ക്ഷേത്ര പരിസരത്തുള്ള ആര്‍.എസ്.എസ് ശാഖകള്‍ക്ക് താഴിടാന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ക്ഷേത്രപരിസരത്തുള്ള ആര്‍.എസ്.എസ് ശാഖകള്‍ക്ക് താഴിടാന്‍ നിയമ നിര്‍മാണവുമായി സര്‍ക്കാര്‍. ക്ഷ്രേത്ര പരിസരത്തുള്ള ആയുധ പരിശീലനവും ഡ്രില്ലുകളും തടയുന്നതിനുള്ള തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന ഭേദഗതിയുടെ കരട് ബില്ലായി.
ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന രീതിലാണ് നിയമം കൊണ്ടു വരുന്നത്. ക്ഷേത്ര പരിസരത്ത് പ്രവര്‍ത്തിക്കുന്ന ആയുധ പരിശീലന ശാഖകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ നിയമ നിര്‍മാണം നടത്തുമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചിരുന്നു.
സുപ്രിം കോടതി കഴിഞ്ഞ ദിവസം ശബരിമല ഭരണ സംവിധാനം സംബന്ധിച്ച ഹരജി പരിഗണിച്ചപ്പോള്‍ ഈ കരട് ബില്ലാണു കേരള സര്‍ക്കാര്‍ ഹാജരാക്കിയത്.
ക്ഷേത്രകാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ക്ഷേത്രങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ആയുധമുപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ പരിശീലനങ്ങള്‍ക്കോ ഡ്രില്ലിനോ ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ക്ഷേത്ര കാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്കു ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കരടു ബില്ലിലെ 31(ബി) മൂന്ന് വകുപ്പില്‍ പറയുന്നു.
31 (ബി) നാല് വകുപ്പില്‍ ക്ഷേത്രങ്ങളിലെ ആചാരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്കോ ആയുധം ഉപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ മാസ് ഡ്രില്ലിനോ ദേവസ്വം വസ്തുവകകളോ പരിസരങ്ങളോ ഏതെങ്കിലും വ്യക്തിയോ സംഘടനയോ അസോസിയേഷനോ ഉപയോഗിച്ചാല്‍ ആറ് മാസം തടവ് അല്ലെങ്കില്‍ 5,000 രൂപ പിഴ ശിക്ഷ ലഭിയ്ക്കുമെന്നും കരടില്‍ പറയുന്നു.
31(ബി)അഞ്ച് വകുപ്പനുസരിച്ച് നിയമ ലംഘനത്തിനു പൊലിസിനു നേരിട്ടു കേസെടുക്കാം.
കഴിഞ്ഞ ജനുവരിയില്‍ ബില്‍ തയാറായെങ്കിലും ശബരിമല പ്രക്ഷോഭവും ലോക്‌സഭാ തെരഞ്ഞെടുപ്പും കാരണമാണ് തുടര്‍ നടപടികള്‍ നീണ്ടത്.
ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടങ്ങി. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ബോര്‍ഡ് വേണോ, ദേവസ്വം ബോര്‍ഡിന് കീഴില്‍ അതോറിറ്റി വേണോ എന്ന കാര്യത്തിലാണ് ചര്‍ച്ച. ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ പ്രത്യേകബോര്‍ഡ് വേണമെന്ന നിര്‍ദ്ദേശമാണ് സുപ്രിംകോടതി നല്‍കിയിരിക്കുന്നത്.
പ്രത്യേക നിയമത്തിന്റെ കരട് നാലാഴ്ചക്കകം നല്‍കണമെന്ന കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആലോചനകള്‍ സജീവമാക്കിയത്.
പ്രത്യേക ബോര്‍ഡ് രൂപീകരിച്ചാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കനത്ത തിരിച്ചടിയാകും. ശബരിമല ക്ഷേത്രത്തിലെ വരുമാനത്തെ ആശ്രയിച്ചാണ് മറ്റ് 1,250 ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം. 58 ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയം പര്യാപ്തം.
അതിനാല്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് എതിര്‍പ്പുണ്ട്. എന്നാല്‍ കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."