മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് കുതിരക്കച്ചവടത്തിന് അധികസമയം നല്‍കുമ്പോള്‍
ദേശീയ രാഷ്ട്രീയത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ട് മഹാരാഷ്ട്രയിലെ ഫഡ്‌നാവിസ് മന്ത്രിസഭയ്ക്കു 24 മണിക്കൂറിന്റെ ആനുകൂല്യം നല്‍കിയിരിക്കുകയാണ് സുപ്രിംകോടതി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം അധികാരത്തില്‍ വരേണ്ട സാധ്യതയെ ഒറ്റരാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും ഇല്ലാതാക്കിയത് എന്‍.സി.പിയുടെ നിയമസഭാ കക്ഷി നേതാവായ അജിത് പവാറായിരുന്നു. പാതിരാത്രിയില്‍ നടന്ന അന്തര്‍നാടകങ്ങളുടെ തിരക്കഥ ശരത് പവാര്‍ അറിയാതെ പോയതാണോ, അതോ അറിയാത്ത ഭാവം നടിച്ചതാണോ എന്ന സംശയം കോണ്‍ഗ്രസ് ക്യാംപിനെയും ശിവസേനയെയും അലട്ടിയിരുന്നു.
എന്നാല്‍ ആകെയുള്ള 54 എന്‍.സി.പി എം.എല്‍.എമാരില്‍ നാലുപേര്‍ മാത്രമാണ് അജിത് പവാറിനൊപ്പമുള്ളതെന്ന തിരിച്ചറിവില്‍ ഇന്നലെ തന്നെ കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇന്നലെ ഒഴിവുദിനമായിട്ടും കോടതി അടിയന്തര പ്രാധാന്യത്തോടെ കേസ് പരിഗണിച്ചപ്പോള്‍, ഇന്നലെ തന്നെയോ അല്ലെങ്കില്‍ ഇന്നോ സഭയില്‍ വിശ്വാസവോട്ട് തേടാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ കേസ് ഇന്നു 10.30നു വീണ്ടും കേള്‍ക്കുന്നതിനാണു സുപ്രിംകോടതി തീരുമാനിച്ചിരിക്കുന്നത്.
തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ കത്തും ഒപ്പുമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി അനുമതി നല്‍കിയതും കേന്ദ്ര മന്ത്രിസഭയുടെ തീരുമാനമില്ലാതെ പ്രധാനമന്ത്രി തനിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കിയതും ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷം സുപ്രിം കോടതിയെ സമീപിച്ചത്. എന്നാല്‍ ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടുന്നില്ലെന്ന് വിചാരണവേളയില്‍ അഭിപ്രായപ്പെട്ട കോടതി ദേവേന്ദ്ര ഫഡ്‌നാവിസിനോട് വിശ്വാസവോട്ട് തേടാനും ആവശ്യപ്പെട്ടില്ല. കക്ഷികളുടെ പിന്തുണ അറിയിക്കുന്ന കത്തുകളുടെ യാഥാര്‍ഥ്യം അറിയാന്‍ കേസ് ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്.
ഗവര്‍ണര്‍ക്ക് ഫഡ്‌നാവിസ് നല്‍കിയ കത്ത് ഹാജരാക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചതിലൂടെ വിശ്വാസവോട്ട് തേടാനുള്ള സമയം പിന്നെയും നീട്ടിക്കിട്ടുന്ന ബി.ജെ.പിക്ക് രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ പുതിയ സാധ്യതകള്‍ തേടാനാണ് അവസരം കൈവന്നിരിക്കുന്നത്. ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകളെയൊക്കെയും തങ്ങളുടെ കൈവശമുള്ള ആദായനികുതി വകുപ്പിനെയും സി.ബി.ഐയെയും ഉപയോഗിച്ചും പുറമെ കോടികള്‍ ചൊരിഞ്ഞും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഗോവയിലും അരുണാചല്‍ പ്രദേശിലും കര്‍ണാടകത്തിലുമെല്ലാം കാണിച്ചുകൊടുത്തവരാണ് അമിത് ഷാ നയിക്കുന്ന ബി.ജെ.പി നേതൃത്വം. ഇവിടങ്ങളിലൊന്നും ബി.ജെ.പി എന്ന രാഷ്ട്രീയപാര്‍ട്ടി പ്രബലമല്ല. എന്നിട്ടും ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് ഗവര്‍ണര്‍മാര്‍ ബി.ജെ.പി ഭരണകൂടങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ടെങ്കില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ വലിയ പ്രയാസമൊന്നുമുണ്ടാകില്ല, വീണ്ടുമൊരു ഭരണകൂടം സ്ഥാപിക്കാന്‍.
ഒരൊറ്റ രാത്രികൊണ്ട് ഉദ്ധവ് താക്കറെ അധികാരമേല്‍ക്കുന്ന പ്രഭാതത്തെ അട്ടിമറിക്കാന്‍ ഈ വിഷയത്തില്‍ ബി.ജെ.പി നേതൃത്വത്തിനു കഴിഞ്ഞെങ്കില്‍, ഇനി ലഭിക്കുന്ന സമയംകൊണ്ട് കോടികളും ആദായനികുതി കേസുകളില്‍ നിന്നുള്ള വിടുതലുകളും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കി എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് എം.എല്‍.എമാരെ വശത്താക്കാന്‍ അമിത് ഷാക്ക് എളുപ്പത്തില്‍ കഴിഞ്ഞേക്കാം. ഇന്നലെ കേസിന്റെ വിചാരണ നടക്കുമ്പോള്‍ തന്നെ ബി.ജെ.പിക്ക് ബോധ്യപ്പെട്ടിരുന്നു, അജിത് പവാറിനൊപ്പം അധികം എം.എല്‍.എമാര്‍ ഇല്ല എന്നത്. ഇതു തിരിച്ചറിഞ്ഞതോടെയാണ് അനുനയ നീക്കവുമായി ബി.ജെ.പി എം.പി സഞ്ജയ് കാക്കഡെയെ ശരത് പവാറിനടുത്തേക്ക് അയച്ചത്. പകുതിയിലധികം മന്ത്രിസ്ഥാനങ്ങള്‍ എന്‍.സി.പിക്കു വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കൂടിക്കാഴ്ച.
ശരത് പവാറിന്റെ ഭൂതകാല രാഷ്ട്രീയം കുതികാല്‍വെട്ടലിന്റെയും കാലുമാറ്റത്തിന്റെയും ചരിത്രമുള്‍ക്കൊള്ളുന്നതാണ്. 25,000 കോടി രൂപയുടെ മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസ് ശരത് പവാറിന്റെ ശിരസിനു മുകളിലുണ്ട്. അങ്ങനെയൊരു ഭീഷണിയിലൂടെയാണല്ലോ സഹോദരപുത്രനായ അജിത് പവാറിനെ ബി.ജെ.പി വരുതിയിലാക്കിയത്.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന ഖ്യാതിയുള്ള മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഭരണം എന്ത് അഴിമതിവില കൊടുത്തും കരസ്ഥമാക്കുക എന്നത് ബി.ജെ.പിയുടെ ലക്ഷ്യമാണ്. പറഞ്ഞുവരുന്നത്, സാക്ഷാല്‍ ശരത് പവാര്‍ തന്നെ ബി.ജെ.പിക്കൊപ്പം ചേര്‍ന്നാല്‍ ജനാധിപത്യ വിശ്വാസത്തെ ഇപ്പോഴും മുറുകെപ്പിടിക്കുന്നവര്‍ ഞെട്ടിത്തെറിക്കേണ്ടെന്നു ചുരുക്കം. അതായിരിക്കുന്നു നമ്മുടെ മഹത്തായ ജനാധിപത്യ ഭരണസമ്പ്രദായത്തിന്റെ ഇന്നത്തെ ദാരുണമായ അവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."