ബത്തേരിക്കു പുറമേ കൊട്ടാരക്കരയിലും വിദ്യാര്‍ഥിക്ക് പാമ്പു കടിയേറ്റു: കുട്ടി ഗുരുതരാവസ്ഥയില്‍, സ്‌കൂളധികൃതര്‍ തിരിഞ്ഞു നോക്കിയില്ല, ആന്റി വെനം നല്‍കാന്‍ താമസിച്ചതു പ്രധാനാധ്യാപികയുടെ വീഴ്ച മൂലമെന്നും ബന്ധുക്കള്‍
കൊല്ലം: സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിലെ വിവാദം കത്തി പടരവേ കൊല്ലത്തെ സ്‌കൂള്‍ വിദ്യാര്‍ഥിക്കും സമാന അനുഭവമുണ്ടായതായി ബന്ധുക്കള്‍. കുട്ടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. എന്നിട്ടും സ്‌കൂളില്‍ നിന്ന് ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സകൂളില്‍ നിന്ന് പഠനയാത്രയ്ക്കു പോകവേ പാമ്പുകടിയേറ്റ പന്ത്രണ്ടുകാരന് ചികിത്സ വൈകിച്ചുവെന്നാണ് പരാതി. പ്രധാനാധ്യാപികയുടെ വീഴ്ചയെ തുടര്‍ന്ന് കുട്ടിക്ക് ആന്റിവെനം നല്‍കാന്‍ വൈകിയതോടെയാണ് നില ഗുരുതരാവസ്ഥയിലായതെന്നാണ് ആരോപണം.
കൊട്ടാരക്കര നെടുമണ്‍കാവ് ഗവ യു.പി സ്‌കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥി എ.എസ് അഭിനവാണ് (12) പാമ്പു കടിയേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ 16നാണ് പഠനയാത്രയ്ക്കായി കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം തെന്മല വനത്തില്‍ എത്തിയത്. രാവിലെ 11.30 ഓടെയാണ് കുട്ടിയുടെ കാലില്‍ പാമ്പ് കടിയേറ്റത്.
ഉടന്‍ സ്വകാര്യ ആശുപത്രിയിലും പുനലൂര്‍ താലൂക്ക് ആശുപത്രിയിലുമെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കുട്ടിക്ക് ആന്റി വെനം കുത്തിവയ്ക്കാന്‍ രക്ഷകര്‍ത്താവിന്റെ സമ്മതപത്രം വേണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനാധ്യാപികയുടെ സമ്മതപത്രം മതിയാകുമെന്ന് പിന്നീട് പറഞ്ഞെങ്കിലും അധ്യാപിക അതു നല്‍കാന്‍ തയാറായില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കൊട്ടാരക്കരയില്‍ നിന്ന് രക്ഷിതാക്കള്‍ എത്തിയ ശേഷം ആന്റി വെനം നല്‍കിയാല്‍ മതിയെന്ന് പ്രധാനാധ്യാപിക നിര്‍ബന്ധം പിടിച്ചെന്നും, അതുകാരണം കുട്ടിയുടെ നില ഗുരുതരമായെന്നും ബന്ധുക്കള്‍ പറയുന്നു. തീര്‍ത്തും ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉച്ചയോടെയാണ് ഐ.സി.യുവിലേക്കു മാറ്റിയത്.
സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കും മറ്റും ഇന്ന് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പള്ളിമണ്‍ അജി മന്ദിരത്തില്‍ അജിത് കുമാറിന്റെയും സന്ധ്യയുടെയും മകനാണ് അഭിനവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."