യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്കു കഠിന തടവും പിഴയും
തൃശൂര്‍: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വഴിയോരത്ത് സംസാരിച്ചു നിന്നിരുന്ന യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയടക്കാനും പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവിനും ശിക്ഷിച്ചു.
തൃശൂര്‍ ചിറ്റണ്ട പടിഞ്ഞാറ്റുമുറി കാക്കോത്ത് വീട്ടില്‍ മനോജ് (42)നെയാണ് തൃശൂര്‍ രണ്ടാം അഡീഷനല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് സി. മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്. 2013 ആഗസ്റ്റ് നാലിനു വൈകിട്ട് ആറിനാണു കേസിനാസ്പദമായ സംഭവം. തൃശൂര്‍ പടിഞ്ഞാറ്റുമുറിയില്‍ അരി പൊടിക്കുന്ന മില്ലിനു മുന്‍വശം സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന മങ്ങാട് ചാത്തക്കുളം പാണങ്ങാട്ട് വീട്ടില്‍ വിമോദി (33) നെയാണു പ്രതി മനോജ് വടിവാളു കൊണ്ടു ഗുരുതരമായി വെട്ടി പരുക്കേല്‍പിച്ചത്. സംഭവത്തില്‍ പരുക്കേറ്റ വിമോദ് വിദേശത്തു ജോലി ചെയ്തു വരികയായിരുന്നു.
നാട്ടില്‍ ലീവിനെത്തിയ സമയത്തു പ്രതിക്കു രണ്ടര വര്‍ഷം മുന്‍പുണ്ടായ മുന്‍വിരോധത്താല്‍ യുവാവിനെ വാളുകൊണ്ടു വെട്ടുകയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കുപറ്റിയ വിമോദിനെ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിമോദിന്റെ അച്ഛന്‍ ചന്ദ്രനുമായി പ്രതി മനോജ് രണ്ടര വര്‍ഷം മുന്‍പ് വഴക്കിട്ടിട്ടുണ്ടായിരുന്നു. തുടര്‍ന്നു പ്രതി ഒരു തവണ വിമോദിനെ ആക്രമിക്കുന്നതിനു ശ്രമിക്കുകയുണ്ടായിട്ടുള്ളതാണ്.
തുടര്‍ന്നു പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. വടക്കാഞ്ചേരി പൊലിസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന സി.വി സിദ്ദാര്‍ഥന്‍ ആണു കേസന്വേഷണം നടത്തി കുറ്റപ്പത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."