ഉണ്ണുന്നതിനും ഉടുക്കുന്നതിനുമല്ല, അഴിമതിക്കെതിരേയാകണം പെരുമാറ്റച്ചട്ടം
ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പെരുമാറ്റച്ചട്ടം നടപ്പാക്കുന്ന വാര്‍ത്ത പുറത്തുവന്നതിന്റെ പിന്നാലെയാണു കേരളത്തില്‍നിന്നു ബി.ജെ.പി നേതാക്കളുടെ പേരില്‍ മെഡിക്കല്‍ കോളജ് കോഴവിവാദം ദേശീയശ്രദ്ധയിലേയ്ക്ക് എത്തുന്നത്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്നു രാജ്യത്തു മുന്നിലെങ്കില്‍ ഇന്ന് ഇക്കാര്യത്തിലും ബി.ജെ.പി വലിയൊരു മുന്നേറ്റമാണു നടത്തികൊണ്ടിരിക്കുന്നത്.
സ്വാതന്ത്ര്യപ്രാപ്തിയുടെ കാലംമുതല്‍ രാജ്യത്ത് അഴിമതിയുണ്ട് എന്നതു വസ്തുതയാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് അതു ശൈശവദശയിലായിരുന്നെങ്കില്‍ പില്‍ക്കാല കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ ഭരണത്തില്‍ അതു വളര്‍ന്നുവളര്‍ന്ന് അവസാനം മന്‍മോഹന്‍സിങിന്റെ കാലത്തെത്തിയപ്പോള്‍ പന്തലിക്കുന്ന അവസ്ഥയിലെത്തി.
നെഹ്‌റു ജനകീയ നേതാവായിരുന്നതിനാല്‍ അദ്ദേഹത്തിനു വേണമെങ്കില്‍ അഴിമതിക്കാരെ പുറത്താക്കാമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ഒറ്റക്കക്ഷി ഭരണത്തില്‍ നല്ലൊരു ഭാഗം അഴിമതിക്കാരായി മാറി. അക്കാലത്തെ പഞ്ചാബ് മുഖ്യമന്ത്രി പ്രതാപ് സിങ് കെയ്‌റോണിനെയും ജമ്മുകശ്മിര്‍ മുഖ്യമന്ത്രി ബക്ഷി ഗുലാം അഹമ്മദ
ിനെയുംപോലുള്ള വലിയ നേതാക്കള്‍ അഴിമതിക്കാരായി മാറിയപ്പോള്‍ നെഹ്‌റു കണ്ടില്ലെന്നു നടിച്ചു.
ഇന്ദിരാഗാന്ധിയുടെ കാലത്ത് നേതാക്കള്‍ നേരിട്ട് അഴിമതിയില്‍ പങ്കാളികളാകുന്ന അവസ്ഥയുണ്ടായി. സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസിനെ സഹായിക്കാന്‍ ജി.ഡി ബിര്‍ളയെപ്പോലുള്ള വ്യവസായികള്‍ രംഗത്തുണ്ടായിരുന്നു. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോള്‍ അവര്‍ നേരത്തേ വിതച്ചതു കൊയ്യുകയും മെതിക്കുകയും ചെയ്തു.
ഇക്കാലത്ത് കോണ്‍ഗ്രസ്സിന്റെ അഴിമതിക്കെതിരേ പോരാട്ടം പ്രഖ്യാപിച്ചു രംഗത്തുവന്നവരാണു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനസംഘം, സ്വതന്ത്രപാര്‍ട്ടി എന്നിവ. ഇവയില്‍ സ്വതന്ത്രപാര്‍ട്ടി ഇല്ലാതാകുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും പലതായി പിളരുകയും ചെയ്തു. ഈ പാര്‍ട്ടികളെല്ലാം അഴിമതിക്കെതിരായി ശക്തമായി നിലകൊണ്ടായിരുന്നു ശ്രദ്ധയാകര്‍ഷിച്ചതും വേരോട്ടം നടത്തിയതും. നാലു പാര്‍ട്ടികളും അവരുടേതായ വ്യത്യസ്തരീതിയിലായിരുന്നു കോണ്‍ഗ്രസിനെതിരായ ചെറുത്തുനില്‍പ്പു നടത്തിയത്.
ഭരണം കൈയാളുന്ന കോണ്‍ഗ്രസിനൊപ്പമായിരുന്നു വ്യവസായികളെല്ലാം എന്നതിനാല്‍ ഈ പാര്‍ട്ടികള്‍ക്കു വന്‍കിട വ്യവസായികള്‍ക്കും ലോബികള്‍ക്കുമെതിരേ നിലപാടു സ്വീകരിക്കാന്‍ പെട്ടെന്നു കഴിഞ്ഞു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇവര്‍ക്ക് അധികാരമില്ലാത്തതിനാല്‍ പണംനല്‍കാന്‍ ആരുമില്ലായിരുന്നു. പിന്നീട് ഈ പാര്‍ട്ടികള്‍ ചില സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇവരുടെ നേതാക്കളും അഴിമതിയില്‍ മുങ്ങിക്കുളിച്ചതു നാം കണ്ടതാണ്.
ജനസംഘം ബി.ജെ.പിയായി വളര്‍ന്നതും അധികാരത്തിലെത്തുന്നതും കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരേ ശക്തമായ പ്രചാരണം നടത്തിയാണ്. ഇതിന് ഒരുപരിധിവരെ ബി.ജെ.പിക്കു കഴിഞ്ഞത് ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രപരമായ സംഘടനാസംവിധാനവും നേതാക്കളുടെ ലളിതജീവിതശൈലിയുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പ്രത്യയശാസ്ത്രത്തിലും പ്രവര്‍ത്തനരീതിയിലും സമാനമായ സംവിധാനമുണ്ടായിരുന്നു.
അധികാരമില്ലാത്തതിനാല്‍ അഴിമതിക്കു സാധ്യതയില്ലായിരുന്നു എന്നതുപോലെ പ്രത്യയശാസ്ത്രത്തില്‍ ഭ്രാന്തമായി വിശ്വസിച്ചു പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് സ്വത്തു സമ്പാദിക്കാനുള്ള ആഗ്രഹവും ഇല്ലായിരുന്നു. പല ആര്‍.എസ്.എസ് നേതാക്കളും കുടുംബജീവിതം ഉപേക്ഷിച്ചു പ്രവര്‍ത്തിച്ചിരുന്നവരായതിനാല്‍ മക്കളും മരുമക്കളും ഇല്ലായിരുന്നു. അതുകൊണ്ട് അവര്‍ക്കു പൊതുപ്രവര്‍ത്തനത്തിനൊപ്പം സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.
കാലം മാറി പുതിയതലമുറ നേതൃത്വത്തില്‍ വന്നപ്പോള്‍ ഈ രീതി മാറി. 50 കൊല്ലം കോണ്‍ഗ്രസിന്റെ അഴിമതിയെ എതിര്‍ത്തു വോട്ട് നേടിയ ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍തന്നെ കോണ്‍ഗ്രസിനെ വെല്ലുന്ന അഴിമതിക്കാരായി മാറി. ബി.ജെ.പിയെ പുറത്താക്കി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു.പി.എ എന്ന കൂട്ടുകക്ഷി ഭരണത്തിലേയ്ക്കു രാജ്യം മാറിയപ്പോഴും അഴിമതിക്കു കുറവുണ്ടായില്ല. കാരണം, അപ്പോള്‍ പൊതുരംഗത്തുള്ള പലര്‍ക്കും അഴിമതി ജീവിതശൈലിയായി മാറിയിരുന്നു. അഴിമതിക്കാരല്ലാത്ത നേതാക്കള്‍ക്കു നിസ്സഹായരായി നോക്കി നില്‍ക്കേണ്ട അവസ്ഥയുണ്ടായി. അഴിമതിവിരുദ്ധപ്രതിച്ഛായയുള്ള എ.കെ.ആന്റണിയുടെ വകുപ്പില്‍പോലും അഴിമതിയാരോപണമുയര്‍ന്നു. ഇപ്പോള്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതു മുഖസൗന്ദര്യം കൊണ്ടല്ല, അഴിമതി ഭരണത്തിനെതിരേയുള്ള ജനപ്രതികരണത്തിന്റെ ഭാഗമായാണ്.
ഇന്നു കേരളത്തില്‍നിന്ന് ഉരുത്തിരിഞ്ഞ മെഡിക്കല്‍ കോളജ് കോഴവിവാദത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മോദിയുടെ ഭരണത്തിലെ അഴിമതിയിലേയ്ക്കാണു വിരല്‍ചൂണ്ടുന്നത്. കേരളത്തില്‍ അധികാരത്തിലേയ്ക്ക് എത്താന്‍ വിദൂരസാധ്യതപോലും കാണാന്‍ കഴിയാത്ത ബി.ജെ.പി നേതാക്കള്‍ക്കു കോഴ വാങ്ങാന്‍ കഴിയുമെങ്കില്‍ ഇവര്‍ക്ക് അധികാരമുള്ള കേന്ദ്രങ്ങളിലെ അവസ്ഥ ജനം വിലയിരുത്തുകയാണ്.
കോഴവിവാദം ബി.ജെ.പിയെ കടുത്തപ്രതിസന്ധിയിലാക്കുകയാണ്. കെ.ജി മാരാരുടെയും കെ.രാമന്‍പിള്ളയുടെയും കാലഘട്ടത്തില്‍ ഇല്ലാതിരുന്ന അവസ്ഥയിലേയ്ക്ക് ബി.ജെ.പിയും ആര്‍.എസ്.എസും നീങ്ങി. ബി.ജെ.പി കേന്ദ്രത്തില്‍ നേരത്തേ അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിലെ നേതാക്കള്‍ പെട്രോള്‍ പമ്പിന്റെ പേരിലായിരുന്നു അഴിമതി നടത്തിയത്. ഇക്കുറി മുഴങ്ങുന്നതു മെഡിക്കല്‍ കോളജിന്റെ കാര്യത്തിലാണ്. ബി.ജെ.പിയിലെ അഴിമതിയും വിഭാഗീതയും ഇല്ലാതാക്കാന്‍ ആര്‍.എസ്.എസ് അവരുടെ തുറപ്പുഗുലാനെന്നപോലെ രാഷ്ട്രീയത്തിലേയ്ക്കു കെട്ടിയിറക്കിയതാണു കുമ്മനം രാജശേഖരനെ. ബി.ജെ.പി പ്രസിഡന്റാകുന്നതിനു മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തനമണ്ഡലത്തില്‍ മാത്രം ഒതുങ്ങിനിന്ന കുമ്മനത്തിലൂടെ ഒരു ശുദ്ധികലശമായിരുന്നു ആര്‍.എസ്,എസും കേന്ദ്രനേതൃത്വവും പ്രതീക്ഷിച്ചിരുന്നത്.
പുതിയ വിവാദത്തോടെ ആ പ്രതീക്ഷയും നഷ്ടമായിരിക്കുകയാണ്. എന്തു കഴിക്കണം, എന്ത് ഉടുക്കണം എന്നു നിര്‍ദേശിക്കുന്നതിനേക്കാള്‍ അഴിമതിയുടെ കാര്യത്തില്‍ ഒരു പെരുമാറ്റച്ചട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു തീര്‍ക്കുകയാണു ആര്‍.എസ്.എസ് നേതൃത്വം വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."