കരിപ്പൂര്‍-ജിദ്ദ എയര്‍ഇന്ത്യ ജെംബോ വിമാനസര്‍വിസുകള്‍ ഡിസംബര്‍ 25 മുതല്‍
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: പ്രതിസന്ധികള്‍ക്കൊടുവില്‍ കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യയുടെ ജെംബോ വിമാന സര്‍വിസ് ഡിസംബര്‍ 25 മുതല്‍ ആരംഭിക്കും. ജിദ്ദയില്‍നിന്ന് രാത്രി 11.15ന് പുറപ്പെടുന്ന വിമാനം രാവിലെ 7.05ന് കരിപ്പൂരിലെത്തും. ഈ വിമാനം വൈകിട്ട് 5.30ന് കരിപ്പൂരില്‍നിന്ന് പുറപ്പെട്ട് രാത്രി 9.15ന് ജിദ്ദയിലെത്തും. ആഴ്ചയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വിസ്. ആറുമാസത്തിന് ശേഷം സര്‍വിസുകള്‍ വര്‍ധിപ്പിക്കും.
രാവിലെ 7.05ന് കരിപ്പൂരിലെത്തുന്ന വിമാനം 10 മണിക്കൂറിലേറെ റണ്‍വേയില്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ദില്ലയിലേക്ക് ആഭ്യന്തര സര്‍വിസിന് ശ്രമിക്കുകയാണ് എയര്‍ഇന്ത്യ. കരിപ്പൂര്‍- ഡല്‍ഹി സമയ സ്ലോട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ ലഭ്യമാക്കും. ഇതോടെ സമയ ഷെഡ്യൂള്‍ പുറത്തുവിടുകയും വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്യും.
2015ല്‍ നവീകരണത്തിന്റെ ഭാഗമായി റണ്‍വേ അടച്ചതോടെ പിന്‍വലിച്ച ജെംബോ സര്‍വിസുകളാണ് എയര്‍ഇന്ത്യ പുനരാരംഭിക്കുന്നത്. ജിദ്ദയില്‍നിന്ന് കരിപ്പൂരിലെത്തുന്ന വിമാനത്തിന്റെ മടക്കം 10 മണിക്കൂര്‍ കഴിഞ്ഞാണുള്ളത്. ഇത്രയധികം സമയം കരിപ്പൂരില്‍ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച അനിശ്ചിതത്വമാണ് നിലവില്‍ സര്‍വിസ് വൈകാന്‍ കരാണം. ഇതിനായി തിരുവനന്തപുരം, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ സെക്ടറിലേക്ക് ആഭ്യന്തര സര്‍വിസ് ഉള്‍പ്പെടുത്താനാണ് ശ്രമം. ഇതില്‍ ഡല്‍ഹി സര്‍വിസിനാണ് സാധ്യതകളേറെയുള്ളത്. കരിപ്പൂര്‍ റണ്‍വേ ഏപ്രണില്‍ നിലവില്‍ ചെറിയ 12 വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമാണുള്ളത്. വലിയ വിമാനം നിര്‍ത്തിയിടുന്നതോടെ കൂടുതല്‍ വിമാനങ്ങളുടെ പാര്‍ക്കിങ് പ്രശ്നത്തിലാവും. ഇത് ഒഴിവാക്കണമെന്ന് വിമാനത്താവള എയറോ ഡ്രോം നേരത്തെ എയര്‍ഇന്ത്യയോട് നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."