മത്സ്യത്തൊഴിലാളി യൂനിയന്‍ പ്രക്ഷോഭത്തിലേക്ക്
പൊന്നാനി: മത്സ്യമേഖലയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍(സി.ഐ.ടി.യു) പ്രക്ഷോഭത്തിലേക്ക്.
ഇതിന്റെ ഭാഗമായി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് മേഖല ജാഥകള്‍ സംഘടിപ്പിക്കുന്നു. മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ പര്യടനം നടത്തുന്ന ഉത്തരമേഖല ജാഥക്ക് ഡിസംബര്‍ നാളെ പൊന്നാനിയില്‍ നിന്ന് തുടക്കമാവും. അഡ്വ.എഫ് നഹാസ് ജാഥാ ക്യാപ്റ്റനും സി.പി കുഞ്ഞിരാമന്‍ മാനേജറും പി.ഐ ഹാരിസ്, ടി.പി അംബിക, അഡ്വ.യു സൈനുദ്ധീന്‍ എന്നിവര്‍ അംഗങ്ങായ ജാഥ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്യും. കടലാക്രമണത്തെ പ്രകൃതിദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുക, മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ അനുവദിക്കുക, ഡീസലിന് സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്.
കേരളത്തിലെ തീരദേശ ജില്ലകളില്‍ തീരദേശ അവകാശ സംരക്ഷണ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജാഥ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ മൂന്നിന് 2.30 ന് കൂട്ടായിയില്‍ ആരംഭിച്ച് ഉണ്യാല്‍, താനൂര്‍, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പരപ്പനങ്ങാടിയില്‍ സമാപിക്കും. ഫെബ്രുവരിയില്‍ ആയിരത്തോളം മത്സ്യത്തൊഴിലാളികള്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."