പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ല: സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭക്കുള്ളില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഏതെങ്കിലും വിഷയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവോ അംഗങ്ങളോ സമീപിച്ചിട്ടുണ്ടെങ്കില്‍ അനുവദിച്ചിട്ടുണ്ട്.
സഭാസമ്മേളനത്തില്‍ ഏറ്റവും സുപ്രധാനമായ ചോദ്യോത്തരവേള സസ്‌പെന്റ് ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ശരിയല്ല. അത് സഭയിലെ മുഴുവന്‍ അംഗങ്ങളുടെയും അവകാശത്തെ ലംഘിക്കുന്നതാണ്. ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ ഇഷ്ടാനുഷ്ടങ്ങള്‍ നോക്കിയല്ല സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനത്തില്‍ സ്പീക്കര്‍ക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പ്രതിപക്ഷത്തിന്റെ എല്ലാ വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്നു. തനിക്കെതിരായ വിമര്‍ശനങ്ങളെ വ്യക്തിപരമായി കാണുന്നില്ല. വിമര്‍ശനങ്ങളോട് അസഹിഷ്ണുതയില്ല. പ്രതിപക്ഷം സഭക്കുള്ളില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാരീതികളും അംഗീകരിക്കാന്‍ കഴിയില്ല.
ശബരിമല വിഷയം സഭ സമഗ്രമായി ചര്‍ച്ച ചെയ്‌തെന്നാണ് തന്റെ വിശ്വാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.എസ് ശിവകുമാറും മണിക്കൂറുകളോളം സംസാരിക്കുകയും മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു. ഒരേ വിഷയം ആവര്‍ത്തിച്ച് അടിയന്തരപ്രമേയമായി കൊണ്ടുവരുന്നത് ശരിയായ നടപടിയല്ലെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."