ദര്‍ശനത്തിനെത്തിയ ആന്ധ്ര യുവതിയെ പൊലിസ് ഇടപെട്ട് പിന്തിരിപ്പിച്ചു
പത്തനംതിട്ട: അയ്യപ്പദര്‍ശനത്തിന് സന്നിധാനത്തേക്ക് പോകണമെന്നാവശ്യപ്പെട്ട് ആന്ധ്ര സ്വദേശിയായ യുവതി പമ്പയിലെത്തിയത് ആശങ്ക സൃഷ്ടിച്ചു. 48കാരിയായ ഉഷയാണ് ആവശ്യവുമായി എത്തിയത്.
ഉഷ ഉള്‍പ്പെടുന്ന തീര്‍ഥാടകസംഘം ഇന്നലെ വൈകിട്ട് 4.45ഓടെയാണ് പമ്പയിലെത്തിയത്. തുടര്‍ന്ന് പൊലിസ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സന്നിധാനത്തേക്കില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു. അതേസമയം, നിരോധനാജ്ഞയും നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിലും ശബരിമലയില്‍ ഭക്തജനത്തിരക്ക് വര്‍ധിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഒരു ലക്ഷത്തിനടുത്ത് തീര്‍ഥാടകര്‍ പതിനെട്ടാംപടി ചവിട്ടിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെയും പൊലിസിന്റെയും കണക്ക്. മുന്‍വര്‍ഷങ്ങളില്‍ ഈ കാലയളവില്‍ ഇതിന്റെ മൂന്നിരട്ടിയോളം തീര്‍ഥാടകര്‍ വന്നിരുന്നു.
അതിനിടെ, ഇന്നലെ പൊലിസിന്റെ പുതിയ ബാച്ച് സുരക്ഷാചുമതല ഏറ്റെടുത്തു. സന്നിധാനം, മരക്കൂട്ടം, പമ്പ, നിലക്കല്‍, വടശേരിക്കര, എരുമേലി എന്നിങ്ങനെ ആറു മേഖലകളായി തിരിച്ചാണ് പൊലിസ് വിന്ന്യാസം. സന്നിധാനം, മരക്കൂട്ടം, പമ്പ എന്നിവിടങ്ങളില്‍ ഐ.ജി ദിനേന്ദ്ര കശ്യപിനും നിലക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ ഐ.ജി അശോക് യാദവിനുമാണ് സുരക്ഷയുടെ മേല്‍നോട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."