൗണ്‍സില്‍ പാസാക്കി. ഹരിത ട്രൈബ്യൂണല്‍ വിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിന് അംഗീകാരം ആവശ്യപ്പെട്ടു രണ്ടാമതും കൗണ്‍സിലില്‍ അവതരിപ്പിച്ച അജണ്ട, പ്രതിപക്ഷത്തിന്റെ വാക്കാലുള്ള വിയോജിപ്പോടെയാണു പാസാക്കിയത്. കഴിഞ്ഞ കൗണ്‍സിലില്‍ വോട്ടിങ് ആവശ്യപ്പെട്ട അജണ്ട ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ അടുത്ത കൗണ്‍സിലിലേക്ക് മാറ്റുകയായിരുന്നു. അത്തരമൊരു സമ്മര്‍ദ്ദം വീണ്ടുമുണ്ടായാല്‍ മറികടക്കാന്‍ ഭരണപക്ഷത്തെ അസംപ്തൃപ്തരായ കൗണ്‍സിലര്‍മാരെവരെ സഭയിലെത്തിച്ച് മേയറും മുന്‍കരുതലെടുത്തിരുന്നു.
ഭരണപക്ഷത്തിന്റെ പിടിപ്പുകേടുമൂലം ഉണ്ടായ വിധി കൗണ്‍സിലര്‍മാര്‍ക്കു ബാധ്യതയുണ്ടാക്കുമെന്ന വാദമാണു പ്രതിപക്ഷം തുടക്കം മുതല്‍ ഉന്നയിച്ചത്. ബാധ്യത ഏറ്റെടുക്കാന്‍ സന്നദ്ധമല്ലെന്ന് പ്രതിപക്ഷം പറഞ്ഞു. വിയോജിപ്പുണ്ടെങ്കില്‍ അത് എഴുതി നല്‍കാമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞെങ്കിലും പ്രതിപക്ഷാംഗങ്ങളാരും അതിനു തയാറായില്ല.
വിധിയുണ്ടായ പശ്ചാത്തലം വിശദീകരിക്കാനെഴുന്നേറ്റ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ മിനിമോളെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കി. ചെയര്‍പേഴ്‌സണ്‍ സഭയെ തെറ്റിധരിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു ബഹളം. പൊതുചര്‍ച്ചയിമേലുള്ള മേയറുടെ മറുപടിയും പ്രതിപക്ഷം തടസപ്പെടുത്തി. ഇവരെ ശാന്തരാക്കാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടതോടെ ഹൈക്കോടതി ഉത്തരവ് ഉള്‍പ്പടെ എട്ട് അജണ്ടകള്‍ പാസാക്കിയതായി അറിയിച്ച് മേയര്‍ ഡയസ് വിട്ടുപോയി.
ബ്രഹ്മപുരത്ത് ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാത്തതിലല്ല മലിനജല സംസ്‌കാരണ സംവിധാനം ഇല്ലാത്തതിനാലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍.ജി.ടി) പിഴ വിധിച്ചതെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.പി ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. 2016 ഒക്ടോബര്‍ അഞ്ചിനു ബ്രഹ്മപുരം സന്ദര്‍ശിച്ച എന്‍.ജി.ടി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയ എട്ടു നിര്‍ദേശങ്ങളില്‍ അഞ്ചും നടപ്പാക്കിയെന്ന് ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ് പറഞ്ഞു. ഹൈക്കോടതി ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ എന്‍.ജി.ടിയുടെ വിധിച്ച പിഴ നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൗണ്‍സിലിനെ അറിയിച്ചു. പ്ലാന്റ് സ്ഥാപിക്കാന്‍ പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അഗ്‌നി സുരക്ഷാ വിഭാഗത്തിന്റെയും അനുമതികൂടി ആവശ്യമുണ്ട്. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും കിട്ടിയിട്ടില്ല. മൂന്നു മാസത്തിനുള്ളില്‍ ഇതു നേടിയെടുക്കാനായാല്‍ എന്‍ജിടി നല്‍കിയിട്ടുള്ള സമയപരിധിക്കുള്ളില്‍ പ്ലാന്റിന്റെ നിര്‍മാണം തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങളിലൊന്നും പ്രതിപക്ഷം തൃപ്തരായിരുന്നില്ല. ഭരണപക്ഷത്ത് അംഗബലം പൂര്‍ണമായതിനാല്‍ വോട്ടിങ് എന്ന ആവശ്യവും ഉന്നയിക്കാതെ ബഹളമുണ്ടാക്കി കൗണ്‍സില്‍ തടസപ്പെടുത്താനായിരുന്നു ശ്രമം. തുടര്‍ന്ന് സപ്ലിമെന്ററിയായ വന്ന അജണ്ടകള്‍ അടുത്ത കൗണ്‍സിലിലേക്ക് മാറ്റിയ ശേഷം പ്രധാന അജണ്ടകള്‍ പാസാക്കി മേയര്‍ കൗണ്‍സില്‍ യോഗം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."