പെണ്‍കുട്ടികളുടെ ഒളിച്ചോട്ടങ്ങളും പരിഹാരമാര്‍ഗങ്ങളും
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്താണ് പറ്റിയത് ? സമൂഹമാധ്യമങ്ങളിലെ സൗഹൃദക്കുരുക്കില്‍ പെട്ട് വീടുവിട്ടിറങ്ങിപ്പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. ചതിക്കുഴികള്‍ ഏറെയുണ്ട് അവര്‍ക്കുചുറ്റും. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ അവര്‍ക്കു വേണം വീടെന്ന ചിറകിന്റെ തണലും സമൂഹത്തിന്റെ കരുതലും.
കുടുംബ രീതികളിലും സ്വഭാവത്തിലും വന്ന മാറ്റങ്ങളാണ് ഊണും ഉറക്കവുമൊഴിച്ച് വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കളെ തള്ളിപ്പറഞ്ഞ് ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോകാന്‍ ഇവരെ പ്രാപ്തരാക്കുന്നതെന്ന വസ്തുത രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞേ തീരു. മാനസികസമ്മര്‍ദവും കുടുംബപ്രശ്‌നങ്ങളും തുടങ്ങി വാട്‌സ്ആപ്പ്, ഫേസ്ബുക്ക് സൗഹൃദങ്ങള്‍ വരെയുണ്ട് പ്രതിസ്ഥാനത്ത്. മാനസികസമ്മര്‍ദം ഒഴിവാക്കാന്‍ കുട്ടികള്‍ വെര്‍ച്വല്‍ ലോകത്തെ സൗഹൃദങ്ങളില്‍ അഭയം തേടുകയാണ് പലപ്പോഴും. ആത്മഹത്യക്കും കൊലയ്ക്കുമിടയിലാണ് നമ്മുടെ പെണ്‍കുട്ടികളെന്നാണ് പുതിയ കണ്ടെത്തല്‍.
കാമുകനൊപ്പം ഒളിച്ചോടുന്ന നൂറുകണക്കിനു പെണ്‍കുട്ടികള്‍ക്കു പുറമെ സംസ്ഥാനത്തുനിന്ന് എല്ലാ വര്‍ഷവും ശരാശരി 150 സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ചാണിത്. 2010ല്‍ കേരളത്തില്‍ നിന്ന് കാണാതായത് 184 പേരെയാണ്. 2011ല്‍ 221 പേരെയും 2012ല്‍ 214 പേരെയും കാണാതായി. 2013ല്‍ 185 പേരെ കാണാതായപ്പോള്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 145 കേസുകളാണ്.
ഈ വര്‍ഷം ഏപ്രില്‍ വരെ 43 പേരെ കാണാതായതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. സാമൂഹമാധ്യമങ്ങളിലെ സൗഹൃദ കുരുക്കില്‍പെട്ട് വീട് വിട്ടിറങ്ങിപ്പോകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വര്‍ധനവാണുള്ളത്. നാലു വര്‍ഷത്തിലേറെയായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയിട്ട്. പെണ്‍കുട്ടികള്‍ സ്വയം വീടുവിട്ടിറങ്ങിപ്പോകുന്ന കേസുകളാണ് ഏറെയും. രജിസ്റ്റര്‍ ചെയ്യുന്നവയില്‍ 40 ശതമാനം വരെ കേസുകളില്‍ മാത്രമാണ് പെണ്‍കുട്ടികളെ കണ്ടെത്താനാകുന്നത്. ശേഷിക്കുന്നവര്‍ എവിടേക്ക് പോകുന്നുവെന്നത് ചോദ്യമായി ശേഷിക്കുകയാണ്. കാമുകനുമായുള്ള ഒളിച്ചോട്ടത്തിനൊപ്പം വീട്ടില്‍ നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍ ഭയന്നുള്ള ഒളിച്ചോട്ടങ്ങളും വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിനുപുറമേയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കുരുക്കുകള്‍. ചുറ്റുമുള്ള ചതിക്കുഴികളെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ വലിയ തോതില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നാണ് അനുഭവങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത്.
ഇന്ന് കൗമാരക്കാര്‍ക്കിടയിലെ സ്വന്തം കുടുംബത്തോടുള്ള 'യുദ്ധ'ങ്ങളിലേറെയും മൊബൈലിനും ടാബിനുമെല്ലാം വേണ്ടിയാണെന്നത് ഏറെ ഗൗരവത്തോടെ തന്നെ പരിശോധിക്കണം. മൊബൈലിലും കംപ്യൂട്ടറിലുമെല്ലാം സ്വന്തം കുട്ടി എന്താണ് കാണുന്നതെന്ന് വിലയിരുത്താനുള്ള ഗ്രാഹ്യമൊന്നും സാധാരണ ഒരു രക്ഷിതാവിനില്ല.
കുട്ടിയുടെ ശാഠ്യത്തിന് മുന്നില്‍ തോല്‍വി സമ്മതിച്ച് അത്യാധുനിക ഫോണും നെറ്റ് ബുക്കുമെല്ലാം വാങ്ങിക്കൊടുക്കേണ്ടിവരുന്നുവെന്നാണ് മനസ്സിലാകുന്നത്. രക്ഷിതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങളായിരുന്നു മുന്‍പ് വിദ്യാര്‍ഥികളെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ ഇന്നത്തെ വിദ്യാര്‍ഥികളില്‍ വലിയൊരു ശതമാനത്തിനും കുടുംബമൊന്നും പ്രശ്‌നമേയല്ല.
ഫോണും കംപ്യൂട്ടറും അടിച്ചുപൊളിച്ചുള്ള ലൈഫുമൊക്കെയാണ് അവര്‍ക്ക് പ്രധാനം. പണം കണ്ടെത്താനുള്ള വഴികളും ഇവര്‍ തന്നെ കണ്ടെത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കിലും, വാട്‌സ്ആപ്പിലുമൊക്കെ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കൗമാരക്കാര്‍ പലരും ബോധവാന്മാരല്ല. പല്ലുതേക്കുന്നതിന്റെയും കുളിക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുന്നവരുണ്ട്. മാത്രമല്ല കംപ്യൂട്ടറിന്റെയും ഫോണിന്റെയുമെല്ലാം കൂടിയ ഉപയോഗം മാനസികപ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കുന്നു. ഇക്കാര്യത്തില്‍ കൗമാരക്കാരേക്കാള്‍ ബോധവല്‍ക്കരണം ആവശ്യം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ്. വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ കര്‍ശനമായി നിരോധിക്കണം. ഈ നിരോധനം ലംഘിച്ച് മക്കള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കാതിരിക്കാനുള്ള ആര്‍ജവം രക്ഷിതാക്കളും കാണിക്കണം.
മൊബൈല്‍ ഉപയോഗത്തെ സുരക്ഷയുമായി ബന്ധപ്പെടുത്തി ന്യായീകരിക്കുന്ന രക്ഷിതാക്കളുണ്ട്. ആന്‍ഡ്രോയ്ഡ് സംവിധാനമുള്ള ഫോണൊന്നും മക്കളുടെ 'സുരക്ഷ'യ്ക്ക് ആവശ്യമില്ലല്ലോ. വിദ്യാര്‍ഥികള്‍ക്ക് വഴി തെളിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും നേതൃത്വത്തില്‍ പദ്ധതികളേറെയുണ്ട്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കിടയില്‍ തുടക്കമിട്ട സൗഹൃദ ക്ലബ്ബ് മുതല്‍ പുതിയ ഒ.ആര്‍.സി. (അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതി വരെ നീളും ഈ പട്ടിക. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ തൊഴില്‍ പഠന സാധ്യതകളെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന് 2003ല്‍ തുടക്കമായിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് സൗഹൃദ ക്ലബ്ബ് തുടങ്ങിയത്. അമ്പലപ്പുഴയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികളെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് സൗഹൃദ ക്ലബ്ബിലേക്ക് നയിച്ചത്. കൗമാരക്കാര്‍ അഭിമുഖീകരിക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് 1202 സ്‌കൂളുകളില്‍ സൗഹൃദ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യപരിപാലനത്തിലുള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധരുടെ ക്ലാസുകള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. അമ്മമാര്‍ക്കായി അമ്മ അറിയാന്‍ എന്ന പേരില്‍ ക്ലാസുകളും. വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ ഓരോ സ്‌കൂളിലും അധ്യാപകപ്രതിനിധികളെ സൗഹൃദ ക്ലബ്ബ് കോ ഓ-ഡിനേറ്ററായി നിയമിച്ചിട്ടുണ്ട്. പരസ്യമായി പുറത്തുപറയാന്‍ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങള്‍ സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്‌സില്‍ എഴുതി നിക്ഷേപിക്കാം.
മാനസികപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരെ തിരിച്ചറിഞ്ഞ് പ്രത്യേകം കൗണ്‍സലിങ് നല്‍കാനും സംവിധാനമുണ്ട്. ശാരീരികമായ കരുത്ത് വര്‍ധിപ്പിക്കാന്‍ ആയോധനപരിശീലനവും ചില സ്‌കൂളുകളില്‍ നടപ്പാക്കിയിട്ടുണ്ട്. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, ശാരീരികമായും മാനസികമായും നേരിടുന്ന വെല്ലുവിളികള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളുടെ സ്വാധീനം എന്നിവയെല്ലാം വിലയിരുത്തപ്പെടുകയും ഇതേക്കുറിച്ച് നമ്മുടെ കുഞ്ഞുങ്ങളില്‍ കൃത്യമായ അവബോധം ഉണ്ടാക്കുകയും ചെയ്തില്ലെങ്കില്‍ ഫലം നിരാശജനകമായിരിക്കും.
ജീവിതം മായക്കാഴ്ചയാകരുത്
ലൗ ജിഹാദ് എന്ന പേരില്‍ ഒരുമതത്തില്‍ നിന്നു മറ്റൊരു മതത്തിലേക്ക് മതംമാറ്റം നടത്തുന്നതിനുവേണ്ടിയുളള പ്രണയങ്ങള്‍ എന്ന മട്ടിലാണ് ഒളിച്ചോട്ടങ്ങളെ കേരളത്തില്‍ പോലും കാലങ്ങളായി ചിത്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും നമ്മുടെ പെണ്‍കുട്ടികളെ ബാധിക്കുന്ന ഇത്തരം വിവാഹങ്ങളുടെ ബാക്കിപത്രം പത്രമാധ്യമങ്ങളോ ചാനല്‍ ചര്‍ച്ചകളോ സാംസ്‌കാരിക നേതാക്കള്‍, എഴുത്തുകാര്‍ എന്നിവരൊന്നും പരിശോധിക്കുന്നില്ല എന്നതാണ് കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്ന ചില വാര്‍ത്തകളും അനുഭവങ്ങളും തെളിയിക്കുന്നത്.
ഈ വിഷയത്തില്‍ ഫലപ്രദമായൊരു കാല്‍വയ്പ്പ് നടത്തേണ്ടിയിരിക്കുന്നു. ഇത് രണ്ട് വ്യത്യസ്ത മതത്തിലുള്ളവര്‍ തമ്മില്‍ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ല. മറിച്ച് ജീവിതവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തൊരു സമൂഹം അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍, അതിലൂടെ തകരുന്ന കുടുംബബന്ധങ്ങളും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളുമാണ് യഥാര്‍ഥത്തില്‍ പരിഗണിക്കേണ്ടതും നാം ഒരുമിച്ച് പ്രതികരിക്കേണ്ടതും. കാരണം ഈ അടുത്ത് പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ പോലും അതിനുശേഷം വന്ന ചാനല്‍ ചര്‍ച്ചകള്‍ എടുത്തുപരിശോധിച്ചാല്‍ സിനിമകള്‍ എപ്രകാരമാണ് കൗമാര മനസ്സുകളെ സ്വാധീനിക്കുന്നതെന്നും വഴിതെറ്റിക്കുന്നതെന്നും നമുക്കു മനസ്സിലാകും. പ്രേമം പോലുള്ള സിനിമകളെ ഒരു തലമുറ അപ്പാടെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുകയും ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ മറക്കുകയും ചെയ്യുകയാണ്. അഭ്യസ്തവിദ്യരാണ് നമ്മുടെ മക്കളെങ്കിലും യഥാര്‍ഥ ജീവിതമല്ല സിനിമ എന്ന തിരിച്ചറിവ് അവര്‍ക്കില്ലാതെ പോകുകയാണ്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ പോലും തങ്ങളുടെ വീട്ടിലുള്ള അംഗങ്ങള്‍ക്കിടയില്‍ കൃത്യമായൊരു അവബോധം സൃഷ്ടിക്കുന്നതില്‍ അമ്പേ പരാജയപ്പെടുകയാണ്. ആ അവബോധം അവര്‍ക്ക് പകര്‍ന്നു നല്‍കുക എന്നതാണ് ഒന്നാമത്തെ കാര്യം.
ഇത്തരം വിഷയങ്ങള്‍ സുപ്രഭാതം ഏറ്റെടുത്തതുപോലെ പൊതുസമൂഹം പുറത്തു ചര്‍ച്ച ചെയ്യണം. ഒളിച്ചോട്ടങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് കൗണ്‍സിലര്‍മാര്‍, നിരീക്ഷകര്‍ എന്നിവര്‍ എങ്ങനെ വിലയിരുത്തുന്നു എന്നത് ചര്‍ച്ചയായി പൊതുസമൂഹത്തിനു മുന്നില്‍ വരേണ്ടതുണ്ട്. അല്ലാത്ത പക്ഷം വ്യക്തി ജീവിത തകര്‍ച്ച, കുടുംബതകര്‍ച്ച, സുരക്ഷിത സമൂഹത്തിനുണ്ടാകുന്ന ആഘാതം എന്നിവയൊക്കെയാണ് സംഭവിക്കുക.
മാതാപിതാക്കളോട് എന്തും തുറന്നുപറയാനുള്ള ഇഷ്ടം മക്കള്‍ക്ക് ഉണ്ടാകണം. മാതാപിതാക്കളുമായും അധ്യാപകരുമായും എന്തും ചര്‍ച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം, തന്റെ ഭാവി ഇണയെക്കുറിച്ച്, ആഗ്രഹങ്ങളെക്കുറിച്ച് എന്നിവയെക്കുറിച്ചെല്ലാം തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാനുള്ള അവസരം കുട്ടികള്‍ക്കുണ്ടാവണം.
അത് ഒരിക്കലും മിഥ്യാധാരണയൊ മായക്കാഴ്ചയോ ആകുകയുമരുത്. അപകടങ്ങളില്‍ നിന്നും ചതിക്കുഴികളില്‍ നിന്നും ഇവരെ രക്ഷപ്പെടുത്താനുള്ള വലിയൊരു സാധ്യത ഇതിലുണ്ട്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ചതിക്കുഴികള്‍, അതിലൂടെയുള്ള അപഥ സഞ്ചാരങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഇതേക്കുറിച്ചുള്ള അവബോധം കലാലയങ്ങളില്‍ പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. വനിതാക്ഷേമ വകുപ്പിന് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനാകും. വിദ്യാര്‍ഥികളെക്കുറിച്ച് മാത്രമല്ല വിവാഹിതരായ, മക്കളുള്ളവരെക്കുറിച്ചും ഇത്തരത്തില്‍ പരാതിയുണ്ട്. എന്തിലാണ് ഇത്തരക്കാരുടെ സമയങ്ങള്‍ ചെലവഴിക്കുന്നത് എന്നത് വലിയ വിഷയമാണ്. സമയം സിനിമക്കും സീരിയലിനും വേണ്ടി ചെലവഴിക്കുന്ന സ്ത്രീസമൂഹത്തില്‍ നിന്നു ഇങ്ങനെയൊക്കെയുള്ള വിഷയങ്ങള്‍ തന്നെയാണ് നമുക്ക് പ്രതീക്ഷിക്കാനാവുക.
ഒളിച്ചോട്ടങ്ങള്‍ക്കു പിന്നില്‍ പ്രണയമല്ല
വളര്‍ത്തിവലുതാക്കിയ രക്ഷിതാക്കളെ വിട്ട് കുട്ടികള്‍ എന്തുകൊണ്ട് ഒളിച്ചോടുന്നു എന്നത് ഗൗരവമായിത്തന്നെ ചിന്തിക്കണം. കപട സദാചാരത്തിന്റെ മുഖംമൂടിയിലാണ് നമ്മളും നമ്മുടെ കുഞ്ഞുങ്ങളും ജീവിക്കുന്നത്.
നമ്മളേക്കാള്‍ ചുരുങ്ങിയത് 25 വര്‍ഷം മുമ്പേ ചിന്തിക്കുന്നവരാണ് നമ്മുടെ കുട്ടികള്‍. അതുകൊണ്ടുതന്നെ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോഴും അതേ വ്യത്യാസത്തില്‍ ചിന്തിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ടുവേണം വിഷയത്തെ സമീപിക്കാന്‍.
വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍ പോലും ഇക്കാര്യത്തില്‍ വളരെ പിറകിലാണ്. മക്കളുടെ ഓരോ വളര്‍ച്ചാഘട്ടത്തിലും അവര്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുത്താല്‍ അതിന്റെ പേരില്‍ വഴിതെറ്റുമോയെന്നാണ് പല രക്ഷിതാക്കളുടേയും ആശങ്ക. അതേസമയം അറിയേണ്ട കാര്യങ്ങള്‍ അറിയേണ്ട രീതിയില്‍, യഥാര്‍ഥ ഉറവിടത്തില്‍ നിന്ന് അറിയാതിരിക്കുകയും ഭയപ്പാടില്ലാതെയും വിശ്വസിച്ചും രക്ഷിതാക്കളോട് സംവദിക്കാന്‍ പറ്റുന്ന സാഹചര്യം കുട്ടികള്‍ക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നതാണ് ഇന്നുകാണുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പലപ്പോഴും സുഹൃത്തുക്കളെ ആശ്രയിക്കേണ്ടി വരുന്നു.
ഇത്തരം ആശയക്കൈമാറ്റങ്ങളിലൂടെ പലപ്പോഴും മനസ്സുകളുടെ നിയന്ത്രണങ്ങള്‍പോലും കൈമാറ്റം ചെയ്യപ്പെടുന്നു. ഇത്തരത്തില്‍ സമൂഹം ഇഷ്ടപ്പെടാത്ത ബന്ധങ്ങളിലേക്ക് എത്തുന്നവര്‍ ധാരാളമുണ്ട്. അതോടൊപ്പം ശരിയായ മതപഠനം ഇല്ലാത്തതും പ്രതിസന്ധിയുടെ ആഴംവര്‍ധിപ്പിക്കുന്നു.
നമ്മുടെ കുട്ടികള്‍ എല്ലാമതവിഭാഗങ്ങളില്‍ പെട്ടവരുമായും ഇടപഴകാനും ആശയക്കൈമാറ്റം നടത്തുവാനും പറ്റുന്ന സാഹചര്യങ്ങളുള്ള വിദ്യാലയങ്ങളില്‍വേണം പഠിച്ചുവളരാന്‍. കുട്ടികള്‍ ഒളിച്ചോടുന്നത് അവര്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കിയതുകൊണ്ടാണെന്ന് പലപ്പോഴും കുറ്റപ്പെടുത്തലുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, അതല്ല വസ്തുത. യഥാര്‍ഥത്തില്‍ അവര്‍ക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യം യഥാവിധി ലഭിക്കാത്തതുകൊണ്ടാണ് പലപ്പോഴും കുട്ടികള്‍ ഒളിച്ചോടുന്നത്. കുടുംബ കോടതികളില്‍ പ്രശ്‌നങ്ങളുമായി എത്തുന്ന ദമ്പതികളില്‍ നല്ലൊരു ശതമാനവും തടവറയിലെന്നപോലെ വളര്‍ന്നവരാണ്.
കുട്ടികളെ കുടുംബത്തിലും വിദ്യാലയങ്ങളിലും സമൂഹത്തിലും കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയില്‍ വേണം വളര്‍ത്താന്‍. സാമൂഹ്യവിഷയങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ലഭിക്കുന്നതോടെ ശരി തെറ്റുകളെക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ ശക്തമാകും. ഒളിച്ചോട്ടങ്ങള്‍ക്കു പിന്നില്‍ പ്രണയത്തിന്റെ അംശമേയില്ലെന്ന് പറയാന്‍ കഴിയും. പകരം കാമമാണ് കമിതാക്കളെ നയിക്കുന്നത്. കുട്ടികള്‍ക്ക് ആവശ്യത്തിലധികം ഒഴിവുസമയവും ഏകാന്തതയും ലഭിക്കുമ്പോഴാണ് തെറ്റായ രീതികളിലേക്ക് അവര്‍ നീങ്ങുന്നത്. അവരെ കലാകായിക രംഗത്ത് സജീവമാക്കിയാല്‍ ചിന്താധാരകള്‍ ക്രിയാത്മകമാകുകയും സെക്‌സ് അധിഷ്ടിത ചിന്തകളിലേക്ക് തെന്നിപ്പോകുന്നത് തടയാനും കഴിയും. മുന്‍കാലങ്ങളില്‍ ധാര്‍മിക വിദ്യാഭ്യാസം ഒരു പാഠ്യവിഷയമായിരുന്നു.ഇപ്പോള്‍ അത് ഇല്ലെന്നുതന്നെ വേണം പറയാന്‍. സമൂഹമാധ്യമങ്ങളുടെ അതിപ്രസരവും കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. സിനിമയിലായാലും സീരിയലിലായാലും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ദൃശ്യങ്ങളും കഥകളും കുട്ടികളെ ഇരുട്ടിന്റെ മായിക ലോകത്തേക്ക് നയിക്കുകയാണ്. കുട്ടികള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസവും നല്‍കണം.
വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നീ മാധ്യമങ്ങളുടെ ഉപയോഗം കൃത്യമായി നിരീക്ഷിക്കേണ്ട ചുമതല രക്ഷിതാക്കള്‍ക്കു തന്നെയാണ്. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണത്തോടൊപ്പം കര്‍ശന നിയന്ത്രണങ്ങളും ഉണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."