വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ സജീവം
കുറ്റ്യാടി: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. കഴിഞ്ഞ ദിവസം വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ നരിപ്പറ്റ സ്വദേശിയായ ഒരാളെ കുറ്റ്യാടി സി.ഐ സജീവനും സംഘവും പിടികൂടിയിരുന്നു.
3200 പാക്കറ്റ് പുകയില ഉല്‍പനങ്ങളും ഇയാളില്‍നിന്ന് പിടികൂടിയിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് പുറമെ നാദാപുരം, കല്ലാച്ചി, കക്കട്ട്, മൊകേരി, കുറ്റ്യാടി, തൊട്ടില്‍പാലം തുടങ്ങിയ ടൗണുകള്‍ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങള്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ടൗണുകളില്‍ വില്‍പന നടക്കുന്നത്. ഹാന്‍സ്, കരിന്തേള്‍, പാന്‍പരാഗ് തുടങ്ങിയ പലപേരുകളില്‍ അറിയപ്പെടുന്ന ഇത്തരം ലഹരി ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
കോയമ്പത്തൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍നിന്ന് രഹസ്യമായി എത്തിക്കുന്ന ഇവ ഇടനിലക്കാര്‍ വഴിയാണ് പല കേന്ദ്രങ്ങളിലും വിതരണം ചെയ്യുന്നത്.
ഒരിക്കല്‍ പൊലിസ് പിടികൂടിയാല്‍ 2000 രൂപവരെ പിഴ ഈടാക്കി പ്രതികളെ വിട്ടയക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുമെന്നതൊഴിച്ചാല്‍ മറ്റ് കാര്യമായ ശിക്ഷയൊന്നുമുണ്ടാവില്ല. ഈ പഴുത് ഉപയോഗിച്ച് വീണ്ടും ഇതേ പ്രവര്‍ത്തനം തുടരാനും പിടിക്കപ്പെട്ട ആളുകള്‍ തയാറാവുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."