HOME
DETAILS

അറബി ഉറുദു യൂനാനി മലബാര്‍ അംബാസഡര്‍

  
backup
July 30 2017 | 01:07 AM

%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf-%e0%b4%89%e0%b4%b1%e0%b5%81%e0%b4%a6%e0%b5%81-%e0%b4%af%e0%b5%82%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d

വേലായുധന്‍, ബാലകൃഷ്ണന്‍, ജയശ്രീ, ദേവകി, ചാത്തന്‍കുട്ടി, കണ്ണന്‍കുട്ടി...

സാധാരണ മുസ്‌ലിം പേരുകള്‍ മാത്രം കണ്ടു പരിചയിച്ച ഉറുദു അധ്യാപക പട്ടികയില്‍ ഇത്തരം പേരുകള്‍ കണ്ട് തിരുവനന്തപുരത്തെ സംസ്ഥാന വിദ്യാഭ്യാസ ഓഫിസിലെ ജീവനക്കാര്‍ ആശങ്കയിലായ ഒരു കാലമുണ്ടായിരുന്നു, അരനൂറ്റാണ്ടു മുന്‍പ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഉറുദു അധ്യാപകരുടെ പേരുകളായിരുന്നു പതിവുകള്‍ തെറ്റിച്ച് ഈ ശങ്കയ്ക്കു വഴിവച്ചത്.


മലബാറില്‍ അമുസ്‌ലിംകളെ ഉറുദു അധ്യാപക മേഖലയിലേക്കു കൈപ്പിടിച്ചുയര്‍ത്തുകയും അറബി ഭാഷയുടെ ആദ്യകാല പ്രചാരണത്തിനു നേതൃത്വം നല്‍കുകയും യൂനാനി ചികിത്സയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത ഒരു മനുഷ്യനുണ്ട് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരില്‍. കെ.ടി.സി ബീരാനെന്നാണ് പേര്. അറബി, ഉറുദു ഭാഷകളുടെയും യൂനാനി ചികിത്സയുടെയും 'മലബാര്‍ അംബാസഡറാ'യിരുന്നു കെ.ടി.സി എന്നു തന്നെ വേണമെങ്കില്‍ പറയാം. മതത്തിന്റെയും ജാതിയുടെയും മേല്‍വിലാസമില്ലാത്ത ഭാഷയുടെ ലോകത്തേക്ക് അദ്ദേഹം വഴിനടത്തിയവര്‍ ഒരുപിടിയാണ്.


ഒരുപാടുപേര്‍ അദ്ദേഹത്തിന്റെ കൈത്താങ്ങില്‍ അധ്യാപകലോകത്തേക്ക് നടന്നുകയറി. അറബിയും ഉറുദുവും അമുസ്‌ലിംകള്‍ക്കും വഴങ്ങുന്ന ഭാഷയാണെന്നു സമൂഹം തിരിച്ചറിഞ്ഞു. അരവയറെങ്കിലും നിറയാന്‍ കൂലിപ്പണിക്കു പോയിരുന്ന കുറേ മനുഷ്യര്‍ അങ്ങനെ അക്ഷരങ്ങളുടെ വെളിച്ചം കണ്ടു.
അറബി മുന്‍ഷിയായി

 

തുടക്കം


കേരളപ്പിറവിയോടെയാണ് മലബാറില്‍ അറബി മുന്‍ഷി പരീക്ഷ ആരംഭിച്ചത്. ആദ്യ ബാച്ചില്‍ പരീക്ഷയെഴുതിയ കെ.ടി.സി വിജയിച്ചു. എസ്.എസ്.എല്‍.സി യോഗ്യത ഉള്ളതിനാല്‍ ഉടന്‍ അറബി അധ്യാപകനായി ജോലിയും കിട്ടി. അങ്ങനെ ജീവിതം കരപറ്റി വരുമ്പോഴാണ് മനസില്‍ ഒരു ആശയം മുളപൊട്ടിയത്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ കഷ്ടപ്പെടുന്ന നിരവധി പേരുണ്ട് നാട്ടിലും പരിസരങ്ങളിലുമായി. അവരെ പരീക്ഷ എഴുതിച്ചു ജോലിയില്‍ കയറ്റിയാലോ എന്നായിരുന്നു ആലോചന. സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ അവരും കുടുംബവും രക്ഷപ്പെടും. അതോടൊപ്പം ഭാഷ പ്രചരിക്കുകയും ചെയ്യും.


പിന്നെ ഒന്നും നോക്കിയില്ല. ആ വലിയൊരു സാമൂഹികദൗത്യം സ്വയം വെല്ലുവിളിയായി ഏറ്റെടുത്ത് ബീരാന്‍ ജനങ്ങള്‍ക്കിടയിലിറങ്ങി. എന്നാല്‍ ഇതിനിടയില്‍ ഒരു പ്രശ്‌നം തലപൊക്കി. മുന്‍ഷി പരീക്ഷയെഴുതാന്‍ ഏഴാം ക്ലാസ് വിജയിക്കണമെന്ന നിബന്ധനയുണ്ട്. ഇതു പലര്‍ക്കും പ്രതികൂലമായി. ഒട്ടും സ്‌കൂളില്‍ പോകാത്തവരും നാലാം ക്ലാസെത്തും മുന്‍പേ പഠനം മതിയാക്കി വേറെ വഴികളിലേക്ക് തിരിഞ്ഞവരുമായിരുന്നു അക്കാലത്ത് ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങളില്‍ ഏറെപേരും. ഇവരെ പരീക്ഷക്കിരുത്താന്‍ എന്താണു പോംവഴിയെന്നായി പിന്നീട് അന്വേഷണം. മുന്‍ഷിയായി സര്‍വിസില്‍ കയറിയ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും സംസാരിച്ചു. യൂനിയന്‍ രൂപീകരണമെന്ന ഉപായമാണ് ആ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്. യൂനിയനെ അത്ര പെട്ടെന്ന് ആര്‍ക്കും അവഗണിക്കാനാകില്ലല്ലോ...


അങ്ങനെ മുന്‍ഷീസ് യൂനിയന്‍ രൂപീകരിച്ചു. മുഖ്യമന്ത്രി ഇ.എം.എസിനെ നേരില്‍കണ്ടു പ്രശ്‌നപരിഹാരത്തിനുള്ള വഴി ചൂണ്ടിക്കാട്ടി നിവേദനം നല്‍കി. 'പാവം മുന്‍ഷിമാര്‍' എന്ന തലക്കെട്ടില്‍ യശശ്ശരീരനായ സി.എച്ച് മുഹമ്മദ് കോയ 'ചന്ദ്രിക'യില്‍ എഡിറ്റോറിയല്‍ എഴുതി. ആ പരിശ്രമങ്ങള്‍ ഫലംകണ്ടു. ഏഴാം ക്ലാസ് പ്രൈവറ്റായി എഴുതാന്‍ നടപടിയായി. അങ്ങനെ നിരവധി പേര്‍ അറബി അധ്യാപകരായി ജോലിയില്‍ കയറി.

 

 

ഉറുദു പ്രചാരണം


കാസര്‍കോട് ആലിയാ കോളജിലെ വിദ്യാഭ്യാസമാണ് ബീരാന് ഉറുദു പഠിക്കാന്‍ അവസരമൊരുക്കിയത്. പിന്നീട് അറബി അധ്യാപകനായെങ്കിലും ഉറുദുവിനോടായിരുന്നു കൂടുതല്‍ താല്‍പര്യം. ആ ഇഷ്ടം പിന്നീട് മലബാറിലെ ഉറുദു ഭാഷാ പ്രചാരണത്തിലേക്കും നയിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി പലയിടത്തും അദ്ദേഹത്തിന്റെ ശ്രമത്തില്‍ ഉറുദു കോളജുകള്‍ ആരംഭിച്ചു. ജാതിമത ഭേദമന്യേ ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം ഉറുദുവിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പെട്ടെന്ന് സര്‍ക്കാര്‍ ജോലി തരപ്പെടുമെന്നത് ഭാഷാപഠനത്തിനു ജനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകമായി.


ഭാഷാ പഠനസഹായിയായി 'ഉറുദു റീഡര്‍' എന്ന പേരില്‍ ഒരു പുസ്തകവും കെ.ടി.സി ബീരാന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ ആദ്യമായി ഒരു ഉറുദു ആഴ്ചപ്പതിപ്പിനും അദ്ദേഹം തുടക്കം കുറിച്ചു. 'മലബാരി ആവാസ് ' എന്നായിരുന്നു ആഴ്ചപ്പതിപ്പിന്റെ പേര്. ഇതിനിടയില്‍ കൈയെഴുത്തുകല പ്രചരിപ്പിക്കാന്‍ ഉറുദു കാലിഗ്രഫി സെന്റര്‍ എന്ന പേരില്‍ ഒരു കേന്ദ്രവും സ്ഥാപിക്കുകയുണ്ടായി.

 

 

മലബാറില്‍ യൂനാനിയെത്തുന്നു


കോഴിക്കോട്ട് സ്‌കൂള്‍ അധ്യാപകനായിരിക്കെ വൈകുന്നേരങ്ങളില്‍ നഗരത്തിലൂടെയുള്ള ഉലാത്തല്‍ പതിവായിരുന്നു. ഒരു ദിവസം മിഠായിതെരുവിലൂടെ നടന്നുപോകുമ്പോള്‍ ഒരാള്‍ക്കൂട്ടം ശ്രദ്ധയില്‍പെട്ടു. വഴിയോര മരുന്നു വില്‍പനയായിരുന്നു അവിടെ. കച്ചവടക്കാരന്‍ ഉറുദുവിലും ഹിന്ദിയിലുമൊക്കെയാണു സംസാരിക്കുന്നത്. യൂനാനി മരുന്നിനെപ്പറ്റിയാണു സംസാരം. അവിടെ കൂടിനിന്നവരെല്ലാം അതീവ താല്‍പര്യത്തോടെയാണ് അദ്ദേഹത്തെ കേള്‍ക്കുന്നത്. പക്ഷേ മരുന്നു വില്‍പനക്കാരനു മലയാളമോ അവിടെ കൂടിയവര്‍ക്ക് ഉറുദുവോ വശമുണ്ടായിരുന്നില്ല.


ഒരു അവസരം മുന്നില്‍ വന്നുവീഴുകയായിരുന്നു. പരിഭാഷാദൗത്യം കെ.ടി.സി ഏറ്റെടുത്തു. കച്ചവടം കുശാലായി. ഉത്തരേന്ത്യയില്‍ നിന്നെത്തിയ ഹക്കീം മുക്കാജി എന്ന യൂനാനി ഡോക്ടറായിരുന്നു ആ മരുന്നു വില്‍പനക്കാരന്‍. കെ.ടി.സിയെ അദ്ദേഹത്തിനു നന്നായി ബോധിച്ചു. ഉറുദു ഗ്രന്ഥങ്ങളില്‍നിന്നു മനസിലാക്കിയ യൂനാനി ചികിത്സയില്‍ തല്‍പരനായ കെ.ടി.സിക്കും ഈ ബന്ധം അനുഗ്രഹമായി.


ഹക്കീം മുക്കാജിയും കെ.ടി.സിയും സുഹൃത്തുക്കളായി. യൂനാനി ഡോക്ടറെ ചേന്ദമംഗല്ലൂരില്‍ കൊണ്ടുവന്നു സ്വന്തം വീട്ടില്‍ താമസസൗകര്യമൊരുക്കിക്കൊടുത്തു. ചേന്ദമംഗല്ലൂരില്‍ മുക്കാജിയുടെ നേതൃത്വത്തില്‍ തന്നെ യൂനാനി ചികിത്സാകേന്ദ്രം ആരംഭിച്ചു. യൂനാനി ചികിത്സ നാട്ടുകാര്‍ ആദ്യമായി അടുത്തറിയുകയായിരുന്നു. പതിയെ യൂനാനി നാടിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. സമീപ പ്രദേശമായ കൊടിയത്തൂരിലും യൂനാനി ചികിത്സാകേന്ദ്രം തുടങ്ങി. ഇതോടൊപ്പം കെ.ടി.സിക്കും മക്കള്‍ക്കും നാട്ടുകാര്‍ക്കിടയില്‍നിന്നു പുതിയൊരു വിളിപ്പേര് ഉയര്‍ന്നുവന്നു; കാനാ കൂന. തിന്നുക, കുടിക്കുക എന്ന് അര്‍ഥമുള്ള ഉറുദുവിലെ കാനാ, പീനാ നാട്ടിലെ സാധാരണക്കാര്‍ക്ക് കാന കൂനയായിരുന്നു. തീനും കുടിയുമാകുമല്ലോ ആളുകള്‍ ഏതു ഭാഷയിലും ആദ്യം ചോദിക്കുകയും അറിയുകയും ഓര്‍ക്കുകയുമെല്ലാം ചെയ്യുക. അതുകഴിഞ്ഞിട്ടല്ലേ എല്ലാം.
കുറച്ചുകാലം കഴിഞ്ഞ് മുക്കാജി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി. പക്ഷേ കെ.ടി.സി യൂനാനി പ്രചാരണം അവസാനിപ്പിച്ചില്ല. അതിനിടക്ക് കുടുംബസമേതം കോഴിക്കോട് കുറ്റിച്ചിറയിലേക്ക് താമസംമാറി. അലഹബാദില്‍നിന്ന് പ്രസിദ്ധനായ ഒരു യൂനാനി ഡോക്ടറെ നാട്ടിലെത്തിച്ചു. അഫ്‌സല്‍ അഹമ്മദ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. താമസ സ്ഥലത്ത് പുതിയൊരു യൂനാനി കേന്ദ്രം ആരംഭിച്ചു. മരുന്ന് കൊടുക്കാനും മറ്റുമായി സഹോദരന്മായ അബ്ദുസ്സമദ്, റഹീം, റഷീദ് എന്നിവരും കൂടെ നിന്നു.

പലയിടങ്ങളില്‍ ഉറുദു അധ്യാപകരായും സേവനമനുഷ്ഠിച്ചവരായിരുന്നു ഇവര്‍. അതിനിടക്ക് യൂനാനി ചികിത്സാ പഠനത്തിനായി ഒരു വിദൂര കോഴ്‌സിനും കെ.ടി.സി തുടക്കമിട്ടു-'യൂനാനി ചികിത്സ തപാലിലൂടെ'. മലബാറില്‍ യൂനാനിയുടെ പ്രചാരണത്തിന് ആക്കം കൂടി.


കേരളത്തിലെ ആദ്യ യൂനാനി ബിരുദധാരിയും നിലവില്‍ കേരള യൂനാനി സയന്‍സ് അക്കാദമി ചെയര്‍മാനുമായ മകന്‍ ഡോ. അജ്മല്‍ തന്നെയാണ് യൂനാനി പ്രചാരണരംഗത്ത് കെ.ടി.സിയുടെ ഏറ്റവും വലിയ സംഭാവന. ഇന്ത്യയിലെ എക്കാലത്തെയും പ്രസിദ്ധനായ യൂനാനി ഡോക്ടര്‍ ഹകീം അജ്മല്‍ ഖാന്റെ പേരു തന്നെ തന്റെ അഞ്ചാമത്തെ പുത്രന് അദ്ദേഹം നല്‍കിയത് വെറുതെയായിരുന്നില്ല. പില്‍ക്കാലത്ത് രാജ്യത്ത് പേരുകേട്ട യൂനാനി ഡോക്ടറായി പിതാവിന്റെ സ്വപ്നത്തിന് അജ്മല്‍ സാക്ഷാല്‍ക്കാരം നല്‍കി. കാലിക്കറ്റ് യൂനാനി ഹോസ്പിറ്റല്‍ ഡയരക്ടറും കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റും കൂടിയാണ് ഡോ. അജ്മല്‍.

 

 


1930ല്‍ കൊടിയത്തൂരില്‍നിന്ന് ചേന്ദമംഗല്ലൂരില്‍ വന്ന് താമസമാക്കിയ മലബാറിലെ പ്രശസ്ത കുടുംബങ്ങളിലൊന്നായ 'കീരന്‍തൊടിക' അംഗമാണ് കെ.ടി.സി ബീരാന്‍. ശക്തനായ ഭാഷാസ്‌നേഹിയും അതിലുപരി വലിയൊരു മനുഷ്യസ്‌നേഹിയുമായ ആ മനുഷ്യന്‍ ഇന്ന് തൊണ്ണൂറിനോടടുത്തെത്തി നില്‍ക്കുകയാണ്. ചരിത്രപുസ്തകങ്ങളും ഗവേഷകരുമെല്ലാം മറന്നെങ്കിലും മലബാറിലെ അറബി, ഉറുദു, യൂനാനി പ്രചാരണത്തിലും അതുവഴി ഒരു സമൂഹത്തിന്റെ ഉദ്ധാരണത്തിലും ശ്രദ്ധേയമായ പങ്കുവഹിക്കാനായതിന്റെ ആത്മസായൂജ്യത്തിലാണ് അദ്ദേഹം ഇന്നുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago