52 പവന് സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ഹോംനഴ്സ് പിടിയില്‍
അന്തിക്കാട്(തൃശൂര്‍): 52 പവന് സ്വര്‍ണാഭരണങ്ങളും ഡയമണ്ട് റിങ്ങും 12,000 രൂപയും കവര്‍ന്ന ഹോംനഴ്സിനെ ചേര്‍പ്പ് പൊലിസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര തേവലംപാറ പാലത്തുംതലയ്ക്കല്‍ സൂസന് ആന്റണിയെ(45) യാണ് എസ്.ഐ എസ്.ആര്. സനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചേര്‍പ്പ് പാലയ്ക്കലിലെ പരേതനായ കൈതക്കോടന്‍ ലോനപ്പന്റെ ഭാര്യ എല്‍സിയുടെ (63) വീട്ടില്‍ നിന്നാണ് ഇവര്‍ സ്വര്‍ണം മോഷ്ടിച്ചത്. രണ്ടര വര്‍ഷത്തോളമായി എല്‍സിയുടെ വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. എല്‍സിയുടെ ഭര്‍ത്താവ് ലോനപ്പന്റെ മരണശേഷമാണ് ഇവരെ പരിചരിക്കുന്നതിന് സൂസന് കോട്ടയത്തെ ഹോം നഴ്സിങ് ഏജന്‍സി വഴി ഇവിടെ എത്തിയത്. മൂന്ന് പെണ് മക്കളും ജോലിയുമായി കേരളത്തിനു പുറത്തായിരുന്നതിനാല്‍ എല്‍സി തനിച്ചായിരുന്നു വീട്ടില്‍ കഴിഞ്ഞിരുന്നത്.
സ്വര്‍ണാഭരണങ്ങളും പണവും വീട്ടിലെ അലമാരയില്‍ സൂക്ഷിക്കുന്നത് സൂസന് അറിയാമായിരുന്നു. കഴിഞ്ഞ നാലിന് മുംബൈയില്‍ കഴിയുന്ന മകളുടെ അടുത്തേക്ക് പോകുന്നതിനാല്‍ മൂന്നാം തിയതി സൂസനെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. പിറ്റേന്ന് മുംബൈക്ക് പോകുന്ന സമയത്ത് സ്വര്‍ണം വച്ചിരുന്ന അലമാര എല്‍സി പരിശോധിച്ചപ്പോഴാണ് 52 പവന് ആഭരണങ്ങളും ഡയമണ്ട് റിങ്ങും 12,000 രൂപയും മോഷണം പോയതായി അറിഞ്ഞത്. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കൊട്ടാരക്കരയിലെ വീട്ടില്‍ നിന്നാണ് സൂസനെ അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് മോഷണം പോയ പത്ത് പവനോളം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. മറ്റു സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചതിനെ കുറിച്ചും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."